ബേട്ടി ബചാവോ

നഗ്നത കാഴ്ചയായ്, റോഡിൽ,
നാൽക്കവലയിൽ പൊള്ളുന്ന മനം,
പൊടിയുന്ന ദേഹം
ചുവർ ചാരി ഇരിക്കുന്ന ഒരു തുണ്ട് മാംസം
തേളുകൾ ഇഴഞ്ഞു നടന്ന
ഇതോ പൂമേനി

അവൾ ഇനി എന്ത്, ഇനി എന്തിന്
തല താഴ്ന്ന സീതക്കായ്
ഭൂമി പിളരാത്തതെന്തേ  
ലോകത്തിനവൾ കപട വിലാപം
പെണ്ണിന്റെ മാനം മണ്ണ് പിടിക്കാന്‍?

വാ തുറക്കാതെ നാട് കത്തിക്കും,
ചുട്ടുകൊല്ലും സ്വയം,
നട്ടെല്ല് ഊരി ചെങ്കോലാക്കും,
വീണു വണങ്ങും
കോർപറേറ്റുകൾക്ക് രാജ്യം തീറെഴുതും
വെറുപ്പിന്റെ വിത്തുപാകി
പകയുടെ വിളവെടുക്കും

അവൾക്കു ചുറ്റും നീളമുള്ള നിഴലുകൾ
അവൾക്കു നേരെ നീളുന്ന കൈകൾ
തേളുകൾക്കായി അവൾ ഒരുങ്ങി
വസ്ത്രം ഇല്ലാത്തവളെ
ഇനി എങ്ങിനെ നഗ്നയാക്കും

ഈ കൈകൾ
അവളുടെ കൈപ്പത്തി കവരുന്നു
മുഖമുയർത്തി കണ്ണീരൊപ്പുന്നു
കൂടിപ്പിണഞ്ഞ് നഗ്നത മറയ്ക്കുന്നു
താങ്ങി എടുത്ത് മാറോട് അണയ്ക്കുന്നു

ആ കൈകൾക്ക് ഭാഷയില്ല,
മതമില്ല, ലിംഗമില്ല
മുഷ്ടികൾ ചുരുണ്ടു,
ഒന്നിച്ചത് ഉയർന്നു,
ഒരു രാജ്യമായി തീര്‍ന്നു

നീച രാഷ്ട്രീയത്തിന്റെ തല തകര്‍ത്തതിൽ
വേട്ടയാടപ്പെട്ട ‘ബേട്ടി’കള്‍
ചുടല നൃത്തമാടുന്നു

സ്വദേശം വടക്കൻ പറവൂരിൽ ആണെങ്കിലും ജനിച്ചുവളർന്നത് ചെറായിയിൽ. ദുബായിയിൽ സ്വകാര്യ സ്‌ഥാപനത്തിൽ ജോലിചെയ്യുന്നു. വളരെ വർഷങ്ങളായി കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ സന്നദ്ധ പ്രവർത്തകനാണ്.