ഹൃദയത്തിലേക്കുള്ള കുറെ കത്തുകൾ

മലയാള ചെറുകഥാലോകത്തെ നമുക്ക് നമ്മുടെ ആനമുടിയായി സങ്കല്പിക്കാം. ചില എഴുത്തുകാർ മലമുകളിലെത്തി അവിടെ കുടിയിരിക്കുന്നു. ചിലർ മലയുടെ മസ്തകത്തിലെത്താറായിരിക്കുന്നു. ചിലർ മലയുടെ ഉയരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു. ചിലർ മലകയറിത്തുടങ്ങിയിരിക്കുന്നു. ചിലർ മലകയറാൻ വന്ന് താഴ്വാരത്തിൽ തന്നെ കറങ്ങുന്നു. ഇതിൽ ചന്ദ്രബാബു പനങ്ങാട് എന്ന എഴുത്തുകാരന്റ സ്ഥാനം എവിടെയാണ്. തീർച്ചയായും മലയുടെ മദ്ധ്യത്തിൽ നിന്ന് ഉയരത്തിലേക്ക് കയറി തുടങ്ങിയ സംഘത്തിലാണ് ചന്ദ്രബാബു. അദ്ദേഹത്തിന്റെ പുതിയ കഥാസമാഹാരമായ ചാവുകേളിയിലെ കഥകൾ ഇത് സാക്ഷ്യപെടുത്തുന്നു.

വ്യക്തികൾ നേരിടുന്ന ദുരന്തങ്ങളാണ് ചന്ദ്രബാബുവിന്റെ കഥകളുടെ പ്രത്യേകത. ഒരു പക്ഷെ ഇത്തരം ദുരന്ത കഥാപാത്രങ്ങൾ നേർക്കാഴ്ച്ചയായി വന്ന ഒരു ഗ്രാമീണ പശ്ച്ചാത്തലം ഹൃദയ ഭിത്തിയിൽ കോറി വരഞ്ഞു കിടക്കുന്നതു കൊണ്ടാകാം അവ കഥകൾക്കു വിഷയമാകുന്നത്. അതു കൊണ്ടു തന്നെയുമാകാം അതിന് പൊതുമാനവും ഉണ്ടാകുന്നത്. ഭാഷയുടെയും ദേശത്തിന്റയും വ്യത്യാസമില്ലാതെ ഈ ദുരന്താനുഭവങ്ങൾ എന്നും എങ്ങും പിറവിയെടുക്കുകയും പൊള്ളുന്ന അനുഭവങ്ങളായി, ജീവിതമെന്ന സംഭവത്തിന് തീർത്തും നമ്മിൽ അർത്ഥശൂന്യപ്പട്ടം നല്കുകയും ചെയ്യുന്നുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ അറിഞ്ഞോ അറിയാതെയോ നാം അപരിചിതമാക്കിയെടുത്ത വഴികളിലൂടെ നമ്മെ നടത്തുകയാണ് ചന്ദ്രബാബു ഈ കഥകളിലൂടെ.

വ്യക്തികളുടെ നിരാശ, വേദന, നിസ്സഹായത ഒറ്റപെടൽ, ദുരന്തങ്ങൾ, ദുഃഖങ്ങൾ, അമ്പരപ്പ് ഒക്കെയാണ് ഈ സമാഹാരത്തിലെ ചന്ദ്രബാബുവിന്റ കഥകൾ. ഒരു കഥാപാത്രവും അതിൽ നിന്ന് മോചിതരാകുന്നില്ല. താല്ക്കാലിക മോചനം നേടുന്ന ‘കാഴ്ചപ്പണ്ടം’ എന്ന കഥയിലെ അഥീന ശേഷാദ്രി എന്ന കഥാപാത്രമൊഴിച്ചാൽ മിക്ക കഥാപാത്രങ്ങളും വിവിധങ്ങളായ ദുരവസ്ഥകളിൽ മുങ്ങിപ്പോകുന്നവരാണ്. ചിലർ സ്തബ്ധതയിൽ നിശ്ചലരുമാകുന്നു. അവരുടെ ജീവിതം നിറയെ ഇരുട്ടും ഭയാനകമായ ശൂന്യതയുമാണ്. ചിലർ മരണത്തിനു മാത്രം രക്ഷപ്പെടുത്താനാവുന്നവരാണ്. ചിലരെ മരണം രക്ഷപ്പെടുത്തിയവരുമാണ്. ചിലരാകട്ടെ സ്തബ്ധരായി പോയവരുമാണ്.

