നർത്തകരുടെ തെരുവ്

നിറയെ നൃത്തശാലകളുള്ള
ഈ തെരുവിലെത്തുന്നവരുടെ
കാലുകളുടെചലനം
നൃത്തച്ചുവടുകളായി മാറുന്നു
കൈവിരലുകൾ മുദ്രകൾ വരയ്ക്കുന്നു !

ഇതുവഴി പോകുന്ന
വാഹനങ്ങളിലുള്ളവരെല്ലാം
പുറത്തേക്ക് നോക്കി
നൃത്തം ചെയുന്നു ,

വിലാപയാത്രകളും,
പ്രതിഷേധജാഥകളും
നൃത്തച്ചുവടുകളാൽ
ആഹ്ലാദപ്രകടനങ്ങളായിപ്പോകുന്നു!

മോഷണം നടത്താൻ
തീരുമാനിച്ചെത്തിയ കള്ളൻ
നൃത്തം ചെയ്യുന്ന തിരക്കിൽ
കക്കാൻ മറന്നു പോകുന്നു.

കൊലപാതകമാസൂത്രണം
ചെയ്തെത്തിയ ആക്രമിസംഘം
ഇരയാവേണ്ടവനോടൊപ്പം
സംഘനൃത്തം ചെയ്തു
തിരിച്ചു പോകുന്നു.

ഈ തെരുവിലുള്ള
മരങ്ങൾ പോലും നർത്തകർ,
ആകാശത്തിലേക്ക് ശിഖരങ്ങൾ വീശി
നൃത്തം ചെയ്യുകയാണവയെന്ന്
ആർക്കും തോന്നും!

കെട്ടിടങ്ങളെല്ലാം ചമയങ്ങളണിഞ്ഞു
നർത്തനമാടുമ്പോൾ അരങ്ങിൽ
നിന്ന് പകർത്തിയ ചിത്രം
പോലെ മനോഹരം.

പാതയുടെ ഇരു വശവുമുള്ള
ഉദ്യാനത്തിൽ പുക്കളും,
ചിത്രശലഭങ്ങളും
കുഞ്ഞുങ്ങൾക്കൊപ്പം നൃത്തമാടുന്നു.

ഇവിടെയുള്ള അക്വെറിയങ്ങളിൽ
നിന്ന് സമുദ്രത്തിലേക്ക് മീനുകൾക്ക്
സഞ്ചരിക്കാൻ ജലപാതകൾ,
പക്ഷിക്കൂടുകൾക്ക് ആകാശത്തേക്ക്
തുറന്നിട്ട വാതിലുകൾ,
വളർത്തു മൃഗങ്ങൾക്ക്
മേയാൻ കാടും, താഴ്‌വരകളും!

എല്ലാ വീടുകൾക്കും
ചുറ്റിലും വാതിലുകൾ
അതിലൂടെ ആർക്കും,
എപ്പോഴും പ്രവേശിക്കാനുള്ള
അനുവാദ ബോർഡുകൾ,

വേഷം കൊണ്ടോ, ചിഹ്നങ്ങൾക്കൊണ്ടോ
വേർതിരിവില്ലാത്ത
മനുഷ്യരുടെയെല്ലാം മുഖത്ത് സദാ
വിടർന്നചിരിപ്പൂക്കൾ,
സംസാരത്തിന് സംഗീതത്തിന്റെ ചാരുത,
നോട്ടത്തിന് പുലരിയുടെ വശ്യത
സ്പർശനത്തിന് ഇളംകാറ്റിന്റെ മനോഹാരിത!

ഈ തെരുവിലുള്ള
പള്ളിക്കൂടങ്ങളിൽ
സ്നേഹം മാത്രം
പഠിപ്പിക്കുന്നു,

ഇവിടെയുള്ള വാർത്തകളിൽ
നന്മകളുടെ മഷി മാത്രം പുരണ്ടിരിക്കുന്നു

ലോകമൊരു നൃത്തവേദിയാണെന്നും
മനുഷ്യരെല്ലാം നർത്തകരാണെന്നും
വിശ്വസിക്കുന്നവർ വസിക്കുന്ന
ഈ തെരുവിലുള്ളവരുടെ പൂർവ്വികർ
പണ്ട് രാജഭരണകാലത്ത് അടിച്ചമർത്തപ്പെട്ട
ജനതയായിരുന്നത്രെ !

അവർ അവഗണിക്കപ്പെട്ടത് പോലെ
ഒരു ജനതയും ലോകത്ത്
അവഗണിക്കപ്പെട്ടിട്ടില്ലെന്നാണ് ചരിത്രം .

കോഴിക്കോട് ജില്ലയിൽ വാണിമേൽ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. സുനാമി, ചുവന്ന മഷി കൊണ്ടൊരടി വര എന്നീ കഥാ സമാഹാരങ്ങൾ. ആനുകാലികങ്ങളിൽ ധാരാളം കഥകളും, കവിതയും, അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്