എൻ്റെയും
നിൻ്റെയുമിഷ്ടങ്ങൾ
പരസ്പരം
കൂടിക്കുഴയാതിരിക്കണം
അതിനാണ് നാം
വീടിനു ചുറ്റും
അതിരുകൾ വരച്ചിട്ടത്..
എൻ്റെ വാക്കുകൾ
ഇവിടെത്തന്നെ
വഴുതി വീണ്
പിടഞ്ഞൊടുങ്ങണം..
നോക്കുകൾ
അതിർത്തി കടക്കും മുന്നെ
മുനയൊടിഞ്ഞു
നിലം പതിക്കണം.
പെരുകിയ
എന്റെ സന്തോഷങ്ങൾ
എന്റെ മനസിൽത്തന്നെ
വീർപ്പുമുട്ടി മരിക്കണം.
സങ്കടങ്ങൾ
പെരുമഴയായ്
പെയ്തെങ്കിൽ
അതിനാരവം കേൾക്കാൻ
നിനക്കായ് തുറന്നിടണം;
കിളിവാതിൽ,
അബദ്ധവശാലവ
അതിർത്തി കടന്നാൽ
നീ പറയുമെൻ
പാഴ് വസ്തു ഞാൻ
വലിച്ചെറിഞ്ഞെന്ന്…!
സങ്കടച്ചാലുകൾ
തിരിച്ചു വിട്ട്
അതിരുകൾ
ഒലിച്ചു പോയെന്ന്..,
നോക്കുകൾ
കുത്തിത്തറച്ച്
നിൻ മേനി
മുറിഞ്ഞു പോയെന്ന്..
ഇല്ല, ഞാൻ
പടവെട്ടിനില്ല,
പരദൂഷണത്തിനില്ല,
പാഴ് വാക്കുകൾ
പറയാനുമില്ല
നിനക്കു സമ്മതമെങ്കിൽ
നമുക്കൊന്നായ്
മായ്ച്ചു കളയാമീ
അതിരുകളങ്ങ്…