പെണ്ണുങ്ങളുടെ കഥകൾ (സതീജ.വി.ആർ)

പെൺമനസ്സിൻ്റെ വെളിപ്പെടാത്ത അതിനിഗൂഢതകളുടെ തിരശ്ശീല വകഞ്ഞുമാറ്റലാണ് ശ്രീമതി. സതീജ. വി. ആർ എഴുതിയ ‘മൂന്നുപെണ്ണുങ്ങളുടെ കഥ’ എന്ന സമാഹാരം. ഓരോ കഥയും ഓരോ പ്രബന്ധത്തിനു പര്യാപ്തം. പതിനൊന്നുകഥകൾ സ്ത്രീചിത്തത്തിൻ്റെ കാണാക്കയങ്ങളിൽ മുങ്ങിത്തപ്പുമ്പോൾ പുരുഷനവൾ ഉടൽമാത്രമാണെന്ന യാഥാർത്ഥ്യം പിന്നെയും ഊട്ടിയുറപ്പിക്കപ്പെടുന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും എത്രമേൽ വളർന്നാലും സമൂഹം ആധുനികീകരിക്കപ്പെട്ടാലും സ്ത്രീശരീരമെന്ന ഉപഭോഗവസ്തുവിൻ്റെ നില മാറ്റമൊന്നുമില്ലാത്തതായി വർത്തിക്കുകയും അതിലുപരി മാംസനിബദ്ധമാണു രാഗം എന്ന കാഴ്ചപ്പാടുകൂടി പക്ഷഭേദങ്ങളൊന്നുമില്ലാതെ അംഗീകരിക്കപ്പെടേണ്ടിവരികയും ചെയ്യുന്നു.

സ്ത്രീ ദേവിയാണ്, പൂജനീയയാണ് എന്നൊക്കെയുള്ള അതിരുകടന്ന വാചാലതയിലെ ചാരുതയെയും അമ്മയെന്ന പരമപാവനതയെയും നിഷ്പ്രഭമാക്കിക്കൊണ്ട് പ്രായഭേദമെന്യേ, നിറവർഗ്ഗതരസൗന്ദര്യമെന്യേ അവൾ ശരീരംമാത്രമായിച്ചുരുങ്ങുകയോ വികസിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. വർണ്ണനകൾക്കതീതമായി, നിർവ്വചനങ്ങൾക്കു പിടികൊടുക്കാതെ പുരുഷപ്രജ്ഞയിൽ കോളിളക്കമുണ്ടാക്കുന്നതു അവൾ തുടരുന്നു.

മൂന്നു തലമുറയുടെ കഥ പറയുന്ന ‘മൂന്നു പെണ്ണുങ്ങളുടെ കഥ’ യിൽ പുരുഷൻ തങ്ങൾക്കിടയിൽ അത്യന്താപേക്ഷിതഘടകമേയല്ലെന്നു സ്ഥാപിക്കാൻശ്രമിക്കുമ്പോഴും ചിന്തയുടെയും അനുഭവത്തിൻ്റെയും അന്തരാളങ്ങളിൽ അവൻ നിറഞ്ഞുനിൽക്കുന്നതു കാണാൻകഴിയുന്നുണ്ട്. അയാളെ അടർത്തിയെറിയണമെന്നു വിചാരിക്കുമ്പോഴും പറ്റിപ്പിടിക്കാൻ ശ്രമിക്കുന്ന പെൺമനസ്സെന്ന പ്രഹേളിക!

സപത്നിയായ സരസുവിനോട് സാവിത്രിക്കുഞ്ഞമ്മയുടെ മരിക്കുന്നതിനുമുമ്പുള്ള “സരസോ നീ അങ്ങോരെ പൊന്നോലെ നോക്കീല്ലോ?” എന്ന പതിവ്രതയായ ഒരു പത്നിയുടെ ചോദ്യത്തിനെക്കാൾ ”പെരുമ്പാമ്പാ, അത് കണക്കാ ചുറ്റിവരിയണേ വൃകോദരൻ ” എന്നു നാണിച്ചു പകുതിയിൽ നിർത്തുമ്പോൾ മനസ്സിൻ്റെ മാത്രമല്ല ശരീരത്തിൻ്റെയും ഒടുങ്ങാത്ത ചോദനങ്ങൾക്കു നേരെയുള്ള പാതിമാത്രം തുറക്കപ്പെട്ട വാതിൽക്കാഴ്ചയാകുന്നു.

