മോഹനാരാമത്തിലെ കല്പനാകുസുമങ്ങൾ

“നിങ്ങൾക്ക് ഒരു പൂവാടിയും പുസ്തകവും ഉണ്ടെങ്കിൽ ജീവിതത്തിൽ ആവശ്യമുള്ളതെല്ലാമായി” എന്ന് പറഞ്ഞത് സിസറോ ആണ്. ശ്രീ മോഹനൻ മൂലയിലിന്റെ ‘സമ്മോഹനം’ എന്ന പുസ്തകം എന്റെ കയ്യിൽ എത്തിയപ്പോൾ പൂവാടിയും പുസ്തകവും ഒരുമിച്ചെത്തിയ പ്രതീതി. പകുതി അദ്വൈതിയുടേതും പകുതി അല്ലാത്തതുമായ ഭാഷയിൽ പറഞ്ഞാൽ ‘ആനന്ദലബ്ധിക്കിനിയെന്തു വേണം? ‘

ഈ സമാഹാരത്തിലെ ഓരോ മുക്തകവും സൗന്ദര്യത്തിന്റെ ആത്യന്തികഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഭാവനാരത്നങ്ങളാണ്. വികാരങ്ങളുടെ സമ്മോഹനത്വം വാക്കുകളിൽ സന്നിവേശിപ്പിച്ച് വാക്കുകളെ തിളക്കമുള്ള വൈഡൂര്യങ്ങളാക്കി മാറ്റുന്ന ജാലവിദ്യ നൈസർഗികമായി സ്വായത്തമായ കവിയാണ് ശ്രീ മോഹനൻ മൂലയിൽ. സൗന്ദര്യോപാസകനായ കവിക്ക് ജീവിതം തന്നെ ആ ഉപാസനയുടെ അനിർവചനീയമായ ആനന്ദത്തിൽ സ്വയം മറക്കുന്ന അനുഭവമാണ്. ഇതാ നോക്കൂ, കവിയുടെ കാലത്തോടുള്ള പ്രാർത്ഥന:

നീളെക്കൊന്നകൾ വേലികെട്ടിയ വെയിൽ –
പൂങ്കാവിനങ്ങേപ്പുറ-
ത്തോമൽകാട്ടരുവിക്കകത്തഴകിലാ –
റാടുന്നു ചെന്താരുകൾ.
മോഹപ്പൂങ്കിളി പാടിടുന്നു ഹൃദയ –
ച്ചില്ലക്കുമേലുത്സുകം,
സീമാതീതമനോഹരം ഭുവനമെൻ
മൃത്യോ! വിളിക്കായ്ക നീ.

കാലത്തിനു വിളിക്കാൻ നാവു വഴങ്ങരുത് എന്ന് ആരും പ്രാർത്ഥിച്ചുപോവുന്ന സൗന്ദര്യോപാസനയുടെ അതുല്യശൃംഗങ്ങളിലെ മേഘക്കാഴ്ചകളാണ് ഈ മുക്തകങ്ങളിൽ കവി കൈരളിക്കു കാഴ്ചവയ്ക്കുന്നത്. അതിൽ അഭിരമിക്കുന്ന പ്രകൃതിയുടെ പവിഴച്ചുണ്ടുകളിലൂടെ ധവളമന്ദസ്മിതം തൂകുന്ന രദനപംക്തികൾ കാണുമ്പോൾ മനസ്സുനിറയുന്ന സൗഹൃദയർക്ക്, മലയാളത്തിരുമുറ്റത്തെ രുചികരശ്ലോകവിഭവങ്ങളുടെ ഓണസദ്യയിൽ പങ്കെടുക്കാനുള്ള ക്ഷണം കൂടി നല്കുകയാണ് ഈ മുക്തകസമാഹാരം. മാത്രമല്ല, ഒരിക്കൽ ആ ഓണസദ്യ കഴിച്ചാൽ പിന്നെ എന്നും ഓണം വരേണമെന്നുള്ള ആഗ്രഹം കൊണ്ടു മലയാള ശ്ലോകസാഹിത്യത്തിന്റെ നിത്യോപാസകരായി അവർ മാറുമെന്നതിലും ലേശം പോലും സംശയിക്കാനില്ല.

