വർത്തമാനകാലത്തോട് കലഹിക്കുന്ന പെൺനോട്ടങ്ങൾ

മനസിന്റെ തുടിപ്പും ആവേഗങ്ങളും കോറിയിട്ട ‘ഹൃദയതാളങ്ങൾ’, ജീവിതസമസ്യകളും സന്ത്രാസങ്ങളും ബൗദ്ധികമായി നിർദ്ധാരണം ചെയ്യുന്ന ‘ഹരണക്രിയ ‘ എന്നീ കവിതാ സമാഹാരങ്ങൾക്ക് ശേഷം രേഖ ആർ താങ്കൾ എഴുതിയ മൂന്നാമത്തെ കവിതാ പുസ്തകമാണ് ‘കടലിന് തീ പിടിക്കുമ്പോൾ’. ഒരെഴുത്തുകാരി എന്ന നിലയിൽ നിരന്തരം നവീകരിക്കുന്ന രേഖ, സമകാലിക കവയിത്രികളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് അവരുടെ സ്വയം നവീകരണത്താലാണ്.

സ്വകാര്യസ്പന്ദനങ്ങളിൽ നിന്ന് തുടങ്ങിയ കവിതയുടെ സഞ്ചാരം സാർവ്വജനീനതയിലേക്കും സാർവ്വലൗകികതയിലേക്കും വളരുന്നതിന്റെ അടയാളങ്ങൾ പതിഞ്ഞു കിടക്കുന്ന കൃതിയാണ് ‘കടലിന് തീ പിടിക്കുമ്പോൾ’. രേഖയിൽ കത്തിപ്പിടിച്ചതീയിൽ പടരുന്ന ബഹുവർണങ്ങളിൽ സമകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പൊള്ളലും മനുഷ്യവംശത്തിന്റെ പഴക്കത്തോളം പെൺജീവിതങ്ങളിൽ പടർന്നു കയറിയ കരിമ്പുകയുമുണ്ട്.

ഈ സമാഹാരത്തിലെ മിക്ക കവിതകളെയും പെൺപക്ഷകവിതകൾ എന്നതിലുപരിയായി, പെണ്ണവസ്‌ഥകൾ തുറന്ന് കാട്ടുന്ന പെണ്ണൂക്കുള്ള കവിതകൾ എന്ന് വിലയിരുത്തുന്നതാവും ഏറെ അനുയോജ്യം.

ക്യാൻസർ വ്യാധിയെ സീറോക്ലിക്കിൽ പകർത്തപ്പെട്ട വാങ്മയചിത്രമാക്കി മാറ്റുമ്പോൾ ഏറെ രാഷ്ട്രീയമാനങ്ങളുള്ള ഗൗരവവായനയുടെ തലത്തിലേക്കുയരുന്ന ഒരു കവിതയായി പരിണമിക്കുന്നു ഇതിലെ ആദ്യ കവിതയായ “അർബുദം”. “ലക്ഷ്മണരേഖ “യിൽ പോകാനിടം നഷ്ടമായ നമ്മൾ ലക്ഷ്മണ രേഖയ്ക്കുള്ളിൽ ശേഷിച്ച ആയുസ്സ് തള്ളി നീക്കാൻ വിധിക്കപ്പെട്ടവരാണെന്ന ബോധ്യം വല്ലാതെ നോവേറ്റുന്നുണ്ട്. ഇട്ട മുട്ട എടുക്കാനും മറുമുട്ട ഇടാനും പറ്റാത്ത നിരാലാംബക്കിളിപ്പറ്റമായി ഈ കവിതയിൽ പെൺജീവിതം മാറിപ്പോകുന്നു എന്നതിന്റെ സൂചനകൾ വായിക്കാനാകുന്നുണ്ട്.

ദൈവത്തിനെപ്പോലും ചെകുത്താൻ നയിക്കുന്ന, ഈശ്വരന്മാർ പോലും ചോദ്യചിഹ്നമായി മാറുന്ന ഈ പൊല്ലാക്കാലത്തിന്റെ നേർസാക്ഷ്യമായി മാറുന്നു “സ്ഫോടനബാക്കി”. നിലനില്പ്പീയത്തിൽ പോലും ജാതിക്കോയ്മ അടയാളപ്പെട്ടു കിടക്കുന്ന ഈ മണ്ണിൽ സ്ഫോടനബാക്കിയായി കഴിയുന്നതിനേക്കാൾ ഭേദം മരണം തന്നെയാണെന്ന് കവയിത്രി അഭിപ്രായപ്പെട്ട് പോകുന്നു.