ആൺകോയ്മയെ വെന്നുകൊണ്ട്, പിതാവിനെ കത്തുന്ന കണ്ണുകളോടെ നോക്കിചൂളിപ്പിച്ചു തോൽപ്പിച്ച് വാലുചുരുട്ടിയ നായയെപ്പോലെ അയാളെ ആൾക്കൂട്ടത്തിലേക്കു ഊളിയിടിപ്പിച്ച് പിന്നൊരിക്കലും ആ ഭാഗത്തേക്കു വരാതെയാക്കിയ അംബാട്ടിക്കുഞ്ഞമ്മ, സ്ത്രീശക്തിയുടെ ഉടലും ഉയിരുമായി പോരാട്ടം തുടരുന്നത് ഒറ്റപ്പെടലിൻ്റെ തുരുത്തിൽനിന്നു തുടരുമ്പോളുള്ളതിൻ്റെ ആഘാതപ്രത്യാഘാതങ്ങൾ മകളിലൂടെയാണു പ്രതിഫലിക്കുന്നത്.

“ചുറ്റും പെരുമ്പാമ്പുകളാ. ചുറ്റിവരിയുമ്പോഴേ അറിയൂ.” എന്നവൾ പറയുമ്പോൾ സാവിത്രിക്കുഞ്ഞമ്മ അവളുടെ അച്ഛനെക്കുറിച്ചു നുണഞ്ഞ നറുംപാൽ പുളിച്ചു തികട്ടുന്നു.

“കൊച്ചിൻ്റെ പടിത്തമേ തൊലച്ച് ” എന്ന രാമൻനായരുടെ അസ്ഥാനത്തല്ലാത്ത അഭിപ്രായം അപ്രസക്തമല്ലതന്നെ. പാവാടയും ഉടുപ്പും ധരിച്ച് മുടി ക്രോപ്പ്ചെയ്യാതെ സാധാരണക്കുട്ടികളെപ്പോലെ മതിയെന്ന് ഒരുവേള ശഠിച്ച മകൾ ചാത്തച്ചാരെപ്പോലെ മരംകയറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സാദ്ധ്യമായി ആകാശത്തിലേക്കെന്നപോലെ ഉയർന്നുയർന്നു പോകുന്നതു കണ്ടുനിന്നു ഭയക്കുന്ന അമ്മ, അക്ഷരാർത്ഥത്തിൽ എല്ലാ അമ്മമാരെയും പ്രതിനിധീകരിക്കുന്നു.

ജീവിതത്തിൻ്റെ ചെറിയ ചെറിയ വേദികളിലെങ്കിലും വിധിയെ വെല്ലുവിളിക്കാനൊരുമ്പെടുന്ന പെൺപരിശ്രമത്തിനുമുന്നിൽ ആകാശംപരന്നു കിടക്കുകമാത്രം.”മോളേ” എന്ന വിളിയുടെ അനുരണനങ്ങൾ അവിടെ പ്രകമ്പനംകൊള്ളാതെ ശബ്ദങ്ങളെ വായ്ക്കുള്ളിൽ തളച്ചുവച്ച് അവളുടെ ആരോഹണം സ്വപ്നംകാണുന്നതു തുടരുകയും ചെയ്യുന്നു.

