അനിശ്ചിതത്വം

എപ്പോഴാണ് ഞാൻ ഈ വീട്ടിൽ വന്നു കയറിയത്? അറിയില്ല. എത്ര നേരമായി ഇരുട്ട് നിറഞ്ഞ ഈ മുറിയിൽ, ഈ കട്ടിലിൽ ഞാൻ ഇരിക്കുന്നതെന്നും എനിക്ക് അറിയില്ല. അവൾ ഈ മുറിയിൽ നിന്ന് പോയിട്ട് ഇപ്പൊ എത്ര നേരം പിന്നിട്ടിട്ടുണ്ടാവും എന്നും എനിക്ക് അറിയില്ല.

എവിടെ പോയാലും കയ്യിൽ ഉണ്ടാവാറുള്ള വാച്ചും ഫോണും എൻ്റെ കയ്യിൽ ഇന്നില്ല. എൻ്റെ പേഴ്‌സ്സ് പോലും കൈവശം ഇല്ല. “ഇട്ടിരിക്കുന്ന വസ്ത്രം അല്ലാതെ മറ്റൊന്നും നീ കൊണ്ടുവരരുത്, മറ്റൊന്നും എന്ന് വെച്ചാൽ മറ്റൊന്നും, യാത്രയിൽ എന്തെങ്കിലും ഒപ്പം കരുതിയിട്ടുണ്ട് എങ്കിൽ അതൊക്കെ ഉപേക്ഷിച്ച ശേഷമേ വരാവൂ, നിൻ്റെ വാച്ച് അടക്കം, അതൊന്നും നിനക്ക് ഇവിടെ ഉപകാരപ്പെടില്ല”.അങ്ങനെ അവൾ ആവശ്യപ്പെട്ടത് പ്രകാരം കയ്യിൽ ഒന്നും തന്നെ കരുതാതെയാണ് ഞാൻ മല കയറാൻ തുടങ്ങിയത്. എല്ലാം അവളുടെ വാക്കുകൾ മനസ്സിൽ വരച്ചത് പോലെ തന്നെ കൃത്യം. വണ്ടി ഇറങ്ങി പ്രതിഷ്ഠയുടെ പിന്നിൽ നിന്നും മരങ്ങൾക്ക് ഇടയിലൂടെ ഉള്ള ചെറിയ വഴിയിലൂടെ മുകളിലേക്ക് നടന്ന് തുടങ്ങി. ഏറെ ദൂരം ആ വഴിയിലൂടെ നടന്നു. അവൾ പറഞ്ഞത് പ്രകാരം അതേ വഴി പിടിച്ചു മലയിറങ്ങി ഒരു ചെറിയ അരുവി കടന്നു, വീണ്ടും ഒരു കുന്ന് കയറി. അൽപദൂര ശേഷം വഴിയുടെ ഒത്ത മധ്യത്തിൽ ഒരു കൂറ്റൻ ചന്ദന മരം. അവൾ പറഞ്ഞത് പ്രകാരം ഞാൻ മരത്തിനു മുഖാമുഖം നിന്ന് വടക്ക് കിഴക്കേ ദിശയിലേക്ക് നോക്കി. വിദൂരതയിലെങ്കിലും ആദ്യമായി അതെൻ്റെ ദൃഷ്ടിയിൽ പതിഞ്ഞു. പല പ്രാവശ്യം കേട്ടിട്ടുള്ള, അവളുടെ കത്തിലൂടെ വായിച്ചറിഞ്ഞ, പല ദിവസങ്ങളായി സ്വപ്നം കാണുന്ന ആ കെട്ടിടം. ദൂരേ തിങ്ങിനിറഞ്ഞ മരങ്ങൾക്ക് നടുവിലെന്നോണം കുന്നിന് മുകളിലായി ആ കെട്ടിടത്തിൻ്റെ ഓട് പാകിയ മേൽക്കൂര ഞാൻ ആദ്യമായി കണ്ടു. ഇവിടെ നിന്നും ഇനി മുന്നിലേക്ക് വഴി ഇല്ല, അവൾ പറഞ്ഞിരുന്നു. ആവേശത്തോടെ ഞാൻ നടക്കാൻ തുടങ്ങി. തിങ്ങി നിറഞ്ഞ മരങ്ങൾക്കിടയിലൂടെ, ഭ്രാന്തമായി പടർന്ന് പിടിച്ച ചെടികൾ വകഞ്ഞുമാറ്റി ഞാൻ മുകളിലേക്ക് നടന്നു.

