വാക്കുകളാൽ തീർക്കപ്പെട്ട കൊളാഷ്

പുസ്തകപരിചയം – സുഭാഷ് പോണോളിയുടെ ‘ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ’

ഒരുവൻ തന്റെ എഴുത്ത് ആരംഭിക്കുന്നത് പൊതുവേ തന്റെ ഭൂത ഭാവി വർത്തമാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ്. ഓർമ്മകളാൽ അനുഭവങ്ങളാൽ അതിന് ഊടും പാവും നെയ്യുന്നതിലൂടെ ആ പ്രക്രിയ ആസ്വാദ്യകരമായ ഒരു അനുഭവമായി തീരുകയും ചെയ്യുന്നു. ‘ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ ‘എന്ന പുസ്തകത്തിലൂടെ സുഭാഷ് പോണോളി എന്ന എഴുത്തുകാരൻ വായനക്കാരുമായി സംവദിക്കുന്നത് ഇത്തരത്തിലാണ്. കാഴ്ചകളുടെ ഒരു കൊളാഷ് ആണ് സുഭാഷ് പോണോളിയുടെ കവിതകൾ. എന്ന് കരുതി വെറും കാഴ്ചകൾ മാത്രമായി അതിനെ തള്ളിക്കളയാൻ പറ്റുന്നതല്ല . ഓരോ കാഴ്ചകളും സൃഷ്ടിക്കുന്ന വികാരങ്ങൾ അനവധിയാണ്. കവി വായനക്കാർക്ക് മുന്നിലേക്ക് എത്തിക്കുന്ന വിഷയങ്ങളും വൈവിധ്യമാർന്നതാണ്. ദീർഘകാലം നീതി നിർവഹണ ഉദ്യോഗസ്ഥനായി ജോലി ചെയ്ത ഒരുവന് തൻ്റെ അനുഭവങ്ങൾ നൽകുന്ന പാഠം വളരെ വലുതാണ്. വാക്കുകളിലൂടെ വരികളിലൂടെ ഒരുക്കുന്ന ഈ നേർക്കാഴ്ചകളുടെ കൊളാഷ് ആണ് സുഭാഷ് പോണോളിയുടെ കവിതകളിൽ ദൃശ്യമാകുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ളതും വ്യക്തി കേന്ദ്രീകൃതവുമായ അനുഭവങ്ങളുടെ ചൂടും ചൂരും ഈ എഴുത്തിൽ നമുക്ക് അറിയാനാകും.

50 കവിതകളുടെ സമാഹാരമാണ് ബോധിവൃക്ഷ ചുവട്ടിൽ വീണ പഴുത്ത രണ്ടിലകൾ. ഓരോ കവിതയും പങ്കുവയ്ക്കുന്നത് വ്യത്യസ്തമായ കാഴ്ചകളാണ്.

“എന്നിലൊരു ആത്മാഹൂതിയുടെ ചിറകുണ്ട്.
പറക്കാൻ മരണത്തിൻ്റെ ആകാശമുണ്ട്. “

പുസ്തകത്തിലെ ആദ്യ വരികളാണിത്. ഇത്തരം ബിംബങ്ങൾ ഈ പുസ്തകത്തിലെ കവിതകളിലുടനീളം കാണപ്പെടുന്നുണ്ട് . പക്ഷേ കവി പറയുന്നു നിൻ്റെ മൗനങ്ങൾക്ക് കടലിന്റെ ആഴവും അലിയാതെ പോകുന്ന സ്നേഹത്തിൻ്റെ അലകളിൽ ജീർണിച്ച എൻ്റെ ജഡവും ഉണ്ട് എന്ന്. ഇരുട്ടിൻ്റെ കാരിരുമ്പിൻ കൂട് തുറന്നു വയ്ക്കുക, ഞാനാ കൂട്ടിലകപ്പെട്ട തത്തയാകാം എന്തെന്നാൽ മൗനം രുചിച്ച മനുഷ്യരൂപങ്ങൾക്ക് അത് തൃപ്തി നൽകുമെന്ന് കവി. പ്രണയത്തിൽ അകപ്പെട്ടവർക്കിടയിൽ വളരുന്ന മൗനം ജീവിതത്തെ ദുരിതത്തിലാഴ്ത്തുമെന്ന് വരികൾ സൂചിപ്പിക്കുന്നു. എത്ര അർത്ഥവത്താണ് ഈ വാക്കുകൾ. വർത്തമാനകാലത്ത് പ്രണയത്തെ വെറും ലാഘവത്തോടെ കാണുകയും ഉടുപ്പ് ഉരിഞ്ഞു കളയുന്നത്രയും എളുപ്പത്തിൽ ഒരു പ്രണയത്തെ ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് ചേക്കേറുകയും ചെയ്യുന്ന യുവ ജനങ്ങളോട് പറയാനുള്ളത് ഇതാണ്.

മുത്തും പവിഴവുമില്ലാത്ത സമുദ്രനീലിമയിൽ എങ്ങുമെത്താത്ത എൻ്റെ സ്വപ്നമുണ്ട് എന്ന കവിയുടെ നിരാശ എന്തുകൊണ്ടായിരിക്കാം? ജീവിതത്തിൻ്റെ നെട്ടോട്ടങ്ങൾക്കിടയിൽ പലപ്പോഴും സഫലീകരിക്കാനാകാത്ത സ്വപ്നങ്ങൾ അനവധിയുണ്ടാകും ഒരു മനുഷ്യജന്മത്തിൽ. എങ്കിലും ദൃഢനിശ്ചയമുള്ള ഒരുവന് അതിലേക്ക് ഒരു പരിധിവരെയെങ്കിലും എത്തിപ്പിടിക്കാൻ സാധിക്കും എന്ന് കവിയുടെ ശിഷ്ടജീവിതം തെളിയിക്കുന്നുണ്ട്.

മുറിവുകൾക്ക് ചുറ്റും വീണ്ടും വീണ്ടും കിനിഞ്ഞിറങ്ങുന്ന വേദനകളുടെ പൂക്കളാൽ എങ്ങനെ ഓണം ആഘോഷിക്കും. മഹാ മൗനത്തിൻ്റെ കരയിലെ വീട്ടുമുറ്റത്തെ മണ്ണിൽ കിനാക്കളുടെ പഴകിയ നിറം പോയ പൂക്കളാണുള്ളത്. കടൽക്കരയിൽ വളർന്ന കാട്ടുനാറിപ്പൂവിൻ്റെ ഗന്ധം പക്ഷേ മരണത്തെയാണ് ഓർമിപ്പിക്കുന്നത്. സ്വപ്നങ്ങളുടെ തടവറയിലെ ഓണപ്പൂക്കൾക്ക് വിശപ്പിന്റെയും നിലവിളിയുടെയും നിറമാണ് . പൂക്കളില്ലാത്ത വീട്ടിൽ ഇറങ്ങിയെത്തിയ വെയിൽ പൂക്കളെ എങ്ങനെ പറിക്കും? വിശക്കാത്ത വയറിന് പറയാൻ കഥകളില്ലാത്ത ഓണക്കാലത്ത് താൻ തൻ്റെ വേദനകളുടെ ഓണനിലാവിൻ തടവറയിലാണെന്ന് കവി.(കവിത – ഓണം).

വാക്കുകളാൽ വരയ്ക്കുന്ന ചിത്രങ്ങളുടെ മനോഹാരിതയ്ക്കൊപ്പം തന്നെ ആ ചിത്രങ്ങൾ ഉണർത്തുന്ന ചിന്തകളും വൈവിധ്യമാർന്നതാണ്.