ഒരു സ്വപ്നത്തെപ്പോലെ തന്നെ ഭ്രമിപ്പിച്ച ഒരു പ്രേമലേഖനത്തിലെ മനോഹാരിതയും തീവ്രതയുമുള്ള വരികളുടെ സാക്ഷാത്കാരം സ്വന്തമാക്കാൻ രഹസ്യമായിക്കൊതിച്ചു സാഫല്യംനേടിയിട്ടും മുൻപ്രണയത്തിൻ്റെ ക്ഷതമേറ്റ മനസ്സും കൈകളുംകൊണ്ടുള്ള അവൻ്റെ ആലിംഗനമേറ്റു അസ്വസ്ഥപ്പെടുന്ന പെൺമനസ്സ് മറ്റൊരു പ്രഹേളികയാണെന്ന് പറയാതെ പറയുന്നു ‘ രൂത്തിൻ്റെ പുസ്തക ‘ത്തിൽ. കിടക്കറയിലെ ഉന്മാദത്തിൻ്റെ തീച്ചൂളയിൽ, ഓഫീസ് പാർട്ടികളിൽ കുടിച്ചു നാവുകുഴയുമ്പോഴൊക്കെ പഴയ കാമുകിക്കുവേണ്ടിപ്പരതുന്ന ഭർത്താവിനുമുന്നിൽ സകലചൈതന്യവും നഷ്ടപ്പെട്ടവളായി ആവർത്തനകാണ്ഡങ്ങൾ താണ്ടുന്ന നായിക ഒറ്റപ്പെട്ടവളല്ല. മനസ്സിൻ്റെയും ശരീരത്തിൻ്റെയും സുഖവും ശാന്തവുമായ അടക്കം നഷ്ടപ്പെട്ട് ഗതികിട്ടാതെയലയുമ്പോൾ പ്രണയം വെറും പുകയാണെന്നും ഭ്രാന്താണെന്നും ഒരിക്കലും അവസാനിക്കില്ലെന്നും മരണംപോലെ ബലമുള്ളതാണെന്നും ഒരു നദിക്കും മുക്കിക്കളയാനാവാത്തതാണെന്നും തളർത്താൻ സർവ്വശക്തനായ യഹോവയ്ക്കുപോലുമാകില്ലെന്നുമുള്ള സമവാക്യങ്ങൾ അവൾക്കുചുറ്റും വാക്കുകളായി നർത്തനംചെയ്യുന്നു.

വാക്കുകൾക്കാശ്വാസമേകാനാകുമായിരുന്നെങ്കിൽ ‘പഴകിത്തേഞ്ഞ ഒരു പശുക്കഥ’യിലെ അശോകന്, മകൻ്റെ പിതൃത്വം തന്നിലേക്കു ചേർത്തുവയ്ക്കാനായി ശുഭ പലതവണ ഉറപ്പിച്ചിരുന്ന അവൻ്റെ നീണ്ടുവളഞ്ഞ മൂക്കിലും ഇരട്ടത്താടിയിലുമൊക്കെ സംശയത്തോടെ നോക്കേണ്ടിവരില്ലായിരുന്നു. ഒരേ വിഷയത്തിൻ്റെ പേരിൽ പ്രിൻസിപ്പാളിനാൽ കോളേജിൽ വിളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നു ബോദ്ധ്യമായ അശോകനും മോഹനനും രാഹുൽ എന്ന ഒരേ പേരുള്ള മക്കൾക്കിടയിൽ ഐപ്പ് സാറിൻ്റെ മുന്നിലും പ്രിൻസിപ്പാളിൻ്റെ മുന്നിലുമായി നിൽക്കുമ്പോൾ പിതൃത്വമെന്ന മേൽവിലാസത്തിൻ്റെ ആധികാരികതയ്ക്കു മുന്നറിവു തരികയാണ് ഓർമ്മയിലെ പശുക്കഥ. കഥയുടെ ഗതിയിലും ഇതിവൃത്തത്തിലും ഇക്കഥ നൽകുന്ന ദീർഘദർശനം കഥനരീതിക്കൊരു മുതൽക്കൂട്ടും അനിതരശൈലിയും ചമയ്ക്കുമ്പോൾ ഒളിച്ചുവച്ചിരുന്ന പിതൃത്വം വെളിച്ചം കണ്ടതിലുള്ള ചാരിതാർത്ഥ്യമനുഭവിക്കാൻ കഴിയാതെ ഞെരുങ്ങുന്ന മോഹനനെയോ സ്വയമില്ലാതെയായിപ്പോയതു പോലെയുള്ള അവസ്ഥകൊണ്ട അശോകനെയോ ഉപരി ചിന്തിക്കേണ്ടതു ശുഭ എന്ന ഭാര്യയെക്കുറിച്ചാണ്.

