പത്ത് ഒറ്റവരിക്കഥകൾ

നേരം

നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്ന ഒറ്റവരിക്കവിതയെഴുതാൻ എനിക്കു വേണ്ടിവന്ന നേരം കൊണ്ട് നീ എനിക്കന്യൻ എന്ന മഹാകാവ്യം നീ എഴുതി.

നിന്റെ ഭാഷ

തുറന്ന പുസ്തകമാണ് നീയെന്ന് പലവട്ടം പറഞ്ഞതാണെങ്കിലും അടഞ്ഞ ഭാഷയാണെന്ന് ഒരിക്കലും അറിഞ്ഞില്ല.

കാത്തിരിപ്പ്

കാത്ത് കാത്ത് ഒടുക്കം മരിക്കും എന്നു തന്നെ വെക്കുക, അതുകൊണ്ടെന്തു പ്രയോജനം?

നഷ്ടക്കച്ചവടം

നാളെകളെ മൊത്തമായി വാങ്ങി അയാൾ ഗോഡൗണിൽ ചെന്നപ്പോൾ അവിടെ ഒന്നുപോലും ചെലവാകാതെ ഇന്നുകൾ.

അഭിപ്രായ വ്യത്യാസം

മനുഷ്യ ശരീരത്തിന്റെ പൂർണ്ണനിയന്ത്രണം മൊബൈൽ ഫോൺ ഏറ്റെടുത്ത തീയതിയെക്കുറിച്ച് ചരിത്രകാരൻമാരും ജീവശാസ്ത്രകാരൻമാരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി

പിടപ്പ്

നിരൂപകൻ മീൻമാർക്കറ്റിൽ ചെന്ന് പിടയ്ക്കുന്ന മീൻ വാങ്ങി സഞ്ചിയിലിട്ട നിമിഷം മീനിന്റെ പിടപ്പ് നിലച്ചു.

അപേക്ഷ

ഒപ്പോ വിരലടയാളമോ ഇല്ലാത്തതിനാൽ ജനനസർട്ടിഫിക്കറ്റിനുള്ള ദൈവത്തിൻ്റെ അപേക്ഷ നിരസിച്ചു.

മഴവില്ല്

ഒരു മഴവില്ല് ഇഴഞ്ഞു വന്ന് നരവംശശാസ്ത്രജ്ഞന്റെ കണ്ണിൽ കടിച്ചു.

പിണക്കം

കുഞ്ഞുടുപ്പ് ഉണങ്ങാനിട്ടതു കണ്ട് മേഘം പിണങ്ങിപ്പോയി.

മനസ്സറിയും യന്ത്രം

ആരും വാങ്ങില്ലെന്നറിയാതെ നിർമ്മിക്കപ്പെട്ട മനസ്സറിയും യന്ത്രം ആക്രിക്കടയിൽ തള്ളി.

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ ജനിച്ചു. സമഗ്ര ശിക്ഷാ കേരളം കണ്ണൂർ ജില്ലാ പ്രൊജക്ട് ഓഫീസർ, പാപ്പിനിശ്ശേരി ഇ.എം.എസ്. സ്മാരക ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, മുൻ പ്രിൻസിപ്പാൾ. കേരള സാഹിത്യ അക്കാദമി അംഗം. കണ്ണൂർ യണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം. നാലു നോവലുകളും പത്ത് ചെറുകഥ സമാഹാരങ്ങളും ഒരു വിവർത്തന നാടകവുമായി പതിനഞ്ച് പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.