മാർബിൾ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നതിനേക്കാൾ സമാധാനം പൊന്തക്കാടിനുള്ളിലെ കുഴിമാടത്തിലാണത്രേ . ജീവിതം നീറ്റലായിരുന്ന സുഹൃത്ത് മാർബിൾ കല്ലറയ്ക്കുള്ളിൽ വെന്തു നീറുന്നു. ജീവിതം തമാശയായി കണ്ടവനാകട്ടെ വിഷക്കുപ്പിയിലെ അവസാന തുള്ളിയാൽ തന്റെ അന്നനാളം ദഹിപ്പിക്കുന്നു. സുഹൃത്തിൻ്റെ കല്ലറയ്ക്ക് മുകളിൽ മെഴുകുതിരി നാളങ്ങൾ കെട്ടടങ്ങുമ്പോൾ പൊന്തക്കാടിനുള്ളിലെ ശവക്കുഴിക്ക് മുകളിൽ ഒരു പനിനീർച്ചെടി മൊട്ടിടാൻ തുടങ്ങുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം സെമിത്തേരിയിലും കാണുന്നു എന്ന് കവി. എന്നാൽ ഏകനെങ്കിലും ശാന്തമായി അന്ത്യവിശ്രമം കൊള്ളുന്നവൻ പൊന്തക്കാട്ടിലെ കുഴിമാടത്തിലുറങ്ങുന്നവൻ തന്നെ. ജീവിതമെന്നാൽ ഇത്തരം വൈരുദ്ധ്യങ്ങളുടെ ഇടമാണെന്ന് കവി പറയുന്നത് സത്യമെന്ന് അനുഭവങ്ങൾ സൂചിപ്പിക്കുന്നു.

വീട് , കുടുംബം എന്നതൊക്കെ തമ്മിൽ പരസ്പരം ചേർന്നിരിക്കുന്ന ഇടങ്ങളാണ് . എന്നാൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞുവീണ ഇടങ്ങളത്രെ വീട്. എങ്കിലും നീ എൻ്റെ വെളിച്ചമാകാതെ എനിക്ക് വീടെത്താനാകില്ല എന്ന് കവി. കാത്തിരിക്കാൻ ആരുമില്ലയെങ്കിൽ വീട് എന്ന വാക്കിന് അർത്ഥമില്ലല്ലോ.
(വീട് എന്ന കവിത ) .

“തുരന്നെടുത്ത മലയ്ക്കുമപ്പുറം
മുല ചുരത്തിയ അമ്മയുണ്ടായിരുന്നു.
പിഴുതെടുത്ത മരങ്ങൾക്കൊപ്പം
പിളർന്നൊരച്ഛൻ്റെ ഹൃദയമുണ്ടായിരുന്നു . “

സഹ്യ ശാപം എന്ന കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒഴുകാതെ നിലച്ച പുഴകളിലെ ബാല്യത്തിന്റെ തേങ്ങലുകളും പകകളിലെ പെണ്ണിൻ്റെ നോവിന്റെ കയ്പ്പും അതിനുമപ്പുറം അറിയാതെ നിറയുന്ന കണ്ണുനീരിന്റെ കടവില് സഹ്യന്റെ നെഞ്ചിലെ ശാപമായിരുന്നു എന്ന് പറയുമ്പോൾ മനുഷ്യൻ എത്രമാത്രം നോവുകളേൽപ്പിക്കുന്നു പ്രകൃതിക്ക് എന്ന് ചിന്തിക്കാതിരിക്കാനാകില്ല. എന്നിട്ടും പൂവായും കായായും തളിർക്കുന്നു ഓർമ്മകളുടെ നേർസത്യങ്ങൾ. നാളത്തെ ലോകത്തിൽ വളരേണ്ട പൈതലിന്റെ നെഞ്ചിലെ സ്വപ്നത്തിൽ നിറയെ കാട്ടുതീ നിറക്കുകയാണ് നാം. തകർച്ചയിലും സത്യത്തിന്റെ മറുപുറം അറിയാതെ പോകുന്നു. എങ്കിലും കാലമേൽപ്പിച്ച നോവിന്റെ ചിറകുമായി വീണ്ടും പറക്കാൻ വെമ്പുന്ന ലോകമേ, അതിരില്ലാ സ്നേഹത്തിൻ്റെ നിലാവിൽ അലിയട്ടെ ഈ മലയും കുന്നും പുഴകളും പാടവും. അതിൽ അരുമയാം കുഞ്ഞുങ്ങൾ ശലഭങ്ങളായി പാറിപ്പറക്കട്ടെ എന്ന് ആഗ്രഹിക്കുന്ന കവി സത്യത്തിൽ പ്രകൃതിയോട് ഭൂമിയോട് അത്രയധികം താദാത്മ്യം പ്രാപിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. അതുകൊണ്ടാകാം നിൻ്റെ നനഞ്ഞ ഗന്ധം ഉന്മത്തതയുടെ ഉത്തുംഗ ശൃംഗങ്ങളിൽ കൊടുങ്കാറ്റാകുന്നു എന്ന് കവി പറയുന്നത്. മഴ തോർന്ന പ്രഭാതങ്ങളിൽ മണ്ണിലെ വിത്തുകൾ ഗർഭപാത്രങ്ങളിൽ നിന്ന് പുറം കാഴ്ച കാണുന്നു.