പ്രകൃതിസൗന്ദര്യത്തിനു തിലകമണിയിക്കുന്ന ഭാവനാവിലാസം കൊണ്ട് മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന കാവ്യവാങ്മയം പ്രകൃതിയെത്തന്നെ ഉദാത്തവൽക്കരിക്കുവാൻ പോന്നതാണ്. ഇതാ ആകാശം നിശാറാണിയെ വരവേൽക്കുന്നത് കാണുക:

തങ്കം മുക്കിയ സാന്ധ്യരശ്മികൾ നറും
ചെന്താമരയ്ക്കുള്ളിൽ നി-
ന്നംഗോപാംഗവിലേപനം കവരുവാ –
നെത്തുന്നിതത്യുത്സുകം.
തിങ്കൾപ്പൂന്തളികയ്ക്കകത്തൊരുപിടി-
ത്താരങ്ങളിട്ടംബരം
ശംഖധ്വാനമൊടും തെളിഞ്ഞു
വരവേൽക്കുന്നൂ നിശാറാണിയെ …

പ്രകൃതിസൗന്ദര്യത്തിന്റെ നർത്തനരംഗമായി പരിലസിക്കുന്ന വൃന്ദാവനത്തിൽ നിലകൊള്ളുന്ന കണ്ണന്റെ ചിത്രം ഇങ്ങനെയാണ്:

പേടിക്കാതെയടുത്തുവന്നു കലമാൻ
കൂട്ടങ്ങൾ നിൽക്കുന്നു , പൊ-
ന്നോടത്തണ്ടു മണത്തിടുന്നു കുതുകം
കോലുന്ന പൈക്കുട്ടികൾ.
പീലിക്കോലുഴിയുന്നു കാൽക്കലനിശം
മായാമയൂരങ്ങൾ, നിൻ
നീലക്കല്ലൊളിമേനി കണ്ടു തൊഴുതേ
നിൽപ്പൂ മലർക്കാടുകൾ …

മലയാളത്തിന്റെ മോഹനസംഗീതം തന്നെയാണിത്. ഈ സംഗീതം കേട്ടാൽ കണ്ണൻ മലയാളകവിതയുടെ തീരത്ത് ഒരു വൃന്ദാവനം സ്ഥാപിച്ച് ഇങ്ങോട്ട് എഴുന്നള്ളുമെന്നത് നിസ്സംശയമാണ്.

മലയാളത്തിൽ “അക്ഷരം രണ്ടു തൊടുമ്പൊഴേ താളം” എന്നു വി.മധുസൂദനൻനായർ പാടിയത്, മോഹനൻ മൂലയിൽ തൻ്റെ ശ്ലോകങ്ങളിൽ അന്വർത്ഥമാക്കിയിരിക്കുന്നു. മലയാളത്തിന്റെ പദാന്വയങ്ങളുടെ സ്വപ്നചാരുത അനുഭവവേദ്യമാക്കുന്നതിൽ ചങ്ങമ്പുഴയുടെ ചാതുര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്.

“നീലാരണ്യനിചോളനിവേഷ്ടിത- നീഹാരാർദ്രമഹാദ്രികളിൽ,
കാല്യലസജ്ജലകന്യക കനക –
ക്കതിരുകൾ കൊണ്ടൊരു കണിവയ്‌ക്കേ,
കതിരുതിരുകിലുമദൃശ്യശരീരികൾ
കാമദകാനനദേവതകൾ
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ.”
എന്ന മട്ടിൽ ചങ്ങമ്പുഴ ‘മനസ്വിനി’യിൽ എഴുതിയതിന്റെ അനുരണനങ്ങളാണ് മൂലയിൽശ്ലോകങ്ങളിൽ മുഴങ്ങുന്നത്.

മലയാളത്തിന്റെ ശ്ലോകസാഹിത്യം അസ്തമിച്ചിട്ടില്ല എന്നു മാത്രമല്ല, അതിന്റെ കാന്തിയും ചൈതന്യവും വർദ്ധമാനമായ രീതിയിൽ പ്രകാശിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകൾ ഇവിടെയുണ്ട് എന്ന് നമുക്കു ധൈര്യം പകരുന്ന രചനകളാണ് ശ്രീ മോഹനൻ മൂലയിൽ ഒരുക്കിയിരിക്കുന്നത്. ശ്ലോകങ്ങളിൽ അഭിരമിക്കുന്ന സഹൃദയരെ ദേവനഗരിയിലെ ഈ ഭാവനവാടിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.

കവി, ശ്ലോക രചയിതാവ്, ഗ്രന്ഥകാരൻ. കേരളത്തിൻ്റെ ചീഫ് സെക്രട്ടറി.