ഇവരുടെ ഈ ദുരന്തത്തിന് സമൂഹമോ ഭരണകൂടമോ പൊതുവായി ഉത്തരവാദിയാകുന്നില്ല എന്ന വീക്ഷണമാണ് കഥാകൃത്ത് പ്രകടിപ്പിക്കുന്നത്. മറിച്ച് മറ്റുള്ളവരുടെ നിസ്സഹായതയെയും നിസ്സംഗതയെയും മുതലാക്കുന്ന ചില കുറുനരി ജന്മങ്ങളുടെ ചെയ്തികളായാണ് വീക്ഷിക്കുന്നത്. ഇത്തരം കുത്സിത പ്രവൃത്തികൾ ചെയ്യുന്നവർക്ക് തങ്ങളുടെ അധികാരങ്ങൾ യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്നുവെന്നും അതിന് സഹായികളായി ചില അടിമകളെ സമൂഹത്തിൽ നിന്നും അവർക്കു ലഭിക്കുന്നുവെന്നുമുള്ള സൂചനകൾ കഥകളിൽ തരുന്നു. അതിനാൽ കഥകൾ വ്യവസ്ഥിതികളെ പരോക്ഷമായി ചോദ്യം ചെയ്യുന്നവയുമാകുന്നു. ‘മീങ്കൊല’ എന്ന കഥയിലെ പൂച്ചയെ നോക്കു. അത് അധികാരത്തിന്റ ശിങ്കിടിയാകുന്നു. അധികാരത്തിന്റ ഉച്ഛിഷ്ടഭോജ്യങ്ങളാൽ സ്വയം അധികാരബോധം ആർജ്ജിക്കുന്ന ചിലരുടെ പ്രതീകം.

പൊതുവെ ചന്ദ്രബാബു പനങ്ങാടിന്റെ കഥകൾ നമുക്കു നേരെയുള്ള പരിഹാസങ്ങളാണ്. നമ്മുടെ നിസ്സംഗതക്കു നേരെ സ്വന്തം ‘വിടുപണികളുമായി’ കഴിഞ്ഞു കൂടുന്ന സ്വഭാവത്തിനു നേരെയുള്ള പരിഹാസം. സഹജീവികളുടെ ദുരന്തവും ദു:ഖവും ആഘോഷങ്ങൾക്കിടയിലെ ‘ഒരു ബ്രേക്കിങ്ങ്’ മാത്രമായി കാണാൻ ശീലിച്ചു പോയ ഭൂരിപക്ഷം മനുഷ്യരോടുള്ള പരിഹാസം.
പുതുകഥകളുടെ സുരതവേഗം സൂഷ്മമായി തിരിച്ചറിഞ്ഞിട്ടുണ്ട് ചന്ദ്രബാബു. അതിനാൽ പുതിയ കഥാസമാഹാരത്തിലെ കഥകളെല്ലാം തന്നെ ഭാവനയുടെയും ആഖ്യാനത്തിന്റെയും തലങ്ങളിൽ വേറിട്ടു നില്ക്കുന്നുണ്ട്. ‘പൈനാപ്പിൾ ബംഗ്ലാവ് ‘ എന്ന കഥ അദ്ദേഹത്തിന്റ പുതിയ പരീക്ഷണ ശാലയിൽ നിന്നുള്ളതുതന്നെയാകാം. സ്വപ്നവും ഭ്രമാത്മകതയും കലർന്ന ഒരു ആഖ്യാനപഥമാണ് കഥക്കുള്ളത്.