ചിലമ്പ് കെട്ടിയാടി നീ ഈ പുഴക്കരയിൽ മരമായി പുനർജനിക്കുന്നു ഓരോ മൺതരിയിലും ജീവൻ്റെ ഭ്രൂണം വിറയാർന്ന് ജലകണങ്ങളിൽ തഴുകിയുറങ്ങുന്നു.(കവിത ഭൂമി) . പ്രകൃതിയും മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധം ഈ കവിതകളിൽ നമുക്ക് കാണാം.

സുഭാഷ് പോണോളി

പോസ്റ്റുമോർട്ടം എന്ന കവിത ഒരു മൃതപരിശോധകൻ്റെ കുറിപ്പുകളാണ്. മോർച്ചറിയിൽ തൻ്റെ സുഹൃത്തിൻ്റെ മൃതശരീരം അവിചാരിതമായി അളക്കേണ്ടിവരുന്ന ഒരുവന്റെ നൊമ്പരം. മോർച്ചറിയുടെ വരാന്തയിലേക്ക് സൂര്യൻ വാരി വിതറിയ നട്ടുച്ചപ്പൂക്കൾ കാണുമ്പോൾ പണ്ട് പുഴയിൽ വീണ വെയിൽ പൂക്കളെ കുറിച്ച് സുഹൃത്ത് കവിത ചൊല്ലിയത് ഓർക്കുന്നുണ്ട്. വേദനയോടെ നദിയിൽ അലിഞ്ഞുപോയ വെയിൽപ്പൂവുകൾ. നിൻ്റെ ശരീരത്തിൻ്റെ അവസാന അളവും കഴിഞ്ഞ് ഞാൻ ഒപ്പിടുന്ന പേപ്പറിൽ നീ അവസാനിക്കുന്നുവോ എന്ന് പറയുമ്പോഴും ഇങ്ങനെയൊരു നിറമില്ലാത്ത ജീവിതാവസാനം ആർക്കെല്ലാം വേണ്ടിവരും എന്ന വ്യഥയിലമരുന്നുണ്ട് കവി.

വിരഹത്തിന്റെ പക്ഷികൾ എന്ന കവിതയിലാകട്ടെ നേരത്തെ പറഞ്ഞ ഇമേജറികളുടെ തോരാത്ത പെയ്ത്താണ്.

വേർപെടലിന് ഒടുവിലെ രാത്രിയിൽ
നീയും ഞാനും തോരാതെ പെയ്തു.
അണപൊട്ടിയ ഏറ്റുപറച്ചിലിൻ്റെ
തിരകളിൽ
ഒരു അശ്രുകണം മാത്രം
വിതുമ്പലോടെ പിടഞ്ഞുവീണു.
അന്ധകാരത്തിന്റെ ചിറകുകൾ പറന്ന്
ജ്വരം പിടിച്ച പുലർക്കാലം
ഇടറുന്ന വാക്കുകൾ മരിച്ചുവീണ
മൗനത്തിൻ്റെ കടലാഴങ്ങൾ
വിരഹത്തിന്റെ പക്ഷികൾ എന്നും
ബന്ധനത്തിന്റെ കാരാഗൃഹങ്ങളിൽ
വിസ്തരിക്കപ്പെടുമത്രെ . .

