അച്ഛനെ വരയ്ക്കുമ്പോൾ

ഇന്നെന്റെയാകാശവും ഭൂമിയും സ്വതന്ത്രമാ-
ണെന്നാലുമെന്നും നേരിൻ വഴിയേ ചരിച്ചീടാൻ,

ഉള്ളിനുള്ളിൽ പേടിയല്പമൊന്നുണ്ടായീടാൻ
ഉള്ളിൽമാത്രം പോരെന്നച്ഛൻ പുറത്തുമുണ്ടാകണം!

പറ്റുമോ പ്രശസ്തനാം ചിത്രകാരാ തെല്ലും,
തെറ്റാതെ മിഴിവോടെന്നച്ഛനേ വരയ്ക്കുവാൻ ?

അടുത്തൂണായേപ്പിന്നെടുത്തയീ ചിത്രത്തിൽ നി –
ന്നടർത്തിമാറ്റീടണം മുഖത്തെ വൈഷമ്യങ്ങൾ!

അച്ഛനേ വരയ്ക്കുവാൻ ഇച്ചിരിപ്പാടാ കേട്ടോ,
സ്വച്ഛമല്ലാ മിഴിയ്ക്കിത്തിരിച്ചുവപ്പേറും .

ഉള്ളിലെസ്നേഹം, ദയയൊട്ടുമേ കാണാവിധം,
എള്ളോളം കാർക്കശ്യമാ കൺകളിൽ നൽകീടണം.

പുഞ്ചിരി വേണ്ടേവേണ്ട, ചുണ്ടുകൾ ചേർന്നീടണം,
നെഞ്ചോളം തറയ്ക്കുന്ന കൂർപ്പതിൻ മധ്യേവേണം.

കട്ടിയിൽ മേൽമീശയാ, കൂർപ്പിച്ച ചുണ്ടിന്മേലേ,
വെട്ടിപ്പരുക്കൻ, കുറ്റിയാക്കണം ക്രൗര്യത്തിനായ് .

തുടുത്ത കവിളല്പം ദേഷ്യത്തിൽ വിറയ്ക്കണം ,
വടിച്ചീടണം ദൈന്യശ്മശ്രുക്കളപ്പാടെയും.

തലയിൽ തിളങ്ങണം കഷണ്ടിയിതേപോലെ,
ഫാലത്തിൽ നെടുനീളൻ ചന്ദനക്കുറിവേണം.

വെള്ളയുടുപ്പും വലം തോളത്തൊരുത്തരീയം,
വെള്ളയിൽ കരയുള്ള ഇരട്ടമുണ്ടാകാം വേഷം .

മറക്കാതൊരു ചൂരൽ വലംകൈപ്പിടിക്കുള്ളിൽ
വരച്ചീടണം എനിക്കാശ്വാസമായീടുവാൻ .

വടികൊണ്ടടിച്ചോട്ടെൻ ദേഹത്തങ്ങെവിടെയും ,
തടിച്ച, തഴമ്പുള്ള കൈകൊണ്ടു തല്ലില്ലല്ലോ !

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ഓട്ടോത്തൊഴിലാളിയാണ്. ആനുകാലികങ്ങളിലും ഓൺലൈൻ, സമൂഹമാധ്യമങ്ങളിലും എഴുതാറുണ്ട്. 'അന്തർദ്ദാഹം' എന്ന കവിത സമാഹാരവും 'വണ്ണക്കരയിലെ വിശുദ്ധർ' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.