‘മീങ്കൊല’ എന്ന കഥയും ‘കാഴ്ചപ്പണ്ടം’ എന്ന കഥയും സ്തീകളുടെ ദുരിതങ്ങളുടെ പക്ഷത്തു നിന്നു പറയുന്നവയാണ്. കാഴ്ചപ്പണ്ടത്തിലെ ആരതി വേണ്ടപെട്ടവരാൽ വഞ്ചിക്കപെട്ടവളാണ്. മീങ്കൊലയിൽ സ്വന്തം അച്ഛനും ഭർത്താവും പോലീസ് ഓഫീസറുമൊക്കെ തീർത്ത പ്രതിബന്ധങ്ങളിൽ നിഷ്‌കളങ്കയായ വസുന്ധരയുടെ നിരാലംബജീവിതം ഒടുങ്ങുന്നു. കാഴ്ചപ്പണ്ടത്തിൽ സ്വന്തം സഹോദരനാൽ ചതിക്കപ്പെടുന്ന നായികയുടെ ദുരന്തവും നാം കാണുന്നു. അമ്മ എന്ന സ്ത്രീ പോലും മകൻ എന്ന പുരുഷന്റ അടിമത്വമനുഭവിക്കുന്ന സാഹചര്യം, സ്ത്രീ എത്ര മാത്രം നിസ്സഹായയായി മാറ്റപ്പെടുന്നു എന്നതിന്റ നേർചിത്രമായി ആ കഥയിൽ നമുക്ക് അനുഭവിക്കാം. മീങ്കൊലയിലെ ശാന്തമ്മകുഞ്ഞമ്മ പോലും പുരുഷ പ്രമാണിത്തത്തിന്റെ ഇരയാണ്.

ചന്ദ്രബാബുവിന്റ കഥകളിൽ മനുഷ്യേതര ജീവികൾക്കും സ്ഥാനമുണ്ട്. യാദൃശ്ചികമായി അവരവിടെ വന്നു പെടുന്നതല്ല. കഥാഖ്യാനത്തെ നിയന്ത്രിക്കുന്നതിനായി വാർത്തെടുക്കപ്പെട്ടതാണ്. പൂച്ചയും മത്തിയും മയിലുമെല്ലാം ആ വക വാർത്തെടുപ്പുകളാണ്. മീങ്കൊല എന്ന കഥയിൽ പൂച്ചയും, ചാവുകേളിയിൽ മത്തിയും അതിസുന്ദരമായി ബിംബവൽക്കരിച്ചിരിക്കുന്നു. മീങ്കൊലയിലെ പൂച്ച കഥാഗതിക്കൊപ്പം നില്ക്കുന്നു. ‘മുറകാമി’കഥകളിൽ പൂച്ചക്കുള്ള ആ സ്ഥാനം വെറുതെ ഓർമ്മിച്ചു പോകുന്നു.