എനിക്ക് ചുറ്റുമുള്ള വെളിച്ചത്തിൻ്റെ നിറം മങ്ങി തുടങ്ങിയപ്പോൾ മാത്രമാണ് ഞാൻ എൻ്റെ നടപ്പിൻ്റെ ദൈർഘ്യത്തെ കുറിച്ചു ഓർത്തത്. ഫോൺ ഉപേക്ഷിക്കും മുമ്പേ ഞാൻ സമയം ശ്രദ്ധിച്ചിരുന്നു, രണ്ട് മണി. ഇപ്പോൾ സമയം ആറു കഴിഞ്ഞിരിക്കും ഉറപ്പാണ്. നീല നിറം വല്ലാതെ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു.

ഇപ്പോൾ എനിക്ക് ആ വീട് മുഴുവനായി കാണാം. അവിശ്വസനീയമാം വിധം വലിപ്പം തോന്നിക്കുന്ന പുരാതന തറവാട്. അവളുടെ വാക്കുകളിൽ നിന്നും ഞാൻ ഊഹിച്ചെടുത്തതിലും ഒരുപാട് വലുത്.

വീടിൻ്റെ ഉമ്മറത്ത് എത്തിച്ചേർന്നപ്പോൾ ഞാൻ വല്ലാതെ അണയ്ക്കുന്നുണ്ടായിരുന്നു. ഞാൻ വാതിലിൽ മുട്ടി. ആ നിമിഷം എന്തെന്നില്ലാത്ത ഒരു ഭയം എന്നെ വന്നു മൂടുന്നത് ഞാൻ തിരിച്ചറിഞ്ഞു. സന്ധ്യ കുറേകൂടി കറുത്തു. അതിശക്തമായ കാറ്റും വീശുന്നുണ്ട്. തറവാടിന് പിന്നിൽ നിന്നും എന്തൊക്കെയോ ജീവികളുടെ ശബ്ദവും കേൾക്കാം, തീർത്തും അപരിചിതമായ ശബ്ദങ്ങൾ. ഭീതി അടക്കി ഞാൻ ഒന്നു കൂടി വാതിലിൽ മുട്ടാൻ തുനിഞ്ഞപ്പോഴേക്കും പെട്ടന്ന് തന്നെ ആ വാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു.

“വരൂ..” അവൾ പറഞ്ഞു. ഞാൻ ചെരുപ്പ് പുറത്ത് അഴിച്ചിട്ട് അകത്തേക്ക് കയറി.

പുറത്തെ നീല വെളിച്ചം ഇരുട്ട് നിറഞ്ഞ സ്വീകരണ മുറിയിലേക്ക് ഊർന്നിറങ്ങാൻ എന്നോണം അവൾ വാതിൽ പാതി തുറന്നിട്ടിരുന്നു. ” ഇവിടം കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയോ?”, അവൾ തിരക്കി. “ഇല്ല. നിങ്ങൾ പറഞ്ഞത് എല്ലാം കൃത്യം.” അവൾ ഒരു മണ്ണെണ്ണ വിളക്കിന് തീ കൊളുത്തി എൻ്റെ മുന്നിലെ മേശയിൽ വെച്ച ശേഷം എനിക്ക് എതിരായി ഇട്ടിരുന്ന ചാരുകസേരയിലേക്ക് മെല്ലെ ചാഞ്ഞിരുന്നു. പുറത്തെ കാറ്റ് വീടിനുള്ളിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു. മേശപ്പുറത്ത് എരിഞ്ഞിരുന്ന സിഗരറ്റ് എടുത്ത് അവൾ പുക ഊതി വിടാൻ തുടങ്ങി.

