സമകാലിക മലയാള ചെറുകഥ വ്യത്യസ്തമായ കൈവഴികളിലൂടെ സഞ്ചരിക്കുന്ന മലയാളത്തിലെ ഏറ്റവും സജീവമായ സാഹിത്യ ശാഖയാണ്. മനുഷ്യ ജീവിതത്തിന്റെ കഥ പറയുക എന്നതിനപ്പുറം പ്രാദേശിക ചരിത്രം, പ്രകൃതി പാഠങ്ങൾ, വിവിധ ജ്ഞാനങ്ങളുടെ വിതരണം എന്നിവയൊക്കെ നിർവ്വഹിക്കുന്ന ലഘു ആഖ്യാനങ്ങളായി ചെറുകഥകൾ മാറിയിട്ടുണ്ട്. നവീന മലയാളകഥയിലെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ ജേക്കബ് ഏബ്രഹാമിന്റെ കഥകളും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ആഖ്യാനത്തിന്റെ ലാളിത്യവും ഭാഷയുടെ രസനീയതും മൾബറി ചെടികൾ ചൂളമടിക്കുമ്പോൾ എന്ന കഥാസമാഹാരത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നു.
മലയോര ജില്ലയായ പത്തനംതിട്ടയുടെ ജീവതമാണ് ജേക്കബ് എബ്രഹാമിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുനത്. കഥാസമാഹാരത്തിന്റെ ആമുഖത്തിൽ കഥാകൃത്ത് പറയുന്നതുപോലെ കഥാകൃത്തിന്റെ കാളവണ്ടിക്കാരൻ വല്യപ്പൻ പറഞ്ഞ ചൂടും ചൂരുമുള്ള കഥകൾ.
നാട്ടു ചരിത്രത്തിന്റെ അരികുപിടിച്ച് ഈ കഥാകൃത്ത് എഴുതിയ കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങൾ (ദേശാഭിമാനി വാരിക), തോട്ടിൻ കര രാജ്യം (മാധ്യമം) ഫാനി (പ്രസാധകൻ) കുളി (മാതൃഭൂമി ആഴ്ചപതിപ്പ്) പീറ്റർ യുടെ നോവൽ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്നിവയൊക്കെ പ്രമേയത്തിലും ആ വിഷക്കാരത്തിലും പുതുമ സമ്മാനിച്ചതിലൂടെ വളരെയേറെ ചർച്ച ചെയ്യപ്പെട്ട കഥകളാണ്.
കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്കാരവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കാരൂർ പുരസ്കാരവും നേടിയ യുവ കഥാകൃത്തിന്റെ ഈ പുതിയ പുസ്തകത്തിൽ 11 കഥകളാണ് ചേർത്തിരിക്കുന്നത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ തന്നെ ചർച്ചയായ കഥകളാണ് ഇവ.
മലയോര ഗ്രാമത്തിന്റെ വിശുദ്ധിയും ഭംഗിയും ഒട്ടും ചോർന്നു പോകാതെ ഹൃദ്യമായ വാക്കുകളിൽ കൂടി വായനക്കാരുടെ മനസ്സ് കവരുന്ന കഥ പറച്ചിൽ രീതിയാണ് ജേക്കബിന്റെ കഥകളുടെ പ്രത്യേകത.
ഭാവനയുടെ അതിരുകളില്ലാത്ത, ഉശിരൻ കഥ പറച്ചിലുകാരനായ വല്യപ്പച്ചന്റെ വഴിയെ നടക്കുന്ന ഈ കഥാകൃത്തിന്റെ ഈ പുസ്തകത്തിലെ ആദ്യ കഥ ബൈബിളിലെ ആദ്യ സ്ത്രീയായ ഹവ്വയുടെ പേരുള്ളതാണ്. ആദ്യ പുരുഷൻ ആദമിനെ പ്രലോഭിപ്പിച്ച ഹവ്വ. പക്ഷെ ഇതൊരു ബൈബിൾ കഥയല്ല .ഹവ്വയുടെ പ്രലോഭനങ്ങളിൽ തുടങ്ങി നാലാം ഫേസ്ബുക്ക് കലാപത്തിൽ അവസാനിക്കുന്ന പതിനൊന്നു കഥകളിൽ കൂടി സമകാലിക ജീവിത പരിസരങ്ങളെ കഥാകൃത്ത് തൊടുന്നു.
