നല്ല നട(ടി)പ്പ്

ഞാനിറങ്ങിപോകും മുൻപ്
വീട് ചിലപ്പോളെന്നെ
ചവിട്ടി പുറത്താക്കിയേക്കും

എന്റെ ജീനുകൾ
ഒരു നാടോടിയുടെതാണ്,
അല്ലെങ്കിൽ ഒരു ജിപ്സിയുടെ

കഴിഞ്ഞ ജന്മങ്ങളിൽ
ഏറ്റവും മുഷിഞ്ഞ ജീവിതങ്ങൾ
പിന്തുടർന്ന ഒരുത്തിയാവും ഞാൻ

വീട് എന്നെ പുറന്തള്ളിയേക്കും
“എനിക്കു നിന്റെ ഭാരം
താങ്ങാൻ പറ്റുന്നില്ല” ന്ന്
അത് പിറുപിറുക്കുന്നു

എന്നിട്ടും
സോഫയുടെ വക്കിൽ
വഴുതി വീഴുംപോലെ ഞാനിരിക്കും

എന്റെ ചളി നിറഞ്ഞ പോലത്തെ
കാലുകൾ തറതൊടാൻ മടി കാണിക്കും

വെളുത്ത ചുവരിൽ
കൈ തൊടാതെ നടക്കാൻ
ഒരു ട്രപ്പീസ് കളിക്കാരിയെപ്പോലെ ഞാൻ പരിശീലിക്കാറുണ്ട്

‘നീയൊരു നല്ല നടിയാണ്’
ആരോ എന്നോട്
ഉള്ളിൽ മന്ത്രിക്കുന്നത് പോലെ

ഉവ്വ്, ഒരു വീടിന് യോജിക്കുന്നവളാകാൻ
എന്റെ നല്ല നടപ്പ്,
അല്ല,
എന്റെ നല്ല നടിപ്പ്.

കോഴിക്കോട് ജില്ലയിൽ ഹയർ സെക്കന്ററി അദ്ധ്യാപിക. നവമാധ്യമങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്