എങ്ങനെയോ പിരിയേണ്ടിവന്ന കാമുകൻ്റെ മകനെ പ്രസവിച്ച് അയാളുടെ ഓർമ്മകളിൽത്തളരാതിരിക്കാൻ റാങ്കൊക്കെക്കിട്ടിയ വിദ്യാഭ്യാസജീവിതം വലിച്ചെറിഞ്ഞ് അടുക്കളപ്പുകയുടെ മണംശ്വസിച്ച് കോഴി, ആട്, പശു എന്നിവയെ പരിപാലിച്ചു മുന്നോട്ടുനീങ്ങുമ്പോൾ അവളുടെ മുന്നിൽ ദിനരാത്രങ്ങൾമാത്രമേയുള്ളൂ. നഷ്ടങ്ങളിൽപ്പെട്ടുഴലാനും ജന്മംതന്നെയഴലിൽ മുക്കിക്കളയാനുമൊരുമ്പെടുന്ന സ്ത്രീ നിശ്ശബ്ദതയിലും നെടുവീർപ്പുകളിലും തന്നെ തളയ്ക്കുന്നു.

പുറംലോകത്തോടു പരാങ്മുഖതകാണിക്കാൻ മതിയായ നഷ്ടങ്ങളുള്ളപ്പോഴും പുരുഷൻ ഇരതേടുകയും ഇണതേടുകയും ചെയ്യുന്നു. എന്നാൽ ‘കളഞ്ഞുപോയവൾ’ എന്ന കഥയിലെ വിമല തൻ്റെ ഇരട്ടപ്പെൺകുട്ടികളിലൊന്നിനെ നഷ്ടമായപ്പോൾമുതൽ അങ്ങനെയല്ല. നഗരത്തിൻ്റെയും നാരിയുടെയും ചന്ദനഗന്ധം ഭ്രമിപ്പിക്കുമ്പോൾ കോർപ്പറേറ്റ് ബിസിനസ്സുകളുടെ വളർച്ചയ്ക്ക് പെണ്ണുടലുകൾ എപ്രകാരമാണു ഉൽപ്രേരകമാവുന്നത് എന്നതിനെ സംബന്ധിച്ച് ഒരദ്ധ്യായംകൂടി ബിസിനസ് മാനേജ്മെൻറ് പഠനത്തിൽ ഉൾപ്പെടുത്തേണ്ടതാണെന്ന പ്രായോഗികനിർദ്ദേശം ആണധികാരത്തിൻ്റെ സാധാരണതലവും പെൺമേനിയെന്നത് ഉപഭോഗവസ്തുവിൽക്കവിഞ്ഞൊന്നുമല്ലെന്നും വീണ്ടും വീണ്ടും തെളിയിക്കുന്നു.

ഉപജീവനം വഴിമുട്ടുമ്പോൾ ഇടതുനെഞ്ചിൽ മറുകുള്ളവൾക്കു സന്ന്യാസയോഗമാണെന്ന ജാതകക്കുറിപ്പ് താളിയോലകളിരുന്ന് കൊഞ്ഞനം കുത്തവേ അവൾ അപരൻ്റെ കിടക്കയിലിരുന്ന് ഉടുപ്പിൻ്റെ കുടുക്കുകൾ അഴിക്കുന്നു. ഭാഗ്യമറുകാകട്ടെ നഖമുനയും ദന്തക്ഷതവുമേറ്റ് കരുവാളിച്ചു കിടക്കുകയും; അവളുടെ മനസ്സുപോലെ. കുടഞ്ഞെറിഞ്ഞാലും പിന്നെയും മണക്കുന്ന ചന്ദനം ആസക്തിയുടെ പൂക്കൾ വിരിയിക്കുമ്പോൾ പാവക്കുഞ്ഞുങ്ങൾക്കു മുഖംകാണില്ല, മേനിമാത്രം.