മതത്തിനും ജാതിക്കും തന്റെ കഥയിൽ പോലും സ്ഥാനം ആഗ്രഹിക്കാത്ത ഒരു കഥാകാരനാണ് ചന്ദ്രബാബു. അതിനെ ഒഴിവാക്കി, മനുഷ്യരുടെയും ഇതര ജീവികളുടെയും ഒരു കൂട്ടം മാത്രമായി സമൂഹത്തെ കഥാകൃത്ത് കാണുന്നു. മത ജാതി ചിഹ്നങ്ങൾ ഒന്നും തന്നെ കഥകളിൽ കൊണ്ടുവരാതെ, മനുഷ്യജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ വായനക്കാർക്കു പകരുന്ന കഥാകൃത്താണ് ചന്ദ്രബാബു. വെറും പേരുകൾ മാത്രമാണ് കഥാപാത്രങ്ങൾ. വാലുള്ള ഒരു പേരു പോലും ജാതി ചിഹ്‌നമാകുമെന്ന തീർച്ചയാൽ ചന്ദ്രബാബു കഥകളിൽ ഉപയോഗിക്കുന്നില്ല. മത ജാതി അതിപ്രസരണത്തിനെതിരായുള്ള, തീർത്തും അവഗണിക്കൽ തത്വമായി ഇതിനെ വിവക്ഷിക്കാം. കാഴ്ചപ്പണ്ടത്തിൽ അഥീന ‘ശേഷാദ്രി’ എന്ന വാലിനെക്കുറിച്ച് ഖേദപ്രകടനം നടത്തുന്നതു പോലെയുള്ള വിശദീകരണം യാദൃഛികമല്ല. മേൽപ്പറഞ്ഞ നിലപാട് വെളിപ്പെടുത്തലാണ്.
മനുഷ്യമനസ്സിന്റെ വൈകൃതങ്ങളാണ് മറിച്ച് ബാഹ്യ ശക്തികളുടെയൊന്നും സ്വാധീനമല്ല മനുഷ്യകുലത്തിന്റ ദുരിത ദുരന്തങ്ങൾക്കു കാരണമെന്ന് ചന്ദ്രബാബു പ്രഖ്യാപിക്കുന്നു. ചാവുകേളിയിൽ അന്ധവിശ്വാസത്തിനു സ്ഥാനം കല്പിക്കാമെങ്കിലും സൂക്ഷ്മ നിരീക്ഷണത്തിൽ മനുഷ്യന്റെ കുത്സിതക്ക് ഒരു ആയുധം മാത്രമാണ് അത് എന്നും, അതിന്റെ പേരിലല്ല മറിച്ച് അത് പ്രയോഗിക്കുന്ന അയൽക്കാരനും സുഹൃത്തുമായ വ്യക്തിയിലുള്ള നിഷ്കളങ്ക വിശ്വാസമാണ് പ്രതിയെന്നും കാണാം.

ആക്ഷേപ ഹാസ്യമുണ്ട് പല കഥകളിലും. വിളിച്ചു പറച്ചിലുകൾ, ആകാശം ഭൂമിയെ തൊടുന്നു ഭൂനിലാവിൽ, വെയിൽ പക്ഷി, മാർജ്ജാരയോഗവൈഭവം എന്നീ കഥകളിൽ അതു കാണാം. ‘കുത്തിവരകളുടെ കാട്’ എന്ന കഥയിൽ മക്കളിലൂടെയുള്ള നേടിയെടുക്കൽ സമ്പ്രദായത്തെ പരിഹസിക്കുകയാണ് ചന്ദ്രബാബു. മക്കളെ പ്രശസ്തിയും പണവും തങ്ങളിലേക്കൊരിക്കൽ എത്തിക്കുവാനുള്ള ഉപകരണമായി മാത്രം കാണുന്നവരെ തുറന്നു പരിഹസിക്കുകയാണ് ഈ കഥയിൽ. ആഖ്യാനത്തിലെ കയ്യടക്കം കൊണ്ടു ശ്രദ്ധേയമാണീ കഥ.
എന്നാൽ നമ്മെ അലോസരപ്പെടുത്തുന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തിൽ. ‘ഏറിയാൽ അരനാഴികനേരം’ എന്ന കഥ. അമൂർത്തമായ ഒരു തരം മായികത ഈ കഥയിൽ കാണാം. സൗഹൃദങ്ങൾക്കുള്ളിലെ കുടിലത നല്ല രൂപത്തിൽ അവതരിക്കപ്പെട്ടിരിക്കുന്നു. ആരും മറ്റൊരാളുടെ കുടിലതക്കിരയാകാം എന്ന സാമാന്യ അവസ്ഥ ഈ കഥ വെളിപ്പെടുത്തുന്നു. നമ്മെ ഒട്ടു ഭയചകിതരാക്കുകയും ചെയ്യുന്നു. സോഷ്യൽ കറക്റ്റ്നെസ്സിന്റെ കഥകളാണ് ചന്ദ്രബാബുവിന്റെ കഥകൾ. എത്ര മാത്രം സുക്ഷ്മതയോടെയാവണം സമൂഹത്തിൽ ജീവിക്കേണ്ടത് എന്നദ്ദേഹം ഓർമ്മിപ്പിക്കുന്നു. ‘കണ്ണ് വേണം ഇരുപുറമെപ്പൊഴും’ എന്ന കവിവാക്യം ഇവിടെ ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവരിലേക്കു നുഴഞ്ഞുകയറി തങ്ങളുടെ സ്വസ്ഥതകൾ തേടുന്ന വ്യക്തികളുടെ ലോകമാണിതെന്ന് ഓർമ്മപ്പെടുത്തുന്നു.

