മഴ കാവുതീണ്ടുമ്പോൾ

മഴയിന്നൊരു മുത്തശ്ശിയായ്
മൗനത്തെ മുറിക്കുന്നു
പതിഞ്ഞപാദസ്പർശത്താലെ
പടിഞ്ഞാറോട്ടിറങ്ങുന്നു
കാവിന്നരികിലെത്തുമ്പോൾ
കാവുണർന്നു ചിരിക്കുന്നു
മഴ ചിരിക്കാൻ തുടങ്ങുന്നു മ
ഴത്തുമ്പികൾ പാറുന്നു.

വിണ്ണിൽനിന്നൊരു സൂര്യനാളം
കാവിലെ തിരിതെളിയ്ക്കുന്നു
കിളികൾ ആകെ കലമ്പുന്നു.
കാവിലെ തിരിതെളിയ്ക്കുന്നു
ചിറകൊതുക്കി പതുങ്ങുന്നു
കുളിരുവാരി പുതയ്ക്കുന്നു
മഴപ്പാട്ടിൽ മയങ്ങുന്നു
മഴയപ്പോൾ കാവിന്നുള്ളം
ഉമ്മകളാലുണർത്തുന്നു

ഒളികണ്ണാൽ കിളിക്കൂട്ടിൽ
എത്തിനോക്കിച്ചിരിക്കുന്നു
ചുളിവാർന്ന വിരൽ നീട്ടി
മൃദുവായിത്തലോടുന്നു
പൊത്തിൽനിന്നെത്തി നോക്കി
മലയണ്ണാൻ ചിലയ്ക്കുന്നു

കാട്ടുപൊന്തകൾ ചിതറുന്നു
നീർക്കാക്കകൾ കരയുന്നു
മഴക്കുസൃതികൾ ഊയലാടി
പതിയെ താഴോട്ടിറങ്ങുന്നു.

വേരുകളിൽ തൊടുന്നേരം
വിണ്ണു വീണ്ടും തുടുക്കുന്നു
തുടുതുടുത്ത വിണ്ണിലാകെ
മഴവില്ലുകൾ വിരിയുന്നു.

മഴ, മണ്ണിൻ ഹൃദയത്തെ
മെല്ലെ തൊട്ടു വിളിക്കുന്നു മ
ണ്ണിന്നുള്ളം കുളിരുന്നു
മഴയെ വാരിപ്പുണരുന്നു.

മണ്ണിൻ്റെ മിടിപ്പുകൾ
നിലയ്ക്കുവാൻ തുടങ്ങുന്ന
കാലത്തിന്നെവിടെയോ
മഴത്താളം തെറ്റുന്നു .

മഴയപ്പോൾ വിതുമ്പുന്നു
മഴത്തുമ്പികൾ മറയുന്നു
കാവുതീണ്ടി ബാക്കിയായ
മരക്കുറ്റികൾ കരയുന്നു

കാവു കണ്ണീർ തുടയ്ക്കുന്നു
കരിമ്പാറകൾ തേങ്ങുന്നു.
മഴ പൊട്ടിക്കരയുന്നു
മഴപ്പാട്ടോ ചിലമ്പുന്നു
കാറ്റും ഒപ്പം കലമ്പുന്നു.
കാവ് ചുറ്റിക്കറങ്ങുന്നു.

മഴ മണ്ണിൻമാറിലേക്ക്
ഊളിയിട്ടങ്ങിറങ്ങുന്നു
പുഴ പൊട്ടിച്ചിരിക്കുന്നു
പുഴ ചിറകു വിരിക്കുന്നു
വിറ്റുപോയ പൈതൃകങ്ങൾ
തേടി ധരണിയിലയുന്നു
അറ്റുപോയ നാടിൻ ഗരിമയിൽ
മലനിരകൾ ഇടറുന്നു.

ഇടറിവീണ മണ്ണിലേക്ക്
തീമിന്നൽ തിറയാട്ടം.
തിറയാടും പൂതങ്ങൾ
കാവു തീണ്ടാനണയുന്നു
അടിവേരുകൾ ചികയുന്നു
പുതുനാമ്പുകൾ നുള്ളുന്നു

പൂതങ്ങൾ കാണാതുഴറു-
ന്നുണ്ണികളും അമ്മമാരും
നെഞ്ചുരുകി വിളിക്കുമ്പോൾ
മണ്ണവരെ പുണരുന്നു

ഉണ്ണികൾക്ക് വിശക്കുമ്പോൾ
മണ്ണപ്പം ചുടും നേരം
പുക മേലെപ്പരക്കുന്നു
കനൽ കീഴെ തിളങ്ങുന്നു.
പൂതങ്ങൾ മണ്ണടരിന്മേൽ
എത്തിനോക്കിച്ചിരിക്കുന്നു
അമ്മമാരോ കനൽവാരി
പുറത്തേക്കാഞ്ഞെറിയുന്നു .

മലമുഴക്കും കിളിക്കൂട്ടം
കാവുണർത്തി മറയുന്നു
വിണ്ണിലപ്പോൾ പൂവാകകൾ
പൂത്തുലഞ്ഞു നിറയുന്നു.
പൂവാകച്ചില്ലയിലേറി
കാറ്റോ നിന്നു ചിണുങ്ങുന്നു.
കാറ്റിൻ്റെ കൈകളിലേറി
മഴ, മാനത്തെത്തുന്നു
മണ്ണടരിന്നടിയിലെ ചൂടിൽ
ഉണ്ണികളോ മയങ്ങുന്നു
ഉണ്ണിക്കനവിന്നോരത്തായ്
അമ്മമാരുറങ്ങുന്നു.

മണ്ണിലുതിരും കനവുകളപ്പോൾ
കാടകങ്ങളിൽ പൂക്കുന്നു
ഇരുളിൻ മറവിൽ തിറയാടും
പൂതങ്ങളൊടുങ്ങുന്നു
പുക മേലെ പൊങ്ങുന്നു
മേഘക്കണ്ണു കലങ്ങുന്നു
മഴയപ്പോൾ താഴേയ്ക്കൂർന്ന്
കാവിന്നുള്ളം തിരയുന്നു.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.