വിളക്കിൻ്റെ വെളിച്ചത്തിൽ എനിക്ക് ഇപ്പോ അവളെ വ്യക്തമായി കാണാം. ആദ്യമായാണ് ഞാൻ അവളെ കാണുന്നതെങ്കിലും വല്ലാത്ത ഒരുതരം അടുപ്പം അവളോട് എനിക്ക് തോന്നി. ‘എൻ്റെ രക്ഷക’, ഞാൻ മനസ്സിൽ പറഞ്ഞു. അപ്പോഴൊന്നും തന്നെ അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, തുറന്നിട്ട വാതിലിലൂടെ പുറത്തെ കാടിൻ്റെ വന്യതയിലേക്ക് നോക്കി അവൾ ഇരുന്നു. പക്ഷേ അപ്പോഴൊക്കെയും ഞാൻ അവളിൽ തന്നെ ശ്രദ്ധ ഉറപ്പിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും അവളുടെ പ്രായം ഊഹിച്ചെടുക്കുവാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നതേയില്ല, അത് എന്നെ ചെറുതല്ലാത്ത രീതിയിൽ അത്ഭുതപ്പെടുത്തി. അവളുടെ മുഖത്ത് നിറഞ്ഞിരുന്ന ശൂന്യതയിൽ കണ്ണുകൾ നട്ട് ഞാൻ ഇരുന്നു. “ഇങ്ങോട്ടേക്കു വരുന്നതിനെ കുറിച്ച് ആരോടെങ്കിലും പറഞ്ഞിരുന്നുവോ?”. അവസാന പുകയും ഊതി, സിഗരറ്റ് താഴെയിട്ട ശേഷം അവൾ എന്നോട് ചോദിച്ചു. “ഇല്ല”, ഞാൻ പറഞ്ഞു. “നല്ലത്.”
ഞാൻ മൗനമായി ഇരുന്നു. അവൾ തുടർന്നു, ” നീ തീരുമാനിച്ചു ഉറപ്പിച്ചാണോ വന്നിരിക്കുന്നത്?”. ഞാൻ ഞെട്ടലോടെ അവളെ നോക്കി. എന്നെ നോക്കി അവൾ പറഞ്ഞു ” ഒരു മടങ്ങിപ്പോക്ക് ഇല്ലാത്ത ഒന്നാണ് ഇത്, അതുകൊണ്ട് തന്നെയാണ് ഞാൻ നിന്നോട് പിന്നെയും ചോദിക്കുന്നത്, ഉറപ്പാണോ എന്ന്.”
എൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി. “ഉറപ്പാണ്. ഒരു നൂറു വട്ടം ഉറപ്പിച്ചതാണ്.” ഞാൻ പറഞ്ഞു. അവൾ മൂളി.

“വളരെ ദുഷ്കരമായ ഒരു കൃത്യം നിറവേറ്റാൻ ആണ് നീ ഇവിടെ വന്നിരിക്കുന്നത്, നിനക്കും എനിക്കും ഒരുപോലെ ദുഷ്കരമായ ഒന്ന്.” എൻ്റെ കണ്ണുകൾ വാർന്നൊലിച്ചു.

” ഇനി പറയൂ.. എന്താണ് നിനക്ക് മറക്കേണ്ടത്?” അവൾ ചോദിച്ചു. “എല്ലാം, ഇതുവരെയുള്ള ഈ ജീവിതം മുഴുവൻ.” അവളുടെ മുഖഭാവത്തിൽ ചെറുതായി ഒരു മാറ്റം സംഭവിച്ചു. “മുഴുവനായും?”. ” അതെ മുഴുവനായും”. അവളുടെ കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്നിറങ്ങി, ഞാൻ പോലും അറിയാതെ ഞാൻ സംസാരിച്ച് തുടങ്ങി. “ഇത്ര നാൾ ജീവിച്ച ജീവിതം എനിക്ക് നഷ്ടമായി, എനിക്ക് മാത്രമല്ല ഞങ്ങൾക്ക് എല്ലാവർക്കും. പക്ഷേ എന്തുകൊണ്ടോ അവരിൽ ആരിലും പഴയ ജീവിതത്തിൻ്റെ ഓർമ്മകൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്ന് ഞാൻ തിരിച്ചറിയുന്നു, മനോഹരമായ ആ പഴയ ജീവിതം ഞാൻ ഒഴികെ മറ്റെല്ലാവരും മറന്നു. എനിക്ക് മാത്രമാണ് അത് മറക്കാൻ കഴിയാത്തത്. എന്നെ മാത്രമാണ് അത് അലട്ടുന്നത്, എനിക്ക് മാത്രമാണ് ആ നഷ്ടപ്പെട്ട ജീവിതത്തിന് വേണ്ടി വീണ്ടും യുദ്ധം ചെയ്യാൻ തോന്നുന്നത്. പക്ഷേ ഞാൻ തളർന്നു കഴിഞ്ഞിരിക്കുന്നു, ഞാൻ പല ആവർത്തി പരാജയപ്പെട്ടിരിക്കുന്നു. എനിക്ക് ഇനി കഴിയില്ല. എനിക്കും അവരെപ്പോലെ ആവണം, എല്ലാം മറന്ന് ഇന്നിനോട് പൊരുത്തപ്പെടണം. ഓർമ്മകളാൽ ഞാൻ ഇനിയും വേട്ടയാടപ്പെട്ടുകൂടാ, എന്നെ രക്ഷിക്കണം”. ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

അവൾ ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു. “പഴയ ജീവിതത്തിൻ്റെ ഓർമ്മകൾ നശിച്ചാൽ, എനിക്കും അവരെ പോലെ കഴിഞ്ഞ കാലങ്ങൾ മറന്ന്, നഷ്ടപെട്ടതെന്തെന്ന് അറിവില്ലാതെ സന്തോഷത്തോടെ, സമാധനത്തോടെ ജീവിക്കാം, എന്നെ സഹായിക്കണം”. അവൾ കസേരയിലേക്ക് ചാഞ്ഞിരുന്നു. എൻ്റെ കണ്ണീർ തോരുന്നുണ്ടായിരുന്നില്ല.