പുറമെ പരുക്കൻ സ്വഭാവക്കാരനായി കാണപ്പെടുന്നെങ്കിലും ഉള്ളിൽ മറ്റ് സ്ത്രീകളോട് അടുത്തിടപഴകാൻ ഇഷ്ടപ്പെടുന്ന പുരുഷ മനസ്സാണ് ആദ്യ കഥയുടെ ഇതിവൃത്തം. ഗിരീഷ് എന്ന കഥാപത്രം നമുക്കൊക്കെ സുപരിചിതനായ ഒരു ലോല ഹൃദയനാണ്. അപകർഷതാ ബോധമാണ് അയാളുടെ പ്രശ്നം. ഹവ്വയുടെ പ്രലോഭനങ്ങൾ ” എന്ന കഥയിലൂടെ ബൈബിളിൽ തുടങ്ങുന്ന പുരുഷന്റെ പെൺപേടിയുടെ കഥ കൂടിയാണിത്.
കാമനകളുടെ ചുവന്ന വയലറ്റ് നിറമുള്ള കഥയാണ് രണ്ടാമത്തെ കഥയായ സമാഹാരത്തിന്റെ തലക്കെട്ട്.
അധികം പഴുക്കാത്ത മൾബറി പഴത്തിന്റെ പുളിപ്പ് കലർന്ന മാധുര്യത്തോട് കൂടി ” മൾബറി ചെടികൾ ചൂളമടിയ്ക്കുമ്പോൾ ” എന്നതിലെ സ്ത്രീയെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ശ്രമിക്കുന്ന ജെറിയെ വായിച്ചെടുക്കാം. ഇവിടെയും സ്ത്രീ മനസ്സ് പ്രഹേളികയായി തുടരുന്നു.
ആരോടും പറയാൻ പറ്റാത്ത ചില സ്വകാര്യ ദുഃഖങ്ങൾ എല്ലാവർക്കും കാണും. ഈശ്വരന്റെ മുൻപിൽ മാത്രം പങ്കുവെയ്കപ്പെടാൻ ആഗ്രഹിക്കുന്ന സങ്കടങ്ങൾ. ജീവിതഭാരം കുരിശുമലയിലെ കർത്താവിന്റെ മുൻപിൽ ഇറക്കി വെയ്ക്കാൻ വേണ്ടി മലകയറുന്ന ജസീന എന്ന പെൺകുട്ടി പറയുന്ന കഥയാണ് ദുഃഖിതരുടെ തീർത്ഥാടനങ്ങൾ എന്ന കഥ.
ജീവിതചക്രത്തിലെ മധ്യവയസ്സിൽ എത്തിയപ്പോൾ താൻ നേടിയതൊന്നും ഒന്നുമല്ലയെന്ന തിരിച്ചറിവിന്റെ ശൂന്യതയിൽ വീടും നാടും ഉപേക്ഷിച്ചു അജ്ഞാതവാസത്തിനായി തയ്യാറാകുന്ന അനിൽ… “ഇടവേളകളിൽ സംഭവിക്കുന്നത് ” പ്രതീക്ഷകൾ തെറ്റുമ്പോൾ ജീവിതത്തിൽ നിന്നും ചിലപ്പോൾ നമ്മളും ഒളിച്ചോടാൻ ആഗ്രഹിക്കാറില്ലേ. ആരെയും കാണാതെ ആരും അറിയാതെ എല്ലാവരിൽ നിന്നും മാറി ഒരു അജ്ഞാതവാസം.