രഹസ്യ പ്രണയത്തിന്റെ വിഷാദക്കടലിരമ്പൽ തന്നെയാണ് “ഒന്നിച്ചെഴുതിയ കവിത”. ഒരാൾ യാത്രയാകുമ്പോൾ അവശേഷിച്ചയാളിന്റെ നീറ്റൽ.. ആ പൊള്ളൽ.. അത് അവാച്യമാണ്. പങ്കു വയ്ക്കപ്പെടലുകളില്ലാത്ത ഒറ്റത്തുരുത്തായി മാറിപ്പോകുന്ന ജീവിതങ്ങൾ!!!.

“എലിയും പൂച്ചയും” എന്നതിൽ അനുഭവങ്ങളുടെ പരമ്പരയാകുന്ന ജീവിത തീച്ചൂളയിൽ എല്ലായ്‌പ്പോഴും ഒരു കൂട്ടർ ശിക്ഷ വിധിക്കുന്നവരും മറ്റൊരു കൂട്ടർ ആ ശിക്ഷ ഏറ്റുവാങ്ങുന്നവരുമാണ് എന്ന വൈരുദ്ധ്യം സമന്വയിച്ചിരിക്കുന്നു. വെറും ശരീരസംബന്ധിയായുള്ള പ്രണയത്തെ അതായത് പ്രണയമില്ലാത്ത രതിയെ, ഉപഭോഗവസ്തുവായി മാത്രം പെണ്ണിനെ കാണുന്ന മാനോഭാവത്തെ ഒക്കെ കവിത തുറന്നു കാട്ടുന്നു.

“മാറ്റിയൊഴുക്കുമ്പോൾ “– അതിരുകൾ ഭേദിച്ച് ആർത്തലയ്ക്കാനുള്ള പുഴയുടെ വെമ്പൽ ഒരുവളുടെ മനസ്സിന്റെ വെമ്പൽ കൂടിയാണ്. അരുതുകളിൽ തളയ്ക്കപ്പെടുമ്പോൾ പൊട്ടിച്ചെറിയാനുള്ള ആളൽ ഏതൊരുവളിലും ഉണ്ട്. അവയെല്ലാം ചിലപ്പോൾ സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളിൽ പതച്ച് പൊന്തിയേക്കാം. മറ്റുള്ളവർ വരയ്ക്കും പോലെ മാറ്റിയൊഴുക്കപ്പെടുമ്പോൾ പ്രളയം പോലെ സംഹാര താണ്ഡവമാടി പൂർവ്വസ്ഥിതിയിലെത്താൻ വെമ്പുന്ന ഒരു പെൺമനസ്സ് ഈ കവിതയിൽ നിറഞ്ഞു നില്ക്കുന്നു. “ലക്ഷ്മണരേഖ” യിലെ വിധേയത്വം അവജ്ഞയുടെ പാരമ്യത്തിലെത്തുകയാണ് ‘മാറ്റിയൊഴുക്കുമ്പോൾ ‘,’ഒറ്റവരിക്കവിത’ ഇവയിലൊക്കെ.

ഋതുമതിയാകുന്നതോടെ വർണ്ണത്തുമ്പിയായ്‌ നടന്നിരുന്നവളുടെ ആകാശ നീലിമകളും മോഹക്കൊട്ടാരങ്ങളും സ്വാതന്ത്ര്യപ്പറക്കലുമൊക്കെ അതിർക്കുറ്റികൾക്കുള്ളിൽ ഒതുക്കപ്പെടുകയാണ്. പെൺജീവിതങ്ങൾ വില്പനക്കമ്പോളത്തിലെ ഉല്പന്നങ്ങളായി മാറ്റപ്പെടുമ്പോൾ സർവംസഹയായി, അനങ്ങാശിലയായ്‌ മാറിയിരുന്ന സ്ത്രീ സമൂഹത്തിൽ നിന്നും ഇന്നത്തെപ്പെണ്ണ് ഏറെ മാറിയിരിക്കുന്നു. പ്രതികാരം അത് വീട്ടപ്പെടേണ്ടത് തന്നെയാണ് എന്ന ബോധ്യത്തിൽ കവയത്രി എത്തിച്ചേരുന്നു.