അവൾ സാവധാനം പറഞ്ഞുതുടങ്ങി. ” മുഴുവൻ എന്നാൽ പരിപൂർണ്ണമായും നിന്റെ ഇന്നുവരെയുള്ള ജീവിതം നിനക്ക് നഷ്ടമാകും. നീ പുതിയൊരു മനുഷ്യൻ ആയി മാറും, നിൻ്റെ ഇന്നലെകളുടെ ഓർമ്മകൾ ഒന്നും തന്നെ നിന്നിൽ അവശേഷിക്കില്ല, ആ ഓർമ്മകൾ നിന്നിലേക്ക് ഒരിക്കലും മടങ്ങി വരികയുമില്ല. “വേണ്ട, എനിക്ക് അത് ഒന്നും തന്നെ ഇനി വേണ്ട. അവരെ പോലെ ഞാനും ജീവിച്ചുകൊള്ളാം.”

അവൾ ഒരു നിമിഷം മൗനമായി തുടർന്ന ശേഷം വീണ്ടും പറഞ്ഞു തുടങ്ങി. ” നീ കടക്കാൻ പോകുന്നത് മടക്കമില്ലാത്ത ഒരു യാത്രയിലേക്കാണ്. നഷ്ടബോധത്തിൻ്റെ നോവിൽ നിന്ന് പുറത്തുകടക്കുവാൻ നഷ്ടപ്പെട്ടവയെ ഓർമ്മയിൽ നിന്നും പിഴുതു മാറ്റുക എന്നത് ഉചിതമായ മാർഗ്ഗം തന്നെ, എന്നിരിക്കിലും നിനക്ക് നഷ്ടപ്പെട്ടത് നിൻ്റെ ജീവിതമാണ്. അപ്പോൾ നീ നിന്നിൽ നിന്നും പറിച്ചു മാറ്റേണ്ടി വരിക ഇന്നു വരെയുള്ള നിൻ്റെ ജീവിതം ആണ്, നിൻ്റെ ഓർമ്മകൾ ആണ്. ഓരോ അംശവും നിന്നിൽ നിന്ന് പിഴുതുമാറ്റപ്പെടും, ഇത്രനാൾ നീ ജീവിച്ച ജീവിതത്തിൻ്റെ അവശേഷിപ്പുകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ജീവച്ഛവം ആവും നീ. സമ്മതമാണോ?”. ഒരു നിമിഷം പോലും ആലോചിക്കാതെ ആർത്തിയോടെ ഞാൻ പറഞ്ഞു. “സമ്മതം. സമ്മതം. അവരെ പോലെ എനിക്കും ജീവച്ഛവങ്ങളിൽ ഒരാൾ ആവണം.”

എന്നിലേക്ക് ചൂഴ്ന്നിറങ്ങിയിരുന്ന തൻ്റെ കണ്ണുകൾ പിൻവലിച്ചവൾ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു. “വരൂ” അവൾ പറഞ്ഞു. എനിക്ക് മുന്നിൽ കത്തിച്ചു വെച്ചിരുന്ന മണ്ണെണ്ണ വിളക്ക് കയ്യിൽ എടുത്ത് അവൾ വീടിനുള്ളിലേക്ക് നടന്നു, അവളെ പിന്തുടർന്ന് ഞാനും. വളരെ പഴക്കം ചെന്ന ആ വീടിൻ്റെ ഉള്ളിലൂടെ ഞങ്ങൾ ഏറെ ദൂരം നടന്നു. ഒരു കോവണി കയറി, ഒരു നീളൻ വരാന്ത പിന്നിട്ട് താഴിട്ടു പൂട്ടിയിരുന്ന ഒരു മുറിക്ക് മുന്നിൽ ചെന്നവൾ നിന്നു. “ഇത് പിടിക്കൂ” അവൾ കയ്യിലിരുന്ന വിളക്ക് എനിക്ക് നീട്ടി. ഞാൻ അത് വാങ്ങി. അവൾ രണ്ട് കയ്യും ഉപയോഗിച്ച്, ബലപ്പെട്ട് വാതിൽ തുറക്കാൻ ശ്രമിച്ചു. ഏറെ സമയം എടുത്ത് ശ്രമപ്പെട്ട ശേഷമാണ് വാതിൽ ഒന്ന് അനങ്ങിയത് പോലും. അവൾ വീണ്ടും ശക്തിയായി അത് അമർത്തി തള്ളി. ഭീകരമായ ഒരു ശബ്ദത്തോടെ വാതിൽ തുറക്കപ്പെട്ടു. എന്നിൽ ഭീകരമായ ഒരുതരം ഭയം അനുഭവപ്പെട്ടു. ‘ ഈ മുറി അടുത്ത കാലത്ത് ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ല, ഉറപ്പാണ്. എന്താണ് അതിനർത്ഥം ?’, ഞാൻ സ്വയം ചോദിച്ചു. എൻ്റെ ശിരസ്സിൽ നിന്നും ഭയത്തിൻ്റെ ഒരു ഇടിമിന്നൽ ഇരച്ചിറങ്ങി.

