ലാജവന്തി, ഒരു നിശ്ചല ഛായാചിത്രം

വെയിലിന്റെ വെട്ടിത്തിളക്കം 
മങ്ങിതുടങ്ങിയ  മധ്യാഹ്നങ്ങളിലൊന്നിൽ 
ലാജവന്തി തന്റെ ഇരിപ്പുമുറിയിലെ 
തൽപത്തിൽ മിഴി പാതി പൂട്ടി 
അലസമായ്  ചാഞ്ഞു  കിടന്നു.
അവളുടെ ഈറൻ മുടിത്തുമ്പിൽ നിന്നും 
ജലകണങ്ങളടർന്നു  
ചെന്നിറമാർന്ന തറയിൽ
വീണു ചിതറി.
 
ജലക്രീഡയുടെ  കുളിര് 
അപ്പോഴും ഉടലിൽ  
താങ്ങി നില്പുണ്ടായിരുന്ന
ലാജവന്തിയുടെ 
മൃദുലമായ അടിവയറിൽ മുഖം പൂഴ്ത്തി  
അവളുടെ ഓമനയായ പൂച്ചക്കുഞ്ഞ്.
ആ സ്വാസ്ഥ്യത്തിന്റെ ഭദ്രതയാൽ
അവൻ ഗാഢ ഗാഢമായൊരുറക്കത്തിൽ 
ആണ്ടു മുഴികിപ്പോയ്. 
 
പിന്നാമ്പുറത്തെ  കാട്ടുചെറിപ്പഴങ്ങൾ 
കൊത്തി തിന്നാനെത്തിയ 
ഇരട്ടതലയൻ പക്ഷി 
ചിലച്ചുകൊണ്ടേയിരുന്നു.
 
ജാലകത്തിലൂടെ കടന്നു വന്ന  
പോക്കുവെയിൽ തട്ടി 
ലാജവന്തിയുടെ  കൈത്തണ്ടയിലെ 
നേർത്ത രോമരാജികളും 
കാലിലെ പാദസരങ്ങളും 
തിളങ്ങുന്നുണ്ടായിരുന്നു.
 
നടവാതിലക്കൽ പടർന്നു കയറിയ 
ആന്റിഗൺ പൂങ്കുലകളുടെ  
ഇളകുന്ന ഛായകൾ 
അവൾക്ക് ചുറ്റിനും 
നിഴൽ നിർത്തമാടി.
 
പുറത്ത്  
കാട്ടു പിച്ചിപ്പടർപ്പുകളെ 
കുഴച്ചുമറിയുന്ന കാറ്റ്.
ഒച്ചയുണ്ടാക്കാതെ അടർന്നു പതിക്കുന്ന 
മെല്ലിച്ച ധവളപുഷ്പങ്ങൾ
കാറ്റിന്റെ ഒരൂ പാഞ്ഞു വരവിലും 
അടിതെറ്റിപ്പാറുന്ന 
പുള്ളി പൂമ്പാറ്റകൾ.
ലജാവന്തിക്കു ചുറ്റും  
വീണു കിടന്നിളകുന്ന 
നിഴലുകളുടെ കളമെഴുത്ത്
പുറത്ത്.
ആസന്നമായ  അസ്തമയത്തെ  
വിളിച്ചറിയിച്ചും കൊണ്ട്
എങ്ങും 
പോക്കുവെയിലിന്റെ തീയാട്ട്.
 
ഉടൽ പറ്റിയമർന്ന്  
അവളുടെ ജീവന്റെ ജീവനാം 
പൂച്ചക്കുഞ്ഞ് 
സർവ്വം നിശബ്ദ നിശ്ചലമായ 
ആ മായിക വേളയിൽ 
അവൾ തന്നോട് തന്നെ 
മന്ത്രിച്ചു: ഈ ലോകത്തിലെ  
ഏറ്റം ആനന്തമനുഭവിക്കുന്ന 
ആത്മാവ് ഞാനാണ് !
 
‘ലോകത്തിലെ ഏറ്റ
ആഹ്ലാദവതിയായ  സ്ത്രീയേ !
നിന്റെ പടിവാതിൽക്കലെ  
സന്ദർശക മണിയൊച്ച 
ഇനി മുഴങ്ങാതിരിക്കട്ടെ !
ടെലിഫോൺ മണിയൊച്ച 
ഇനി അലോസരപ്പെടുത്താതിരിക്കട്ടെ 
നിന്റെ സ്വാസ്ഥ്യം ഒരുനാളും 
ഭഞ്ജിക്കപ്പെടാതിരിക്കട്ടെ 
ജാലകത്തിലൂടെ  തലനീട്ടികൊണ്ടു
കാറ്റ്  മന്ത്രിച്ചു.
 
ലാജവന്തി 
ഒന്നുമേ അറിയുന്നുണ്ടായിരുന്നില്ല 
പാതിമിഴിപൂട്ടി
കാറ്റ് ഉലയ്ക്കുന്ന മുടിയിഴകളുമായ് 
തന്റെ 
ഉയിരിന്നുമുയിരാം പൂച്ചകുഞ്ഞിനുമൊപ്പം,
ഉറക്കത്തിനും  ഉണർവ്വിനും  മദ്ധ്യേ 
നിശ്ചലയായങ്ങനെ.

1956-ൽ കോട്ടയം ജില്ലയിലെ മലയോര കർഷക കേന്ദ്രമായ കാഞ്ഞിരപ്പിള്ളിയിൽ ജനനം. അച്ഛൻ ഡോ. കെ.സി. ചാക്കോ, അമ്മ റോസമ്മ. 'മറിയഗോറെറ്റി' എന്നാണ്റോസ്‌മരിയുടെ ശരിപ്പേര്. ആധുനിക മലയാളത്തിലെ ഏറ്റവും ശ്രദ്ധേയായ കവയിത്രികളിൽ ഒരാൾ. തന്റെ പിൻഗാമിയായി റോസ്‌മേരിയെ മാധവിക്കുട്ടി വിശേഷിപ്പിച്ചിട്ടുണ്ട്. 'ചാഞ്ഞുപെയ്യുന്നമഴ', വൃശ്ചികക്കാറ്റുവീശുമ്പോൾ', 'വേനലിൽഒരുപുഴ', 'ചെമ്പകംഎന്നൊരുപാപ്പാത്തി' തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച പ്രമുഖ കൃതികൾ. ഇപ്പോൾ തിരുവന്തപുരത്തു താമസം.