തൻ്റെ മേനിയിൽ തേരട്ടകളെയും പുഴുക്കളെയുംപോലെ ഇഴഞ്ഞുനീങ്ങിയ ദുർഗ്ഗന്ധമുള്ള വിരലുകളുടെ ഉടമയെയറിയാതെ, ഓക്കാനിച്ചുകളയാൻ കിണഞ്ഞൊരുവൾ ശ്രമിച്ച് ധ്യാനത്തിലെന്നവണ്ണം അബോധത്തോടെ നീതിക്കുവേണ്ടി ബോധപൂർവ്വം അവസാനത്തെ കച്ചിത്തുരുമ്പായി അവ അയവിറക്കിയത് ദിഗന്തങ്ങളെ നടുക്കിയിരിക്കാം. എന്നാൽ നായകളുടെ ഘ്രാണശക്തിയിൽമാത്രം വിശ്വസിക്കുന്ന ഇന്ത്യൻ പീനൽ കോഡിൻ്റെ കാര്യക്ഷമതയെ ‘ഉയിർപ്പിൻ്റെ അടയാളങ്ങളി’ ൽ പറയുമ്പോൾ നിയമത്താലും ദൈവനീതിയാലും അരക്ഷിതത്വമനുഭവിക്കേണ്ടവളാണു സ്ത്രീയെന്നും അവൾക്കു പഞ്ചേന്ദ്രിയങ്ങളോ മനസ്സോ പാടില്ലാത്തതാണെന്നും ചേർത്തുചൊല്ലുന്നു.

പ്രണയത്തിൻ്റെ ദിനരാത്രങ്ങളാവർത്തിക്കുമ്പോൾ അതു പ്രത്യാശയോടു ചേർത്തുവച്ച് നിരാസത്തിൻ്റെ നിലയില്ലാക്കയത്തിൽ പതിക്കുമ്പോൾ കാമുകൻ വിതച്ച വിത്തു മുളച്ചതും മുളയ്ക്കാത്തതും ചിന്തയ്ക്കു രണ്ടാമതായിത്തള്ളി വിധിയെന്തായാലും വരിക്കാൻ സദാ സന്നദ്ധയായവളുടെ നിലയ്ക്കാത്ത കണ്ണീരിൻ്റെ മഴയായുള്ള രൂപാന്തരം ‘ഒറ്റമരങ്ങളി’ൽ തോരാതെപെയ്യുന്നു. പുഴുങ്ങി ഉപ്പിട്ട കാരയ്ക്കകളുടെ ഗന്ധവും രുചിയും വായനക്കാരൻ്റെ ശ്വാസവും ഉമിനീരും ഏറ്റുവാങ്ങി ഉൽപ്പത്തിയോളം പഴക്കമുള്ള മാനിനിയുടെ കണ്ണുനീരിൻകഥ പറുദീസാനഷ്ടത്തിൻ്റെ പേരിലല്ല, സ്വന്തമെന്നുകരുതി പ്രിയം ചേർത്തയൊരാളിൻ്റെ പിരിഞ്ഞു പോകലാലാണെന്നുറപ്പിക്കുന്നു.

പിരിഞ്ഞുപോകാത്തയൊരാത്മാവിൻ്റെ തേങ്ങൽ കുറേക്കാലത്തേക്കു കേട്ടുകൊണ്ടേയിരുന്ന വികാരിയച്ചൻ കുമ്പസാരക്കൂട്ടിൽനിന്നു വീണ്ടും പാപങ്ങളേറ്റുവാങ്ങി കർത്താവിങ്കലർപ്പിക്കുമ്പോൾ, ഏറ്റുപറച്ചിലിലൂടെ വിശുദ്ധന്മാരേറുമ്പോൾ, അശുദ്ധമാക്കപ്പെട്ട ശരീരത്തോടും അശാന്തമാക്കപ്പെട്ട മനസ്സോടും ആത്മാവുതന്നെ നഷ്ടപ്പെട്ടവരെ പ്രതിനിധീകരിച്ച് ഒരുവൾ അവർക്കിടയിൽ ഇടറിവീഴുന്നു.’ദൈവവഴികൾ’ അവൾക്കുള്ളതാവുന്നില്ല, ദൈവംപോലും അവൾക്കില്ല.

