വെയില് വേവുന്ന ഗ്രാമകാഴ്ചകൾ

പച്ച പുതച്ച്
ശിഖരങ്ങൾ നീട്ടി വളർത്തിയ
ബദാം മരത്തിലെ
ഉണങ്ങി പോയ ഒറ്റക്കമ്പാണവിടെ
ആദ്യ കാഴ്ചയിൽ കാണുക.

ചില കാറ്റുകളിൽ പെട്ട്
ഇലകൾ പറന്നൊഴിയുന്നതിനൊടൊപ്പം
ഉണക്കക്കമ്പിന്റെയറ്റങ്ങളും
പൊടിപൊടിയായി
ഉതിർന്നു വീഴുന്നുണ്ടായിരുന്നു..

തൊട്ടപ്പുറത്തായൊരു ഇലക്ട്രിക്ക് കമ്പിയുണ്ട്.
ഉച്ചി പൊള്ളുന്ന വെയിലിലും
ഉള്ളം തണുക്കുന്ന മഴയിലും
ആരോ ഇട്ട് കൊടുത്ത പാത പിൻപറ്റി
ഉറുമ്പിൻകൂട്ടങ്ങൾ
വരിവരിയായി നിരന്നു പോകുന്നുണ്ട്..

ഇളകിവീഴാറായ ഒരു കെട്ടിടമുണ്ടവിടെ,
വെയിലിന്റെ തീക്ഷ്ണത കൊണ്ടോ,
മനുഷ്യരുടെ അസാന്നിധ്യം കൊണ്ടോ
മുളയ്ക്കുന്നിടം തന്നെ നാമ്പ് കരിയുന്ന
ഉണക്കപ്പുല്ലിൻകൂട്ടങ്ങളും
ഉരഗങ്ങളിടം തീർത്ത പൊത്തുകളും
മാറാല മൂടപ്പെട്ട്
തുരുമ്പിച്ചു തീരാറായ ഇടവാതിലുകളും
കൊണ്ടിപ്പോഴും ഇളകാതെയേതോ
വേരിൽ തട്ടി മാത്രം
നിന്ന് പോകുന്നൊരു കെട്ടിടം..

അതിനടുത്തായൊരു നാടൻ തട്ടുകടയുണ്ട്.
ഗ്ലാസിന്റെ വാക്ക് പൊട്ടിയിട്ടും
നെഞ്ചിന്റെയൊരു കാലു പോയിട്ടും
അരബെഞ്ചിന്റെയറ്റത്ത്
ഒതുങ്ങിക്കൂടിയൊരു നാലുമണിച്ചായക്കെത്തുന്ന
കുറച്ചു മനുഷ്യരുണ്ടവിടെ,
നഗരത്തിരക്കുകളുടെ കെട്ടുമാറാപ്പുകൾ
എത്തിനോക്കാത്തതു കൊണ്ടാവണം  
നോക്കുമ്പോഴൊക്കെയുമവർ ചിരിയും
ചില നാട്ടുവർത്തമാനങ്ങളും
പങ്കു വെക്കുന്ന തിരക്കിലാണ്..

ഇടയ്ക്കിടെ നിഴലും തണുപ്പും പറ്റി ഒരേ സമയം
ചില പ്രാവിൻകൂട്ടങ്ങളവിടെ പറന്നിറങ്ങാറുണ്ട്,
അവർക്ക് മാത്രം പറന്നിറങ്ങാനൊരിടവും
അരിമണി വിതരുവാനൊരു കൈകളുമെന്നും
അവരെ കാത്തു നിൽപ്പുണ്ട്..

ഒരു ചില്ലുകൂട്ടിനിപ്പുറത്തു നിന്ന്
ഞാനീ കാഴ്ചളൊക്കെയും
നിരന്നു പോകുന്ന ഉറുമ്പുകൂട്ടങ്ങളെയും,
ചിരി പങ്കു വെക്കുന്ന നാട്ടുമനുഷ്യരെയും,
നിഴലു പറ്റുന്ന അരിപ്രാവുകളെയും
ഇടമൊഴിഞ്ഞയിടങ്ങളെയും നോക്കി കാണുന്നു..

എയർ കണ്ടീഷണറുകളുടെ ലോകത്ത്
ആകാശം മുട്ടി
ഇവിടെ ചിലരലയുന്നു..
താഴെ ഭൂമിയിൽ പൊള്ളുന്ന വെയിലിനെ
ഒരു കഷ്ണം പത്ര പേപ്പർ കൊണ്ട്
വീശി തണുപ്പിക്കുന്നു..

തൊടുപുഴ സ്വദേശിനി. ഓൺലൈനിലും പ്രിന്റഡ് ബുക്ക്‌ കവിതാ സമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്..