ചുവന്ന രക്തകോശങ്ങൾ എന്ന കവിത രക്തസാക്ഷികളുടെ സ്മൃതികളെ ചേർത്തുവയ്ക്കുന്നു.. ഇവിടെ കാട്ടാളന്റെ വേട്ടമൃഗങ്ങൾക്ക് കൂടൊരുക്കുന്ന നീതിശാസ്ത്രങ്ങൾ കൊടികളുടെ കീഴിൽ തുടൽ പൊട്ടിക്കുമ്പോൾ ഒഴുകുന്ന കണ്ണീർപുഴകളുടെ ഉത്ഭവം പെറ്റമ്മയുടെ പൊക്കിൾകൊടിയും കണ്ണിമ അടയ്ക്കാതെ മകനെ വളർത്തിയ അച്ഛൻ്റെ ഇടനെഞ്ചും ആണെന്ന് പറയുമ്പോൾ അതിലെ നേരിന് നേർക്ക് കണ്ണടയ്ക്കാൻ സാധിക്കുകയില്ല. പ്രത്യേകിച്ചും ഈ വർത്തമാനകാലത്ത് രാഷ്ട്രീയമെന്നത് കുരുതികൾ കൊണ്ടുള്ള ഒരു കളിയായിത്തീരുമ്പോൾ. ആവേശപൂർവ്വം എടുത്തുചാടാനുള്ളതല്ല അതെന്ന് മനസ്സിലാക്കി പ്രത്യയശാസ്ത്രങ്ങളെ ഉൾക്കാഴ്ചയോടെ സമീപിച്ച് വിവേചന ബുദ്ധിയോടെ കാര്യങ്ങളെ കണ്ടറിയുന്നതിൽ ഇന്നിൻ്റെ രാഷ്ട്രീയം പലപ്പോഴും പരാജയപ്പെട്ടു പോകുന്ന അവസ്ഥയിൽ.

കലാപത്തിന്റെ ഓർമ്മയിൽ എഴുതിയ നഗരം എന്ന കവിതയിൽ മതം തീനാളമായി എരിയുന്നതും നഗരം നാശത്തിന്റെ നിലാക്കയങ്ങളിൽ മുങ്ങിത്താഴുന്നതും അമ്മമാർ കണ്ണുകളിൽ വേദനയുടെ കടൽ കാക്കുന്നതും കാണാതെ പോകാതിരിക്കാനാവില്ല. നുണകളെ സത്യങ്ങളായി കെട്ടിച്ചമച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അന്ധമായ മനസ്സുകളെ അതിലേക്കാകർഷിച്ചു മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്ന ഈ വർത്തമാനകാലത്ത് മതം ഒരു ഭീകരതയാണ്. ഇല്ലാത്ത ദൈവത്തിനു വേണ്ടി സംഭാവനകൾ കോരിച്ചൊരിയുന്നവർ നാലു കാലുകളിൽ ജീവിതം ഉറപ്പിക്കാൻ പാടുപെടുന്ന ദരിദ്ര നാരായണന്മാരെ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

വിജ്ഞാനത്തിന്റെ വാതായനങ്ങളിൽ കാലുഷ്യത്തിന്റെ ചൂടേറ്റ പക്ഷികൾ ചത്തുവീഴുമ്പോഴും കനൽ പെയ്ത് കാത്തിരിക്കുന്നത് സ്നേഹത്തിന്റെ നീരുറവകൾ വീണ്ടുമിറങ്ങുന്ന പ്രഭാതങ്ങളിൽ ഉരുളകൾ പങ്കുവെക്കാനും പുതിയ ശലഭങ്ങൾക്ക് നറുതേൻ കൊടുക്കാനുമാണെന്ന ശുഭപ്രതീക്ഷയും കവി പങ്കുവയ്ക്കുന്നുണ്ട് എന്നത് ഏതൊരു കലാപത്തിനൊടുവിലും സ്നേഹത്തിൻ്റെ ഐക്യത്തിന്റെ ഉദയമുണ്ടാകും എന്ന വിശ്വാസത്താലാണ്.