ദൈവവചനങ്ങളുടെ പുസ്തകവും ദൈവനിരാസത്തിൻ്റെ പുസ്തകവും സഹശയനംചെയ്യുന്ന തകരപ്പെട്ടിയെ അറിയാതെ സാക്ഷിയാക്കിത്തുടങ്ങിയ ദാമ്പത്യപൂരകത്തിൻ്റെ പാരസ്പര്യം അവയിലൊന്നിൻ്റെ സ്ഥാനചലനത്തോടെ ഭ്രംശനം സംഭവിച്ചുതുടങ്ങുന്നിടത്തു ‘മഴയിലേക്കു തുറക്കുന്ന വീടുകൾ ‘ അവസാനിക്കുന്നു. ഭാര്യാഭർത്തൃബന്ധത്തിനെ വിളക്കിച്ചേർക്കുന്നതിൽ മക്കൾ വഹിക്കുന്ന പങ്കിൽ ഏകമകൻ്റെ ദാരുണമായ അന്ത്യം രാഷ്ട്രീയപകയുടെ ബാക്കിപത്രമായി പതിക്കുമ്പോൾ വിള്ളലുകൾ വീഴുന്നു. സ്വന്തം വിശ്വാസവും വിചാരവുമടക്കി പതിക്കൊപ്പം അയാളുടെ ഇച്ഛകളെ വരിച്ച് കുഞ്ഞിനെ പ്രസവിച്ച് തൻ്റെ സംസ്കാരമായ ഈശ്വരചിന്തയും ത്യജിച്ച് ജീവിതത്തിൻ്റെ ഒഴുക്കിനൊത്തു നീങ്ങി സമവായപ്പെട്ടു കഴിഞ്ഞുപോകുന്ന ഒരു വീട്ടമ്മ, അവളെ താനൊരിക്കൽ മാറ്റിവച്ച വേദപുസ്തകവായനയിലേക്കു തിരിച്ചുവിളിക്കുന്ന ശക്തമായ ജീവിതസാഹചര്യം, ഈശ്വരചിന്തകളെക്കാൾ ഉയർന്ന മാനവികതപേറുന്ന ഭർത്താവിൻ്റെ വിശ്വാസകേന്ദ്രമായ തത്ത്വചിന്തകളിലുള്ള അവിശ്വാസമുണ്ടാക്കിയ മകൻ്റെ കൊലപാതകമാവുമ്പോൾ ഇനിയൊന്നിനോടും രമ്യതയിൽപ്പെടാതെ വേദപുസ്തകത്തിലേക്കു കൂപ്പുകുത്താൻ പ്രേരിപ്പിക്കുന്നു. അത് ആത്യന്തികമായി ഒരു മാതാവിൻ്റെ മനസ്സിനെ ആശ്ലേഷിക്കുന്നതല്ലെങ്കിലും.

കാടിൻ്റെ വിളി തടുക്കാനാവാതെ അതിനെ ആശ്ലേഷിക്കാൻ തുനിഞ്ഞിറങ്ങിയ ഡോ. മിലിന്ദ് ശ്രീനിവാസനൊപ്പം ഭാര്യ ലീലയുമുണ്ടായിരുന്നു. ആദിവാസികളുടെ ബോധവത്കരണത്തിനും ഉന്നമനത്തിനും മുതിർന്നതിൻ്റെ ഫലമായി അയാൾ മരണപ്പെട്ടപ്പോൾ പലായനത്തിൻ്റെ പാതതേടിയ ലീലയും കുഞ്ഞും കൂടാതെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ശന്തനുവും കാടിൻ്റെ മകനായ നൊപ്പുവും അടക്കമുള്ളവർ മരണത്തെപ്പുൽകി ആത്മാക്കളായി യഥേഷ്ടം അയനംനടത്തുന്നു ‘ആത്മായനങ്ങളിൽ.’

