മറവിയില്‍

ഓരോരുത്തരിലും നിഗൂഢമായി
ഒളിച്ചിരിക്കുന്ന ഒരാളുണ്ടാവും.
അയാളാണ് മറവി.

മറവി
എവിടെയൊളിച്ചിരിക്കുന്നുവെന്ന്
കണ്ടെത്താന്‍ പ്രയാസമാണ്.
എന്നാലെല്ലാവര്‍ക്കുമറിയാം
മറവിയിലാണ്
എല്ലാമൊളിച്ചിരിക്കുന്നത്,
ഓര്‍മ്മ പോലും.

ചിലരെ ഒന്നു തോണ്ടിയാല്‍ മതി
ചിലരെ തൂവലുരസിയാല്‍ മതി
ചിലരെ ചൂരല്‍ കൊണ്ടുതന്നെ
ചൂടാക്കേണ്ടി വരും.
ചിലരെ നുള്ളു കൊണ്ട്
ചുംബനം കൊണ്ടും.

സ്പര്‍ശിക്കാതെയും
ഉരുമ്മാതെയുമുണര്‍ത്താം
മറവിയെ.

മറവിയെന്നത്
രൂപാന്തരപ്പെടും
ഓര്‍മ്മകളാണ്.
ഓര്‍മ്മകളോ
എപ്പോഴായാലും
ബോധക്ഷയം വന്ന്
മറവിയാവും.

തിരിച്ചെടുക്കാനാവാത്ത
മറവിയാണ് മരണമെന്ന്
മരിച്ചു കഴിഞ്ഞെങ്കിലും
അറിയുമായിരിക്കും.

ശ്രദ്ധിച്ചിട്ടുണ്ടോ,
മനുഷ്യനാണെന്നും
മാഞ്ഞുപോകും
മറവി.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.