അനാഥർ

വീടാണെന്ന്
തോന്നിക്കുന്ന ചിലരുണ്ട്!
ഓടി വരുമ്പോൾ
കെട്ടിപ്പുണരുമെന്ന്,
നോവ് കൂടുമ്പോൾ
പുതപ്പിച്ചുറക്കുമെന്ന്,
കരഞ്ഞുറങ്ങുമ്പോൾ
തലോടുമെന്ന്,
പുലരി മുഴുവൻ
സ്വപ്നങ്ങൾ തരുമെന്ന്,
തിരികെ വരുമ്പോൾ
കൈ നീട്ടി,
കിടത്തിയുറക്കുമെന്ന്,
വിശക്കുമ്പോൾ
രുചി പകരുന്ന
അടുക്കളയാകുമെന്ന്,
തേടുമ്പോൾ
വേഗമെത്തുന്ന
അമ്മയാകുമെന്ന്,
മഴ വരുന്ന
വൈകുന്നേരങ്ങളിൽ
അച്ഛന്റെ
പലഹാരമണമാകുമെന്ന്,
അങ്ങനെയങ്ങനെ
സ്നേഹത്താൽ
പുതഞ്ഞ് മൂടുന്ന വീടാകുമെന്ന്
തോന്നിക്കുന്ന ചിലർ.

എന്നാൽ,
കൊടുങ്കാറ്റടിക്കുമ്പോൾ,
അവർ പറന്ന് പോകും.
നല്ലൊരു മഴ പെയ്താൽ,
ചോർന്നൊലിക്കും.
ഇത്തിരി കടൽ വെള്ളം
കേറിയാൽ,
ഒലിച്ച് പോകും.
അപ്പോൾ മാത്രം,
സത്യത്തിന്റെ ചൂട്
നമുക്കേൽക്കും ;
സ്നേഹത്തിന്റെ ചൂടില്ലാത്ത
ആ മേൽക്കൂര,
വീടായിരുന്നില്ലെന്ന്..
വീടില്ലാത്ത അനാഥരാണ്
നമ്മളെന്ന്!

തിരുവനന്തപുരമാണ് സ്വദേശം. ബാംഗ്ലൂരിൽ താമസിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. യൂട്യൂബിൽ BOOK LOVER - LLNL എന്ന പേരിൽ പുസ്തക പരിചയം നടത്തുന്ന ഒരു ചാനൽ ചെയ്ത് വരുന്നു. പെൺചരിതങ്ങൾ,ചെതുമ്പലുകൾ, കറ്റകെട്ട ഘടികാരം എന്നീ മൂന്ന് കഥാസമാഹാരങ്ങളും ആത്മാക്കൾ കരയുമ്പോൾ എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു. പ്രവ്ദ ബുക്സ് നടത്തിയ പ്രണയോത്സവം നോവൽ മത്സരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ "അവളെന്റെ രേണുക" എന്ന നോവൽ പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.