സിംഹപ്രസവം ഷൂട്ടു ചെയ്യാനൊരുങ്ങുകയായിരുന്ന ക്യാമ്പിൽ താനുണ്ടായിരുന്നത് ശന്തനു ശ്രദ്ധിച്ചിരുന്നില്ലയെന്നത് ,ഭർത്തൃമതിയായിരുന്നിട്ടുകൂടിയും ലീലയെ നിരാശപ്പെടുത്തിയെങ്കിൽ അയാളെപ്പോലെയൊരാളിൻ്റെ ശ്രദ്ധയാകർഷിക്കാൻ പറ്റിയ യാതൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് തുടർന്ന് വാക്കുകളെ പുറപ്പെടുവിക്കണമെങ്കിൽ തൻ്റെ സ്വത്വത്തിനെക്കാൾ ശരീരത്തെ പ്രദർശനോപാധിയാക്കിക്കൊണ്ട് വിദൂരമായിട്ടെങ്കിലും തനിക്കാകർഷണം തോന്നിയ പുരുഷൻ്റെ ബോധത്തെ പിടിച്ചുപറ്റാൻ ശ്രമിച്ചതുകൊണ്ടാണ്. ഭാര്യയാണെങ്കിലും അവളുടെ കാമനകൾക്കും ചിറകും അതിനൊരാകാശവുമുണ്ട്.

ആകാശത്തിനു കീഴെയുള്ള വിശാലമായ ഭൂപ്പരപ്പിൽ ‘ഉറുമ്പുകൾ ബാക്കിയാക്കിയതി’ ൽ കൊലുസുകളിട്ട രണ്ടു കാലുകൾമാത്രമാകവേ, കാണാതായ ശരീരത്തെച്ചൊല്ലിയുള്ള ആശങ്കകളും അന്വേഷണങ്ങളും അതിൻ്റെ വഴിക്കുപോകുമ്പോൾ തങ്ങളുടെ പ്രിയപ്പെട്ട ഉടൽചിഹ്നങ്ങളെ വിഭ്രാന്തിയിലൂടെക്കണ്ടുനടുങ്ങുന്ന പിതാക്കന്മാരെ സംബന്ധിച്ച് പെൺമക്കളുടെ ഉടൽഭാരം മരിക്കുവോളം പേറേണ്ടതാണ്. പെൺസന്തതികളെന്നാൽ അങ്ങനെയാണല്ലോ.

മരണചിന്തകൾ കടന്നുപോലും വന്നിട്ടില്ലാത്ത ബാല്യത്തിൻ്റെ നൈർമ്മല്യത്തിൽ അമ്മയും അമ്മൂമ്മയും തീർത്ത സംരക്ഷണവലയത്തിനുമപ്പുറത്തായിരുന്നു കുട്ടിക്കു ‘പവിഴമല്ലിച്ചോട്ടിലെ കുതിര.’ സ്വപ്നങ്ങൾക്കു മൂർത്തഭാവം നൽകിയിരുന്ന അതിൻമേൽ കുഞ്ഞുസങ്കല്പങ്ങൾ കഥകളിൽനിന്നും പറന്നിറങ്ങി ഉയരങ്ങൾ തേടി. ഏക ബന്ധുവായ അമ്മ അന്യയായെന്നറിയുന്ന നിമിഷത്തിൻ്റെ വിസ്ഫോടനാത്മകത ഒരു ബാലികയെ അടിമുടി താളംതെറ്റിക്കുമ്പോൾ, അവളുടെ ഭൂമിയാകെ വഴുതിപ്പോകുമ്പോൾ മറ്റൊരു പെൺശരീരം രൂപപ്പെടുകയായി.

