അടയാളം

ഒസ്സാത്തിയുടെ കയ്യിൽനിന്നും
ഖബർ കിളക്കുന്നവന്റെ കയ്യിലേക്കുള്ള
ദൂരമത്രെയീ ജീവിതം…..!!

ദുരമൂത്ത ജീവിതപ്പിടച്ചിലുകൾ
ദുനിയാവിനോടുള്ള
അടങ്ങാത്ത
പ്രണയവും
മുഖംമൂടിയണിഞ്ഞുകൊണ്ടുള്ള
നടനവൈഭവങ്ങളും
ഒടുവിൽ
മണ്ണിട്ടുമൂടും വരെ …!!

തിരിച്ചു പോകുമ്പോൾ
കേവലമൊരടയാളമായ മീസാൻകല്ലിനെക്കാൾ
ഉയരത്തിലപ്പോഴും
പടർന്നുപന്തലിച്ചിട്ടുണ്ടാവും
സഫലമാവാൻ
വിസമ്മതിച്ച
അനേകമനേകം
മോഹങ്ങളും സ്വപ്നങ്ങളും… !!

ജനനത്തിന്റെ
പൊരുളറിഞ്ഞവർ
മണ്ണിനോടുചേർന്നിട്ടും
മണ്ണിനുമുകളിൽ
ജീവിതമങ്ങനെ
പടർന്നു പന്തലിച്ചിരുന്നു

വയനാട്, സുൽത്താൻ ബത്തേരി സ്വദേശി. നവമാധ്യമങ്ങളിൽ എഴുതുന്നു.