പൊള്ളിയടർന്ന
കുമ്മായ ഭിത്തികളിൽ
കരികൊണ്ടെഴുതിയ വരകളുടെ
മനുഷ്യരൂപം,
പൊരുത്തക്കേടിന്റെ മുടന്തും പേറി
വേച്ച് പോയ കാലടികളിൽ
ഇടറി വീഴുന്നു .
തേകി ഒരുക്കാനിറങ്ങിയ
പായൽ പേറും ഭൂതകാലത്തിന്റെ
അത്യഗാധമാം അടിത്തട്ടിൽ
ചേറും ചെളിയും നിറഞ്ഞ
അസ്ഥിപഞ്ജരങ്ങൾ.
തെളിമ തേടാൻ വെമ്പും
വേരുകൾ
വകഞ്ഞുമാറ്റത്തിൽ വഴിയറിയാതുഴറി
വിലാപഗീതികളായ് പരിണമിക്കെ,
ഉയിർപ്പിന്റെ നാമ്പുകളിൽ
വല്മീകങ്ങൾ പൂണ്ടു.
എങ്കിലും,
നടകൊള്ളുന്നേതോ നിഗൂഢമാം
വിപിനത്തിലൂടെയും
പുഴയരികിലൂടെയും
ഏറെ കൊതിപ്പിക്കും
ഗ്രാമനൈർമ്മല്യത്തിൽ,
ഏറെ ഭ്രമിപ്പിക്കും
നാഗരാന്തരങ്ങളിലും
കാലമാം ക്യാൻവാസിലൂറും
അനേകനായ്
ഒരുവേള ഒളിമങ്ങി
പിന്നെ തിളങ്ങിയും.