അടുക്കളയിൽ ചോർന്നൊലിച്ച കൂര

പുരുഷൻ ഒഴിഞ്ഞ വീട്
സ്ത്രീ നിലനിർത്തുന്ന
ഗൃഹസ്ഥം.
അടുപ്പ് തീയതി
ഒരേ പോലെ കത്തുന്നു.
അടുക്കള കോലായിൽ കാക്ക
തക്കം നോക്കിയിരിക്കുന്നു
കൊക്കിലിറുക്കി പറക്കാൻ.
തുണികളലക്കിത്തീർന്നാലും
നേരം കിട്ടില്ല
പരിഹാസം അവഗണിക്കാൻ
നടുനിവർത്താൻ.
വാട്ടർ ടാങ്ക് വെള്ളം
ഇറക്കി വെയ്ക്കാനാവാതെ
സഹിച്ചു നില്ക്കുമ്പോൾ
അവൾ ചോദിക്കുന്നു:
ഒരാൾക്കെത്ര ഭാരം താങ്ങാനാവും
ഒരായുസ്സിൽ എത്ര സഹനം.
കലങ്ങിയ നേരത്തിലുണ്ട്
വെന്തതിന്റെ രഹസ്യം.
കാറ്റിലാടുന്ന തോർത്തിലുണ്ട്
വിയർപ്പ് നനവ്.
ആൺ ശരി
തെറ്റ് മാത്രം കാണുന്നു.
അടുക്കള ദൂരം
അളന്നു തീരാതെ അവൾ
അടുക്കളയിലെ
ചോർന്നൊലിച്ച കൂര.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.