വിശുദ്ധ വാഴ് വുകൾ

രണ്ടു കണ്ണുകൾ തമ്മിലിടഞ്ഞാ –
ലൊക്കെയും ഭയപ്പാടുകൾ.
ബങ്കറിനുള്ളിലെ പതിഞ്ഞ-
ശബ്ദത്തിനുള്ളിലൊക്കെയും
ഉയരാനിരിക്കുന്ന നിലവിളിയുടെ
അമർത്തി വച്ച വേവുകൾ.

വിദാദ്,
നീയും ഞാനും കോർത്തുപിടിച്ച
കൈകൾക്കിടയിലെപ്പോഴാണ്
മരണത്തിന്റെ നനുത്ത നോവ്
പടർന്നു തുടങ്ങിയത്!

പുലർച്ചെ,
അത്രമേൽ ആർദ്രമായ്
തായൂട്ടിയ അന്നത്തിൽ
നിന്റെയും എന്റെയും
ഉപ്പുപരലുകൾ വീണടിഞ്ഞു-
അലിഞ്ഞു പോയാണ്ടുകൾ.

ഉച്ച,
അകലങ്ങളൊക്കെയും നാ-
മൊന്നായ് താണ്ടി പടുത്തു-
യർത്തിയ സൗധത്തിനരികിലെ
ഒഴിഞ്ഞ നിശബ്ദതയിൽ
എന്റെയും നിന്റെയും വരുംകാലം
മരവിച്ചിരിക്കുമായിരിക്കാം

അന്തി,
ഒറ്റക്കാകാതിരിക്കാൻ മാത്രമല്ലല്ലോ
ഓർമ്മകളിലലിയാനുമല്ലല്ലോ
എനിക്കും നിനക്കുമിടയിലെ
ആശ്വാസതുരുത്തായ സൗഹൃദം.

രാത്രി,
കണ്ണടക്കുമ്പോഴെല്ലാം ഇരുണ്ട-
ഭാവിയുടെ ഭയപ്പാടുലയുന്നുവെങ്കിലും
കാതുണരുമ്പോഴെല്ലാം ഭയന്ന
വെറിയൊച്ചകൾ ചിലമ്പുന്നുവെങ്കിലും
തൊലിയിലൊക്കെയും പതിയാനി-
രിക്കുന്ന കടുത്ത വേദനയുടെ സൂചിമുന
കുത്തിപ്പടരുന്നുവെങ്കിലും
നീയരികിലുണ്ടെന്നൊരൊറ്റ കുളിരിൽ
മനമൊന്നുലയാതെ ബാക്കിയാകുന്നു.

സൗഹൃദം,
എനിക്കും നിനക്കുമിടയിലെപ്പോഴും
ബാക്കിയായതതൊന്നു മാത്രമല്ലോ.

കണ്ണൂർ കീഴറ സ്വദേശി. ഖത്തറിൽ മലയാള അദ്ധ്യാപിക. സമൂഹ മാധ്യമങ്ങളിലും സൗഹൃദ വേദികളിലും എഴുതുന്നു.