അമ്മ എന്ന കവിത ശ്ലഥബിംബങ്ങളുടെ ചേർത്തുവയ്ക്കലാണ്. പലപ്പോഴും അമ്മമാരുടെ ജീവിതവും അത്തരത്തിലുള്ളതാണ്. അതിൽ കഴിഞ്ഞ കാലത്തിൻ്റെ കറവീണ പാടുകളും വേദനയുടെ ഭൂഖണ്ഡത്തിൽ പിറന്ന പ്രാപ്പിടിയൻ്റെ നഖക്ഷതങ്ങളും വിശപ്പു കത്തിയ ഇന്നലെകളുടെ തിളയ്ക്കുന്ന കയ്പ്പുമുണ്ട്. അവയെ സമർത്ഥമായി മറച്ചുവെച്ച് സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും അമൃതധാരകളെ ഉള്ളുരുക്കി ഒഴുക്കിവിടുന്ന അമ്മമാരുടെ മനസ്സുകളെ പലപ്പോഴും കാണാതെ പോകുന്നവരെ ഈ കവിത പിറകോട്ട് വലിക്കുന്നു.

കവി ഒരു പ്രവാസി കൂടിയായിരുന്നു. തൻ്റെ പുസ്തകത്തിൻ്റെ ആമുഖത്തിൽ അദ്ദേഹം ഇത് സൂചിപ്പിക്കുന്നുണ്ട്. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയിലെ ദീർഘകാലത്തെ പ്രവാസത്തിന്റെ അനുഭവങ്ങളും ചൂടും പങ്കുവെക്കുന്ന പ്രവാസി പോലെയുള്ള കവിതകൾ മറ്റൊരു അനുഭവ തലത്തിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നുണ്ട്.

പുസ്തകത്തിൻ്റെ പേര് സൂചിപ്പിക്കും പോലെ മിക്കവാറും എല്ലാ കവിതകളിലും രണ്ട് കഥാപാത്രങ്ങളെ കാണാം. ഞാനും നീയും. നീയെന്നത് പ്രണയിനിയാകാം സുഹൃത്താകാം പ്രകൃതിയാകാം. എങ്കിലും കവിതകൾ ആത്യന്തികമായി പങ്കുവയ്ക്കുന്നത് നീയില്ലാതെ ഞാനുമുണ്ടാകില്ല എന്ന ഒരു ചിന്തയാണ്. ഏകാന്തതകളിലെ ഉറവകളിൽ ഉരുകിത്തീർന്ന ഭൂമിയുടെ മാറിടത്തിൽ കുഞ്ഞിളം കൈ അമ്മയെ തേടും പോലെ ഞാൻ നിന്നെ തേടുന്നു ഇന്ന് കവി പറയുമ്പോൾ ഒരുവനുവേണ്ടി അപരന് പുനർജനിച്ചേ മതിയാകൂ എന്ന അവസ്ഥ ഈ കവിതകളിൽ പലപ്പോഴും കവി കുറിച്ചുവെക്കുന്നുണ്ട്.

ബിംസമൃദ്ധമാണ് സുഭാഷ് പോണോളിയുടെ കവിതകൾ . ഓരോ വരിയും സൃഷ്ടിക്കുന്ന അസംഖ്യം ചിത്രങ്ങളുടെ ചേർത്തുവയ്ക്കലിലാണ് ഓരോ കവിതയും പൂർണ്ണമാകുന്നത്. വരികളിൽ പ്രണയം പുനർജനിക്കുന്നുണ്ട് . ജീവിതം തോരാതെ പെയ്യുന്നുണ്ട്. അനുഭവങ്ങളുടെ ഹൃദയകാഠിന്യമുണ്ട്. നോവുകളുടെ കണ്ണീർപ്പാടങ്ങളുണ്ട്. വേരറ്റ് പോയ വൃക്ഷങ്ങളും വേനൽചൂടിൽ നീർവറ്റിപ്പോയ പുഴകളുമുണ്ട്. കൊത്തിവലിക്കാൻ കാത്തിരിക്കുന്ന കഴുകന്മാരെകുറിച്ചുള്ള ഭീതിയുണ്ട്. മരണത്തിൻ്റെ കാലടിയൊച്ചകളുണ്ട്. ഭൂമിയിലെ നന്മയുടെ ഗിരിശൃംഗങ്ങളുടെ തലയറക്കുന്ന മനുഷ്യരുണ്ട്.

