മൂടിക്കെട്ടിയ ഒരു പ്രഭാതത്തിൽ

ഇതാ, ഞാനൊരു കാപ്പിക്കടയിലിരിക്കുകയാണ്,
ചാര നിറമുള്ള ഇരിപ്പിടം
മടിത്തട്ടിലെന്ന പോലെ
എന്നെ ഏറ്റുവാങ്ങുന്നു.

ഒരു അറബിഗാനം
പിന്നിൽ നിന്നൊഴുകി
മേശകളും കസേരകളും
പൂപ്പാത്രങ്ങളും കടന്ന്
എന്റെ കാതുകളെ നനയ്ക്കുന്നു.

ആകാശം പിണങ്ങി നിൽക്കുന്നു
ഉദിച്ചുകഴിഞ്ഞെങ്കിലും
മടിച്ചു മടിച്ചു പണിയെടുക്കുന്ന സൂര്യൻ
ചില പണിയാളുകളെ
ഓർമിപ്പിക്കുന്നു.

പുറത്തു കാറ്റു വീശുന്നു
ഉപ്പേരിക്കൂടുകളും
മിട്ടായികടലാസുകളും
എല്ലാത്തരം കനംകുറഞ്ഞ
നഗരാവശിഷ്ടങ്ങളും
വലിച്ചിഴക്കുന്നു,
ചുഴറ്റിയെറിയുന്നു.

സാൻഡ്‌വിച്ച്‌ മൊരിയുന്ന രുചിമണം
എന്നെ പ്രലോഭിപ്പിക്കുന്നു
പണമില്ലാതെ പട്ടിണികിടന്ന നാളുകളിൽ
കടപ്പലഹാരം കണ്ടു കൊതിപൂണ്ട കണ്ണുകൾ
തെരുവിൽ നിന്നു ദീനമായ് നോക്കുന്നു

അന്നത്തെപ്പോലെ തന്നെ
വാങ്ങുന്നില്ല എന്ന് തീരുമാനിക്കുന്നു
ഇന്നത്തെ ആഹാരനിയന്ത്രണ
നിഷ്കർഷയോർത്തു
ഞാൻ അഭിമാനം കൊള്ളുന്നു,
മധുരമില്ലാത്ത കാപ്പി ഒരു കവിൾ നുകരുന്നു.

എന്റെ മകൻ വിവിധതരം
കാപ്പികളെപ്പറ്റി സംസാരിക്കുന്നു.
എന്റെ ഭർത്താവ്
പ്രവർത്തന നാണയ മാറ്റത്തിന്റെ
കണക്കെഴുത്തു നിയമങ്ങളിൽ
വ്യാപരിക്കുന്നു.

ഞാനാകട്ടെ;
ഗ്രാമത്തിലായിരുന്നെങ്കിൽ
ഇത്തരം ചെറു ചുഴലിക്കാറ്റുകളിൽ
ചുറ്റിപ്പിണഞ്ഞു കറങ്ങി
വശം കെടുന്ന ഇലകൾ
ഏതൊക്കെയാവാമെന്നു സങ്കൽപ്പിക്കുന്നു

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.