അവൾ ആദ്യം മുറിക്ക് ഉള്ളിലേക്ക് കയറി, പിന്നിലായി ഞാനും. ഒരു കട്ടിലും ഒരു മേശയും മാത്രമായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. എല്ലാം പുതിയത് പോലെ വൃത്തിയുള്ളവ ആയിരുന്നു.

മണ്ണെണ്ണ വിളക്ക് മേശപ്പുറത്ത് വെച്ച അവൾ എന്നോട് പറഞ്ഞു. ” നീ ഇവിടെ ഇരിക്കൂ. ഞാൻ പോവുകയാണ്. നമ്മൾ തമ്മിൽ ഇനി കാണുക ഉണ്ടാവില്ല. പക്ഷേ ഞാൻ മടങ്ങി വരും. അന്ന് നീ എന്നെ ആദ്യമായി ആവും കാണുക. നമ്മുടെ ഈ കണ്ടുമുട്ടലിനെ പറ്റി അപ്പോൾ നിനക്ക് ഓർമ്മ ഉണ്ടാവില്ല. നീ നിൻ്റെ ജീവിതത്തിൽ കാണുന്ന അവസാന മുഖം എൻ്റെതാവും.” ഞാൻ ആശ്വാസത്തോടെ മൂളി. മടങ്ങുന്നതിന് മുൻപ് അവൾ ഒരു നിമിഷം എന്നെ നോക്കി നിന്നു. ശേഷം, മുറിക്ക് പുറത്തിറങ്ങി, വാതിൽ അടച്ചു.

അപ്പോൾ തൊട്ട് ഞാൻ ഈ കട്ടിലിൽ ഇരിക്കുന്നതാണ്. മണ്ണെണ്ണ വിളക്ക് എപ്പോഴോ അണഞ്ഞു കഴിഞ്ഞിരുന്നു. എങ്ങും ഇരിട്ടാണ്. കാറ്റില്ല, പക്ഷേ ഉഷ്ണമില്ല, ശ്വാസ തടസ്സമില്ല, നന്നായി ശ്വസിക്കാം. വിശപ്പില്ല, മറ്റു ശങ്കകൾ ഒന്നും തന്നെ ഇല്ല, പക്ഷേ എന്നിൽ ഇന്നും ഓർമ്മകൾ ഉണ്ട്. നഷ്ടപ്പെട്ട പഴയ ജീവിതത്തിൻ്റെ ഓർമ്മകൾ, അത് എന്നിൽ നിന്നും അവൾ പിഴുതു മാറ്റിയിട്ടില്ല. ഇരുട്ട് ആണ്, എങ്ങും ഇരുട്ട്.

ഞാൻ ഇപ്പോൾ ചിന്തിക്കുകയാണ്, ഇനിയൊരുപക്ഷെ അവള് മടങ്ങി വന്നിരുന്നിരിക്കുമോ?, ശിരസ്സിൽ നിന്നും ഓർമ്മകൾ മുഴുവൻ പിഴുതുമാറ്റപ്പെട്ട എന്നെ അവൾ ഈ മുറിയിൽ നിന്നും കൂട്ടിക്കൊണ്ട് പോയിട്ടുണ്ടാകുമോ? പിഴുതുമാറ്റപ്പെട്ട് ഇരുട്ടിൽ അവശേഷിക്കപ്പെട്ട ഓർമ്മ, അത് ഈ ഞാൻ ആയിരിക്കുമോ?

ആലപ്പുഴ സ്വദേശി. ആനുകാലികളങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'ദി കൗൺസിൽ ഡയറി' ആദ്യ നോവൽ . ആസ്‌ട്രേലിയയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നു.