ജീവിതം ഒരു ട്രപ്പീസ് കളിയാണ്, ഞാണി ന്മേൽ കളിയാണ് എന്ന് പറയുന്ന “നൂൽപ്പാലം “, ഒരു ആഭിചാരക്രിയയ്ക്കും ഇനിയും അടിച്ചമർത്താനാകാത്ത പെൺകരുത്തിനെക്കുറിച്ച് ഊറ്റം കൊള്ളുന്ന “മർദ്ദമാപിനികൾ “, ജീവിതത്തിന്റെ ഒറ്റക്കണ്ണിറുക്കത്തിൽ ഭ്രമിച്ച് പോകുന്ന അഴിയാക്കുരുക്കിൽ നിന്നും മോചനം ആഗ്രഹിക്കാത്ത, ഒരു പക്ഷേ കിട്ടാത്ത മനുഷ്യമനസ്സുകളെ സാന്ത്വന രൂപത്തിൽ സമീപിക്കുന്ന ‘കുരുക്കുകൾ ‘ ഈ കവിതകളിലെല്ലാം തന്നെ ഒരുപാട് പതം വന്ന രേഖയുടെ പെണ്മനോഭാവങ്ങളാണ് പ്രസരിക്കുന്നത്.

പിറവി മുതൽ പെണ്ണാണെന്ന് ഓർമ്മിപ്പിച്ച് ഓർമ്മിപ്പിച്ച് ഹാച്ചറികളാകുന്ന സ്വഭവനത്തിൽ വളർത്തപ്പെട്ടിട്ടും അന്യന്റെ വീട്ടിലെ കുറവുകളോ, വറവുകളോ മാത്രമായി മാറാൻ വിധിക്കപ്പെട്ടിട്ടുള്ള — ജന്മോദ്ദേശ്യം തന്നെ അതിനായാണെന്ന് അലിഖിത നിയമമുള്ള ഒരുധ്വനി കൂടിയായി മാറുന്നു ‘ഹാച്ചറി ‘.”ഭ്രാന്ത് പാട്ടത്തിനെടുക്കുമ്പോൾ “, ഇരയെ നേരിടാനുള്ള പ്രതിരോധം സ്വയം മെനയുന്ന ‘കത്തിയേറ്,’ ‘സർപ്പദംശനം ‘എന്നീ കവിതകളും വാചാലമായ പൊട്ടിത്തെറിക്കലുകൾ തന്നെയാണ്.

ഈ സമാഹാരത്തിന്റെ ശീർഷകമാക്കിയിരിക്കുന്ന ‘കടലിന് തീ പിടിക്കുമ്പോൾ ‘എന്ന കവിത എഴുത്തു കാരിയുടെ മനസ്സുമായി വിലയം പ്രാപിക്കുകയാണ്. ഇവിടെ പെണ്മനമാകുന്ന കടലിനാണ് തീ പടരുന്നത്. കൊടിയ വേനലിൽ ആളിപ്പടർന്ന് ചാരമാകുന്ന കാട് അടുത്ത വേനലിൽ വീണ്ടും തളിർത്ത് മോടികളിൽ അഭിരമിക്കും. എന്നാൽ തന്റെ ആത്മാവിൽ തീ പടരുമ്പോൾ സ്വപ്നങ്ങളുടെ കുന്തിരിക്കം പുകയുന്ന പെൺമനസ്സിന്റെ വേവ് ഒരു വർഷത്തിനും വസന്തത്തിനും തിരികെ തരാവുന്നതല്ല എന്ന യാഥാർഥ്യം കവയത്രിയെ സംബന്ധിച്ചിടത്തോളം ഗൗരവ പൂർണ്ണമായതാണ്.