നമുക്ക് അപരിചിതമല്ലാത്ത എന്നാൽ നാം അപരിചിതമാക്കിയ വഴികളിലൂടെ നമ്മെ നടത്തുകയാണ് യഥാർത്ഥത്തിൽ ‘ചാവുകേളി’ എന്ന സമാഹാരത്തിലെ പതിമൂന്നു കഥളിലൂടെ ചന്ദ്രബാബു ചെയ്യുന്നത്. കഥാകൃത്ത് താൻ ജീവിക്കുന്ന ചുറ്റുപാടുകളിലിരുന്ന് ചുറ്റും നിറഞ്ഞാടുന്ന അപചയങ്ങളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു. റിയലിസം എക്സിസ്റ്റൻഷ്യലിസം തുടങ്ങിയവ ചന്ദ്രബാബുവിന്റെ കഥകളിലെ ദാർശനിക മുദ്രകളാണ്. മിക്ക നായികാനായകന്മാരും നൈരാശ്യവും ശൂന്യതാബോധവും പേറുന്നവരാണ്. മനുഷ്യജീവിതത്തെ തികച്ചും ഭൗതികമായ ഒരു പ്രക്രിയയായി കാണാനാണ് ഈ കഥകളിലൂടെ ചന്ദ്രബാബു ശ്രമിച്ചിരിക്കുന്നത്. ഈ സമാഹാരത്തിലെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഈശ്വരനിൽ അഭയം തിരക്കുന്ന ഒരു കഥാപാത്രവുമില്ല എന്ന് കാണാവുന്നതാണ്. നൈരാശ്യത്തിന്റ പടുകുഴിയിൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ അദൃശ്യതയുടെ ഒരു വഴിയും ഒരു കഥാപാത്രവും ഇവിടെ തിരയുന്നുമില്ല. ഒരിടത്തും ഭൗതികേതര മൂല്യങ്ങളെ പരിഹസിക്കുന്നുമില്ല.

മതവും ജാതിയും ദൈവങ്ങളുമെല്ലാം മനുഷ്യ ജീവിതത്തിനു പുറത്താണ്. ജനനനത്തിനും മരണത്തിനുമിടയിലുള്ള ഒരു നാടകം മാത്രമായി ജീവിതത്തെ കാണുകയും അതിലെ ചില കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും തുറന്നു കാട്ടുകയും ചെയ്യുന്ന കർമ്മം അനുഷ്ഠിക്കുകയും ചെയ്യുന്ന ശുദ്ധനായ ഒരു എഴുത്തുകാരനെയാണ് ചന്ദ്രബാബുവിൽ നാം കാണുന്നത്. ബോധമനസ്സിൽ നിന്നും പൊട്ടിപ്പുറപ്പെടുന്ന കഥകളിൽ ഒരു തരത്തിൽ പറഞ്ഞാൽ ചന്ദ്രബാബുവിന്റ റോൾ ഒരു ഉപദേശിയുടേതാണ്. തുടക്കത്തിലെ സൂചിപ്പിച്ചതു പോലെ മലയാള കഥാലോകമെന്ന ആനമുടിയുടെ മദ്ധ്യത്തിൽ നിന്ന് ഉയരത്തിലേക്ക് കയറുകയാണ് ചന്ദ്രബാബു പനങ്ങാട്.

പന്തളം സ്വദേശിയാണ്. ക്രിമിനൽ ജുഡീഷ്യൽ വകുപ്പിൽ ഉദ്യാഗസ്ഥനായിരുന്നു. കഥാകൃത്താണ്. സാഹിത്യ പ്രവർത്തകനാണ്. പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.