നിന്നെയും തേടി

ദൂരെ വിണ്ണിലെ താരമാണന്നു നീ
താഴെ മണ്ണിന്റെ മോഹമാകുന്നു ഞാൻ.
ദൂതയച്ചൊരെൻ നക്ഷത്രപേടകം
ഓതി നിൻ കാതിലെൻ പ്രേമഗീതകം.

കേട്ടു നീയന്നു ആകെ തുടുത്തതും
പൂത്തു നിന്നതും കണ്ടു ഞാൻ “ഹബ്ബിളി”*ൽ .
പിന്നെയെത്രയോ വട്ടമെൻ ദൂതുമായ്
വന്നു ഹംസങ്ങൾ നിന്നങ്കണങ്ങളിൽ.

ഇല്ല, നീയില്ല ആകാശവീഥിയിൽ
എങ്ങു നീ മറഞ്ഞെൻ താരകന്യകേ ?
തേടി ഞാനും വരുന്നെന്റെ ഭൂമി തൻ
കൂടുപേക്ഷിച്ചു നിന്നെ തിരയുവാൻ.

ചൊല്ലി നിൻ പ്രിയതോഴിമാർ “ഇന്നവൾ
കണ്ണിനറിയാ തമോഗർത്തരൂപിണി …
കാത്തിരിപ്പിൻ കനലിൽ ദഹിച്ചുടൽ
വേർപിരിഞ്ഞൊരു നക്ഷത്രചേതന.

തന്നിലേയ്ക്കെല്ലാം വലിച്ചടുപ്പിക്കുന്ന
തന്വിയാണവൾ താമസഗാത്രിയാൾ.
പോവുക നീ തിരിച്ചു സഞ്ചാരി നിൻ
കാവലാകട്ടെ നക്ഷത്രധൂളികൾ “

പോവതെങ്ങനെ കാണാതെ നിന്നെ ഞാൻ ?
ആവതെങ്ങനെ പിന്തിരിഞ്ഞിടുവാൻ ?
പ്രണയമെന്തെന്നറിയുന്ന ഭൂമിതൻ
രുധിരമാണെന്റെ സിരയിൽ,ആത്മാവിലും.

വരിക ധൂമകേതുക്കളെ നിങ്ങളെൻ
വഴിതെളിയ്ക്കുക താരാപഥങ്ങളിൽ .
പ്രണയിനി നിൻ അദൃശ്യമാം വാതിലിൻ
പടികൾ തേടി വരുന്നതുണ്ടിന്നുഞാൻ.

സമയമുറയുന്ന നിന്നുടെ കോട്ടയിൽ
വരണമാല്യം വരിയ്ക്കുന്നതുണ്ടു ഞാൻ .
നിന്റെ അന്തഃപുര,മെനിക്കായ് ഒരുക്കുക
എന്റെ വരവിനായ് കാതോർത്തിരിക്കുക.

നിന്റെ മണിയറ തന്നിലെ ദീപങ്ങൾ
ഒന്നൊഴിയാതെനിക്കായ് തെളിക്കുക.
നിന്നിലേയ്ക്കു ഞാനലിയുവാൻ എത്തിടും
“നീ” മരിച്ചിടും , “നമ്മൾ” ജനിച്ചിടും.

പിന്നെ നമ്മളെന്നാളും പ്രപഞ്ചത്തിൻ
ദൃഷ്ടിക്കൾക്കന്യമായ് പ്രണയിച്ചിടും.

  • Hubble Telescope
എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ജനനം. ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യകമ്പനിയിൽ ജോലി നോക്കുന്നു .