“ഇരുളിൽ ചിലർ “എന്ന കവിത നാം ആരും മറ്റൊരുവനെ കല്ലെറിയാൻ പ്രാപ്തരല്ല എന്ന തിരിച്ചറിവാണ് നല്കുന്നത്. ആരും തന്നെ അമർത്തപ്പെട്ട വികാരങ്ങൾക്ക് അതീതരല്ല. അതിഗൂഢകാമനകളും അപ്രാ പ്യമായ സുഖാനുഭൂതികളും എല്ലാവരും ഫേസ് മാസ്കിട്ട് പരുവപ്പെടുത്തി വച്ചിരിക്കുമ്പോൾ അതിലേക്ക് ടോർച്ചടിക്കുന്നത് നിരർത്ഥകമാണെന്നാണ് കവയിത്രി ഓർമ്മിപ്പിക്കുന്നത്. ‘വേരിനുകൂടി കുളിരുമ്പോൾ’, ‘നീയാണ് കവി ‘ എന്നീ കവിതകൾ പ്രണയസാന്ദ്രങ്ങളാണ്. “പുഴ “എന്ന കവിതയിലെ — പുഴ — പെണ്ണ് എന്നതിന്റെ പര്യായമായി മാറുകയാണ്. പെണ്ണായിപ്പിറന്നാൽ ഏതെതെല്ലാം സാഹസികതകളിലൂടെ, ഏതെല്ലാം വേഷപ്പകർച്ചകളിലൂടെ തന്റെ ജീവിതം ആടിത്തിമർത്താലാണ് എല്ലാം പെയ്തൊഴിയുന്നത് എന്ന വേവലാതിയാണ് പങ്കിടുന്നത്.

“ഇത് എക്സ് എന്നിരിക്കട്ടെ” എന്ന കവിത ഗണിത സങ്കലന വ്യവകലനാദികളിലൂടെ എത്ര പാകപ്പെടാൻ നോക്കിയിട്ടും ഒടുവിൽ ശൂന്യഗണമായി മാറിപ്പോകുന്ന ജീവിതത്തിന്റെ അടരാണ്. ‘ശില്പി, സന്ധി നിയമങ്ങൾ, ചോദ്യചിഹ്നങ്ങൾ, മറുഭാഷ’ ഇവയെല്ലാം സ്ത്രീസ്വത്വത്തിന്റെ തുടിപ്പുകളാണ്. ‘വിടർന്നു കൊഴിയുമ്പോൾ, ഉൾമരം, പ്രണയമുണ്ടായിരിക്കയാലാവണം ഇവയിലെല്ലാം തന്നെ പ്രണയത്തിന്റെ മർമ്മരങ്ങൾ കേൾക്കാനാകും. “കടലിലിറങ്ങാത്തവർ” എന്ന കവിത പ്രണയോന്മാദത്തിന്റെ പൂർത്തീകരണമാണ്. പ്രണയത്തിന്റെ നീർച്ചുഴിയിൽ അകപ്പെട്ട് കാമനകൾ പെയ്തൊഴിഞ്ഞ് തിരികെക്കയറുന്ന അനുഭൂതി: കടലിരമ്പം ഉള്ളിലുണ്ടായിട്ടും അത്‌ കാണാത്തവരോടോ, പാദങ്ങൾ മാത്രം നനച്ചിട്ടുള്ളവരോടോ പങ്കിടുന്നത് വെറും പറച്ചിലിന് മാത്രമേ ഇടയാകൂ എന്ന കവയിത്രിയുടെ ആത്മഗതം ഉച്ചസ്ഥായിയുടെ തലത്തിലേക്ക് പരിണമിക്കുന്നു.

സ്ത്രീയ്ക്കു മാത്രം തീറെഴുതപ്പെട്ട പാതിവ്രത്യത്തെ നോക്കി ഊറിച്ചിരിക്കുകയാണ് രേഖ “മറുപാതിയില്ലാത്തവർ ” എന്ന കവിതയിൽ. ‘കാറ്റുപോലും കടക്കാതെ’ എന്ന കവിതയിൽ പരസ്പരം കാറ്റ് പോലും കടക്കാനാവാത്ത പുതപ്പായ്‌ മാറാനുള്ള പ്രണയപാരവശ്യം തീവ്രതയുളവാക്കുന്നതാണ്. ജീവിതം വെറും കണക്ക് പരീക്ഷകളായി മാറിപ്പോകരുതെന്ന മുന്നറിയിപ്പാണ് “കണക്കുപരീക്ഷകൾ ” എന്ന കവിത. ആഭിചാരം, ഭ്രാന്ത്, എവിടെയോ ഒരു പുഴ, എന്നീ കവിതകൾ രതിയുടെ മഴപ്പെയ്ത്തായ് മാറുന്നു. പെണ്മനസ്സിന് മാത്രം പാകമാകുന്ന രുചിമണ ഭേദങ്ങളാണ് “കരിഞ്ഞുപിടിച്ചവ” എന്ന കവിതയിൽ രേഖ പകർത്തിവച്ചിരിക്കുന്നത്. അതേ സ്വയമനുഭവിച്ചറിയാൻ ലഭിച്ച ഭാഗ്യങ്ങളിൽ പരിമിതമായ ഒന്ന്. ചിലർക്കാകട്ടെ ഈ ഭാഗ്യം മരണം വരെ പുളിച്ചു തികട്ടുന്ന ഒന്നായി ജീവിതത്തോട് ഇഴുകിച്ചേർന്നു പോയിട്ടുണ്ടാകാം.

“ലെസ്ബിയൻ ഊഞ്ഞാൽ “— ഭിന്നലിംഗക്കാർ മണ്ണും മരവുമല്ല വികാരവിചാരങ്ങളുടെ നിമ്നോന്നതങ്ങളിൽ മുങ്ങിത്താഴേണ്ടവരാണ് എന്ന സത്യത്തിന്റെ അംഗീകാരം തന്നെയാണ്. “പ്രതിമ “എന്ന കവിത ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ആദരവ് മരിച്ചു കഴിയുമ്പോൾ കിട്ടുന്ന അനാദരവായി മാറുന്ന പ്രതിമ സംസ്കാരത്തെ പുച്ഛത്തോടെ നോക്കിക്കാണുകയാണ്. ‘ഒരു പ്രണയിനിയുടെ ആത്മഹത്യാക്കുറിപ്പ്‌ ‘ എന്നതിൽ ഒരു പെൺ ജീവിതയാത്രയിൽ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ആത്മഹത്യാപരമ്പരപ്പരീക്ഷണങ്ങളിൽ ഏറെ ഇഷ്ടം തോന്നിയ തീവണ്ടി മരണം തെരഞ്ഞെടുക്കാനിടയാക്കിയ സാഹചര്യത്തിന്റെ വിശകലനമാണ്. തീവണ്ടിയാത്ര പോലെ കിതച്ചും കുതിച്ചും കൂകിപ്പാഞ്ഞും സമയപാളങ്ങൾ തെറ്റിയും പാതി യാത്രയിൽ മുറിഞ്ഞും ലക്ഷ്യത്തിലെത്താനുള്ള പെണ്മനസ്സിന്റെ സമരസപ്പെടലായി ഈ കവിത മാറുന്നു.

അതേ, പെൺനോട്ടത്തിന്റെ കാമ്പുള്ള കവിതയായി, അവളുടെ കാമനകളുടെ സഫലീകരണമായി, അവളുടെ പ്രതികരണ ശേഷിയുടെ അടയാളപ്പെടുത്തലായി അവളുടെ പ്രതീക്ഷകളുടെ നെയ്ത്തിരി വെട്ടമായി, അവളുടെ ഇച്ഛാശക്തിയുടെ മൂർത്തിമത് ഭാവമായ്‌ വിലയിരുത്തപ്പെടുകയാണ് രേഖ ആർ. താങ്കളുടെ കവിതകൾ എന്നതിന്റെ സാധൂകരണമാണ് “കടലിന് തീ പിടിക്കുമ്പോൾ “എന്ന ഈ സമാഹാരത്തിലെ ഓരോ കവിതയും .

വർത്തമാനകാലത്തോട് നിരന്തരം കലഹിക്കുന്ന, സംവദിക്കുന്ന പെൺജീവിതത്തിന്റെ സവിശേഷമായ പിടച്ചിലുകൾ അതേപടി പകർത്തിയ കവിതകൾ. ഓരോ വാക്കും നോക്കും അത്യന്തം സൂക്ഷ്മതയോടെ തെരഞ്ഞെടുത്തിരിക്കുന്നു രേഖ ഇതിലെ ഓരോ കവിതയിലും.,. എനിക്കും ചിലത് പറയാനുണ്ട് എന്നതിന്റെ ആത്മ സാക്ഷാത്ക്കാരമാണ് ഈ കൃതി.

കടലിന് തീ പിടിക്കുമ്പോൾ (കവിതകൾ)
രേഖ ആർ താങ്കൾ
ശ്രേഷ്ട ബുക്ക്സ്
വില : 140 രൂപ

കൊല്ലം മങ്ങാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയാണ്. ഓൺലൈൻ മീഡിയകളിലും ആനുകാലികങ്ങളിലും നിരൂപണങ്ങൾ എഴുതി വരുന്നു.