പത്തനംതിട്ട ജില്ലയിലെ ഗവി സൗന്ദര്യമുള്ള ഒരു വനപ്രദേശമാണ്. എന്നാൽ ക്രൂരമായ ഒരു ജീവിത യാഥാർത്ഥ്യം പറയുകയാണ് ഗവി എന്ന കഥ. ഗവിയുടെ സൗന്ദര്യം ആസ്വദിക്കുന്ന കൂട്ടത്തിൽ തന്നെ ജാതീയമായ വർണ്ണവിവേചനം നേരിടുന്ന മനുഷ്യരുടെ ദുരിതത്തിന്റെ നേർകാഴ്ച്ചയാണ് ഈ കഥ. ജാതി എന്ന യാഥാർത്ഥ്യത്തെ പ്രശ്നവത്കരിക്കുന്ന കഥ.എം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കിട്ടാനായി സർക്കാർ ഓഫീസ് കയറി മടുത്ത ഒരു സാധാരണ പൗരന്റെ ധാർമിക രോഷവും സെന്തിലിൽ കൂടി നമുക്ക് അനുഭവിച്ചറിയാം..
പട്ടണത്തിൽ വന്നുചേർന്ന യുവാവിന് കുറഞ്ഞ ചിലവിൽ താമസ സൗകര്യം തരപ്പെടുത്താൻ പെടുന്ന പ്രയാസങ്ങൾ. യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഹരമായി മാറിയ സിനിമയുടെ മാസ്മരിക ലോകം. അവയുടെ നഷ്ടപ്രതാപകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളുമായി ” ലിറ്റിൽ ലിസ ” എന്ന കഥയിലും സ്ത്രീ ഒരേസമയം പുരുഷനെ പ്രലോഭിപ്പിക്കുന്ന മോഹിനിയും യക്ഷിയുമാവുന്നു
പുതിയ സ്മാർട്ട് ഫോണിന്റെ വരവോടുകൂടി നാട്ടിലെ സന്ദേശംവാഹകരായ പോസ്റ്റ്മാന് സംഭവിക്കുന്ന വിലയിടിവ് ” മെസ്സഞ്ചർ “എന്ന കഥ. പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ സോഷ്യൽ മീഡിയ ജീവിതത്തിലൂടെ ഈ കഥ വായിക്കാം.
“എഴുത്തുകാരനും പരസ്യമെഴുത്തുകാരനും മുഖാമുഖം ” മനുഷ്യരെ കുറിച്ച് പഠിച്ചു തീരാതെ, അവരെ മനസ്സിലാക്കാൻ സാധിക്കാതെ.. അതെ ഒരു മനുഷ്യനെ മനസ്സിലാക്കാൻ ആർക്കും സാധിക്കില്ല… എന്ന തിരിച്ചറിവോടുകൂടി നമുക്ക് ആ കഥയും വായിച്ച് തീർക്കാം…
കള്ളൻമാരുടെ ഉള്ളിലും സാധു ഹൃദയങ്ങൾ ഉണ്ട്. നിവൃത്തികേട് കൊണ്ട് മാത്രം മോഷണം തൊഴിലാക്കിയവർ…” റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു ലേഡീസ് പേഴ്സ് “…
നഷ്ടപ്രണയത്തിന്റെ ഓർമ്മയിൽ എൺപതുകളിലെ സിനിമ ഗാനങ്ങൾ പാടി നടക്കുന്ന റോയിച്ചനോടൊപ്പം നമുക്കും യാത്ര ചെയ്തു വരാം….
ഫേസ്ബുക്കിന്റെ അമിത ഉപയോഗം വീട്ടിലും നാട്ടിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, ഫേസ്ബുക്ക് ഉപേക്ഷിക്കുന്നതോടു കൂടി കിട്ടുന്ന മനസമാധാനം….. “നാലാം ഫേസ്ബുക്ക് കലാപം “… എന്ന ചെറു കഥ പറഞ്ഞു കൊണ്ട് ഈ കഥാ യാത്ര കഥാകൃത്ത് അവസാനിപ്പിക്കുന്നു..
പത്തനംതിട്ടയുടെ മലയോര ജീവിതത്തിലൂടെ ദേശമെഴുത്തിന്റെ ലാളിത്യത്തിലൂടെ സമകാലിക കഥയിൽ പുതിയ പ്രകാശം നിറയ്ക്കുകയാണ് ജേക്കബ് ഏബ്രഹാമിന്റെ കഥകൾ.