സ്വപ്നങ്ങളെ കാർന്നു തിന്നുന്ന വറുതിയുടെ വാതായനങ്ങളിൽ കാവൽഭടന്മാർ കാലിടറി മണ്ണിൽ ചേരുമ്പോൾ അർത്ഥമറിയാത്ത പ്രഭാതങ്ങളിൽ ഞാനും എൻ്റെ കവിതയും പരസ്പരം തിരിച്ചറിയാത്ത ധ്രുവങ്ങളിൽ കാഴ്ച നഷ്ടപ്പെട്ടവരാകുന്നു എന്ന് കവി പറയുമ്പോൾ വിഹ്വലതകളുടെ ആകാശം തുറന്നിടുന്ന വർത്തമാനകാല കാഴ്ചകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയാണ്. കവിയുടെ നോവുകൾ , ചിന്തകൾ, ഓർമ്മകൾ , പ്രണയങ്ങൾ, എല്ലാം ഈ കവിതകളിൽ വായിച്ചെടുക്കാം. പലപ്പോഴും അവ തോരാമഴയായി പെയ്തിറങ്ങുന്നു. എന്നാൽ ചിലപ്പോൾ കുമ്പസാരക്കൂട്ടിൽ മൗനം ഉടഞ്ഞുതകരുംപോലെ ചില്ലുകളായി അടർന്നു വീഴുന്നു. വിഭ്രമാത്മകമായ ചിന്തകളുടെ ആകാശങ്ങൾക്ക് തീ കൊളുത്തുന്നു. അതോടൊപ്പം തന്നെ അനീതിയുണർത്തുന്ന അസ്വസ്ഥതകളിൽ ചോദ്യമായി മാറുകയും ചെയ്യുന്നുണ്ട്. ഇരുളും വെളിച്ചവും വേനലും വറുതിയും മഴയും മഞ്ഞും കുളിരും ഈ കവിതകളിൽ പെയ്തു നിറയുന്നുണ്ട്. മൗനത്തിൻ്റെ വാതായനങ്ങളിൽ വെടിയുണ്ടയുടെ ശബ്ദം കാതുകളെ കളിയാക്കി കടന്നു പോകുമ്പോൾ ചിറകറ്റൊരു പക്ഷി പറന്നു പോയത് കോടാനുകോടി ജന്മങ്ങളുടെ കടൽ തിളയ്ക്കുന്ന കണ്ണുകളിലേക്കാണ്. ദേശത്തിൻ്റെ ദിക്കുകളിൽ വിലാപം കണ്ണീരിൽ പുകഞ്ഞ് നെഞ്ചുകളിൽ അമർഷത്തിന്റെ ചുഴലിയാകുന്നു.ഗാന്ധി വധം അപനിർമ്മിക്കപ്പെടുന്ന ഈ വർത്തമാനകാലത്ത് രൂപ എന്ന കവിത വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. എങ്കിലും ഒരു പുനർജനിക്കായി കാലം കാത്തിരിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ബോധോദയത്തിൽ ഇഴപിരിഞ്ഞ ബോധിവൃക്ഷ ചുവട്ടിൽ വീണ പഴുത്ത ഇലകളാണ് നമ്മൾ എന്ന് കവി ഓർമിപ്പിക്കുന്നു. വെറുതെ ഓർത്തുപോകുന്ന ഉത്തരമില്ലാത്ത ചോദ്യക്കനലുകൊണ്ടെൻ്റെ നെറുകപൊള്ളുന്നു. കാഴ്ചകളുടെ തിരയടങ്ങാക്കടൽ തീർക്കുന്ന വാക്കുകളുടെ ഈ ബിംബ സമൃദ്ധിയിൽ ഞാൻ എന്നെന്നേക്കും അകപ്പെട്ടു പോകുന്നു. പ്രിയ വായനക്കാരെ, ഈ കവിതകളിലൂടെ കടന്നു പോകുമ്പോൾ നിങ്ങൾക്കും അങ്ങനെതന്നെയാകാം എന്നത് തീർച്ചയാണ്.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.