പെൺരൂപങ്ങൾക്കുള്ളിലെ ചങ്ങലക്കിടപ്പെട്ട മനസ്സുകളുടെ കുതറലും കുതികൊള്ളലും സൂക്ഷ്മവും സ്ഥൂലവുമായി പര്യവേക്ഷണംചെയ്ത് എല്ലാശുദ്ധാശുദ്ധങ്ങളോടുമവതരിപ്പിക്കാൻ ഇനിയൊരു സമാനചിത്തത്തിനേകഴിയൂയെന്നു നിസ്സംശയം തെളിയിച്ച് വിജയിച്ചിരിക്കുകയാണു കഥാകാരി. പ്രഹേളികയെന്നും സമസ്യയെന്നും ഇനി മറ്റു ചിലതെന്നും അവളുടെ ചിത്തത്തെ വിശേഷിപ്പിക്കുമ്പോൾ ശരീരമെന്നത് ആണിനവകാശത്തോടെ കീഴടക്കേണ്ടതായോ ആസ്വദിക്കപ്പെടേണ്ടതായോ കരുതുന്നതിൽ അണുപോലും മാറ്റം വരുന്നില്ല.

ഇതൊരു പെൺപക്ഷകൃതിയല്ല. സ്നേഹത്തിൻ്റെയും ധാർമ്മികതയുടെയും സഹവർത്തിത്വത്തിൻ്റെയും ത്യാഗത്തിൻ്റെയും തുടങ്ങി പെൺമാനസികപരിസരത്തിൻ്റെ ആകെത്തുകയാണ്. എന്നിരിക്കെത്തന്നെ വസ്തുതകളുടെ സൂക്ഷ്മസ്വഭാവവർണ്ണനയുടെ പരഭാഗശോഭയേന്തുകയുംചെയ്യുന്നു. ഏതൊരു സന്ദർഭത്തിൻ്റെയും അതിവിശാലവും അതിലോലവുമായ പശ്ചാത്തലഭംഗികൾ സവിസ്തരം നൽകിയിരിക്കുന്നത് കഥാകാരിയുടെ വീക്ഷണകോണിൻ്റെയും ഭാവനാസമ്പന്നതയുടെയും സമ്മിശ്രപ്രതിഫലനവും.

വാമൊഴിയുടെ ചാരുത പരിഷ്കാരത്തിൻ്റെ മേമ്പൊടിയില്ലാതെ അകൃത്രിമമായി വിരാജിക്കുന്നതിനൊപ്പം എഴുത്തിൻ്റെ അനർഗ്ഗളപ്രവാഹം സാഹിത്യകാരിയുടെ ആഴമേറിയവിഷയാനുബന്ധിയായ അറിവിനെ ദൃഷ്ടാന്തപ്പെടുത്തുന്നു.

നാട്ടിൻപുറത്തിൻ്റെ വിശാലവക്ഷസ്സിൽനിന്നും ഈ തൂലികയെ തെല്ലുപോലും അകറ്റിനിർത്താൻ കഴിയുന്നില്ലയെന്നതാണു മറ്റൊന്ന്. പൂരവും ഭഗവതിയും നാടും മറ്റുംചേർന്ന് നാട്ടിൻപുറത്തിൻ്റെ മണമുള്ള കഥകൾതന്നെയാവുന്നിവ. നഗരത്തിലെ ചർച്ചകൾക്കിടയിലും അറിയാതെ ഗ്രാമാന്തരീക്ഷത്തിലേക്കൂളിയിട്ടിറങ്ങുന്ന സന്ദർഭങ്ങൾ ഔചിത്യപൂർവ്വമായി ഘടിപ്പിച്ചിട്ടുണ്ട്.

മഴയെന്നത് ശക്തിയുള്ള ഒരു പ്രധാന കഥാപാത്രമായി പരിലസിക്കുമ്പോൾ, ചിലപ്പോളനുഗ്രഹമായും നിഗ്രഹമായും വേഷപ്പകർച്ചയാടുമ്പോൾ, മഴയുടെ വലക്കണ്ണികളെ പൊട്ടിച്ചെറിയാതെ അതിൽക്കുടുങ്ങി, കുരുങ്ങി മയിലാട്ടമാടുന്ന എഴുത്താണിക്കു വർണ്ണങ്ങളേഴിലുമേറെ.

തിരുവനന്തപുരം മണക്കാടിനടുത്ത് ജനനവും താമസവും. ഭർത്താവും മകളുമടങ്ങുന്ന കുടുംബം. ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ മലയാളം അദ്ധ്യാപിക.