നാത്തൂനാര്

വരുന്നേ നാത്തൂനാര്
കെണാപ്പും തൂക്കി കൂടൊരു കെട്ടും
പടിക്കൽ മൂക്കു പിഴിഞ്ഞും
കാർക്കി തുപ്പീം മുണ്ടുമടക്കീം
വരുന്നൊരു കോലം കണ്ടാൽ
ഊഹിക്കാലോ കഥയിലെ കാര്യം
നിരക്കെ ചാരുപടീമേൽ
ചാരിയിരുന്നു നെടുവീർപ്പിട്ടു
അഴിച്ചെ പാരാവാരം
പോലൊരു കെട്ട് പരാതിക്കെട്ട്
താനാ തന താനാ തിന്തിന്നം താനോ
താനാ തന താനാ തിന്തിന്നം താനോ

മുറുക്കാൻ ചെല്ലമതിൽ
നിന്നിത്തിരി പുകലേം
കൂട്ടി മുറുക്കി
തിരിച്ചെ വെറ്റില ഞെട്ടി
കാതിൻ തുമ്പത്തിത്തിരി നേരം
പറമ്പിൻ കോണിലതായി
വേലിക്കരികെ ചൊട്ടവിരിഞ്ഞ
വരിക്കപ്പ്ലാവിൻ മൂട്ടിൽ
തെങ്ങിൻ ചോട്ടിൽ
കണ്ണുകൾ പാഞ്ഞു
അളിയൻ തന്നുടെ നോട്ടം
കണ്ടതിനാലെ വാടിയ മോന്ത
പതുക്കെ ചെരിച്ചു പിടിച്ചേ
അളിയനുമളിയനും ആരും കാണാ

താനാ തന താനാ തിന്തിന്നം താനോ
താനാ തന താനാ തിന്തിന്നം താനോ

വെയിലോ താന്നൊരു നേരം
ചാക്ക് നിറച്ചെ നാത്തൂനാര്
നിരക്കെ ചേമ്പും ചീരേം
ഇടിയൻ ചക്കേം ചേനക്കുഞ്ഞും
ഉറക്കെ കോലാഹലവും
കൊണവതിയാരോം കേട്ടത് പാടെ
തിടുക്കെ ജനലതടഞ്ഞേ
അയലക്കത്തെ
പതുക്കെ സന്ധ്യ വിടർന്നേ
പതിവിൻ പടിയെ
ചുമടായ് ചാക്കുമതായി
പുഞ്ചിരിയോടെ നാത്തൂനുമിറങ്ങി

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം