സോദോം ഗോമോറയിലെ പെണ്ണ്

വിശുദ്ധ സെബാസ്തനോസിന്റെ കൽപ്പള്ളിയിൽ

ഞായറാഴ്ചയിൽ ആദ്യ കുർബാന.

ഉയർന്ന സങ്കീർത്തനങ്ങൾക്ക് ചെവി കൊടുക്കാതെ

അന്ത്യ അത്താഴത്തിന്റെ ത്രീ ഡി ചിത്രത്തിൽ

ക്രിസ്തുവിനെ വീണ്ടും തള്ളിപ്പറഞ്ഞു

കുരിശിന്റെ മുകളിൽ നിന്നും

പറന്നു പോയ രണ്ട് കിളികൾ.

മതിലിനപ്പുറത്തെ ആശുപത്രിയിലേക്ക് ഒരു നോട്ടം

മരിക്കാറായി എന്ന് ലോത്തിന്റെ നെഞ്ചിൽ

സ്റ്റെതസ്കോപ്പ് കൊണ്ട് സീൽ ചെയ്യാൻ

ഡോക്ടർമാരുടെ ഓട്ടം.

കത്തിച്ച് വെച്ച മെഴുകുതിരിയുടെ വെട്ടത്തിൽ

പ്രാർത്ഥനയോടെ മകളുടെ കരച്ചിൽ.

കണ്ണീരാറുംമുൻപ് കർത്താവിന്

പീലാത്തോസിന്റെ വേഷം.

മുറിച്ചുമാറ്റപ്പെട്ട കാലിന്റെ പഴുപ്പിൽ

നനഞ്ഞ പുഴുവിന്റെ പുളച്ചിൽ

തുരുമ്പിച്ച കട്ടിലിലെ മരണവെപ്രാളങ്ങളിൽ

അവിഹിതങ്ങളുടെ വെളിച്ചം.

ഉടഞ്ഞു വീഴുന്ന പാപക്കറയുടെ

വെളുത്ത കുപ്പായമൂരി

മകൾ നഗ്നതയിലേക്ക് ചുവട് വെച്ചു.

ഉയർത്തെണീറ്റ മൂന്നാം നാൾ

അതിഥികളെ കാത്തുനിന്നപ്പോൾ പരിഹാസം.

“സോദോം ഗോമോറയിലെ പെണ്ണ്”*

മുടിയിൽ ചൂടിയ കുടമുല്ലപ്പൂമണം ഗ്രഹിക്കാതെ

അവിശുദ്ധ രക്തം മണക്കുന്ന അടിപ്പാവാടയുടെ

പുളിരുചി തേടുന്നവനോടെന്തു പറയാൻ?

പൊട്ടിയലിയുന്ന വിയർപ്പ് കുമിളകൾക്കും

ജലധാര വീഴാത്ത ഗ്രഹപാളികൾക്കും മുകളിൽ

ലോത്തിന്റെ ശ്വാസം തേങ്ങലാണവൾക്ക്.

ആത്മരതിയുടെ ജനിതക വേരുകൾ തേടി നടന്നപ്പോൾ

ആത്മാവിന്റെ ആഴങ്ങളിലെ

നിലയില്ലാക്കയത്തിൽ ഒരു ഭ്രൂണം.

തെക്കേ തൊടിയിലെ പഴുത്ത കൈതച്ചക്ക കൊണ്ട്

അവളാ പിതൃശൂന്യഭ്രൂണത്തെ കൊന്നു.

ഉല്പത്തിയുടെ ഒരു നാൾ

വാതിലിൽ മുട്ട് കേട്ട് തുറന്നു നോക്കുമ്പോൾ

മുൻപിലതാ മിലൻ കുന്ദേരയും ഡോക്ടർ തോമസും.

രതി സാമ്രാജ്യയുദ്ധങ്ങളുടെ ഒടുവിൽ

തളർന്നു വീണ് ഉറവ തേടിയുള്ള അലച്ചിൽ

നക്ഷത്രങ്ങൾ പൂക്കാത്ത

നിശബ്ദ ആകാശങ്ങളെ നോക്കിയിരിക്കുന്ന

മരുഭൂമിക്കെവിടെയാണ് നീരുറവ.

തളർന്ന് പോകുന്ന പൗരുഷം.

നഗരാതിർത്തിയിലെ മിന്നൽവെളിച്ചത്തിൽ കണ്ട

കോട്ടവാതിലിൽ വെച്ച് മിലൻകുന്ദേരയും മാലാഖമാരും

ഡോക്ടർ തോമസിനെ ശ്വാസം മുട്ടിച്ചു കൊന്നു..

കാഴ്ചബന്ധനങ്ങളുടെ ബാക്കിപത്രമായി

രക്തം കിനിയുന്ന കന്മഴയും അഗ്നികുണ്ഡങ്ങളും

തീവിഴുങ്ങുംമുൻപ് വെന്ത് വെണ്ണീറാകുംമുൻപ്

വിശാലഗുഹാതലങ്ങളിൽ ജീവതാളമായി

സോദോംഗോമോറയിലെ പെണ്ണ്.

സമതലഭൂമിയുടെ ഉള്ളിരുട്ടിൽ

കൈതച്ചക്ക തിന്നുന്ന ഭ്രൂണം

നഗ്നത പൂണ്ട് മുലപ്പാൽ

ഭ്രൂണവദനത്തിലേക്ക് അവൾ തിരുകി..

നിറഞ്ഞു തുളുമ്പുന്ന മുലപ്പാലിന് മീതേ

ജീവന്റെ പാലമാകുന്നു

സോദോംഗോമോറയിലെ പെണ്ണ്.

മാധ്യമപ്രവര്‍ത്തക, എഴുത്തുകാരി. മാതൃഭൂമി ദിനപത്രത്തിന്റെ ദുബായ് ലേഖിക. മുറിവോരം, നീ എന്റെയൊരു അടയാളം മാത്രമാണ് (കവിത) എന്നീ രണ്ട് പുസ്തകങ്ങളുടെ രചയിതാവ്. വിശപ്പിന്റെ ഭൂപടം എന്ന കവിതക്ക് പാം അക്ഷരതൂലിക പുരസ്‌കാരം, ഓര്‍മ്മക്കൂട്ടിന് അബുദാബി റിസാല സ്റ്റഡി സര്‍ക്കിള്‍ പുരസ്‌കാരം. തൃശ്ശൂര്‍ സ്വദേശി. ദുബായില്‍ താമസം.