നിശബ്ദതയുടെ ഇരകൾ

അടച്ചുവെച്ച പുസ്തകക്കെട്ടുകൾക്കിടയിൽ
ഉറങ്ങിക്കിടന്നിരുന്ന
രണ്ടുമൂന്നാളുകൾ എഴുന്നേറ്റുനിന്ന്
കോട്ടുവായിട്ടു

ഒരാൾ ചിരിച്ചു

നിർവികാരതയിൽ ലയിച്ചിരുന്നൊരാൾ
പെട്ടെന്ന് പൊട്ടിക്കരഞ്ഞു

കേൾക്കാനാരുമില്ലെന്ന് കരുതിയപ്പോഴാത്രെ
അവരിത്രകാലം
മിണ്ടാതിരുന്നത്
കണ്ണുപൂട്ടിയത്
വാ തുറക്കാതെയടച്ചത്

പറഞ്ഞ കഥകളൊക്കെ കേട്ട് ഞാൻ
ആകാശത്ത് ഒരു നിമിഷം
കണ്ണുനട്ടു

നക്ഷത്രങ്ങൾ നിശബ്ദമായി
തിളക്കമാർന്ന കഥകൾ
പറഞ്ഞു തുടങ്ങി

ഇരുട്ട്
കറുകറുത്ത ക്യാൻവാസിൽ
നിഗൂഢതയെ പ്രതിഷ്ഠിച്ചിരിക്കുന്നു

നിലാവ്
നിലംതൊടുന്നതിന്
കൊള്ളിമീനുകളുമായി മത്സരിച്ചു

അവരാരും ഒച്ചവെച്ചില്ല

നിലത്തെ കോൺക്രീറ്റ് പാളിയിൽ
മഴവെള്ളവുമായി ചേർന്ന്
നിലാവ്
ഒരുകൂട്ടം നഗ്നമായ ചിത്രങ്ങൾ
പ്രദർശിപ്പിച്ചു

തേങ്ങയുടക്കി പാട്ടുപാടുന്നവരുടെ
ഇടയിലൂടെ നടന്നു

അരമുറിത്തേങ്ങ
“മച്ചിങ്ങ തൊട്ട് മച്ച്” വരെ
ആത്മകഥ പ്രകാശനം ചെയ്തു

ഒടുക്കം,
നിശബ്ദ ഭാഷ മടുത്ത്
സ്വർഗത്തിലേക്കുള്ള പാതയിൽ
ഭിക്ഷക്കിരുന്നു

വന്നവരെല്ലാം
കൈമലർത്തിപ്പിടിച്ച കുഞ്ഞുങ്ങൾ

പിന്നെ
വിവരാവകാശം ചൂണ്ടി
ദൈവത്തിനൊരു കത്തെഴുതി

രണ്ട്‌ ദിവസത്തിനകം
“നിശബ്ദതയുടെ ഇരകൾ”
എന്നെഴുതിയ നീണ്ടുവലിഞ്ഞനൊരു ലിസ്റ്റ്
ആഞ്ഞടിച്ചോരു കൊടുങ്കാറ്റ്
വീട്ടുമുറ്റത്ത് നിക്ഷേപിച്ചു

വയനാട് പനമരം സ്വദേശി. ഇമാം ഗസ്സാലി അക്കാദമിയിൽ പ്ലസ് ടു വിദ്യാർത്ഥി ആണ്