‘ദ കൗൺസിൽ ഡയറി’ എന്ന എഴുത്തു വിസ്മയം

ഭാഷയുടെയും ആശയത്തിന്റേയും കൈയ്യടക്കത്തിന്റേയും മനോഹരമായ സംഗമം . ‘ദ കൗൺസിൽ ഡയറി’ എന്ന നോവലിനെ വായനയക്കൊടുവിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഓരോ വരികളിലും ഓരോ പേജുകളിലും ആകാംക്ഷ നിറഞ്ഞുനിൽക്കുന്ന രചനാ പ്രവീണ്യത്തിലൂടെ ആലാപ് എസ്സ് പ്രതാപ് എന്ന യുവഎഴുത്തുകാരൻ മലയാള സാഹിത്യത്തിൽ സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു. ഭാഷയെ തന്റെ വായനക്കാരെ തൃപ്തിപ്പെടുത്തുന്ന ശൈലിയിൽ, അതിന്റെ മേന്മ കുറയാതെ മനോഹരമായി അവതരിപ്പിക്കുന്ന അക്ഷവിദ്യ സ്വന്തമാക്കുവാൻ തന്റെ ആദ്യ നോവലിൽ തന്നെ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു. ഒരു വരിപോലും ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ വേണ്ടാത്ത വിധം മനോഹരമയി അവതരിപ്പിച്ച ഒരു നോവൽ.

സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിലെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങൾ തന്നെയാണ് ‘ദ കൗൺസിൽ ഡയറി’യുടെ കാതൽ. നമ്മൾ ആഗ്രഹിക്കാതെ നമ്മളിലേയ്ക്ക് വന്നു കയറുന്ന ജരപിടിച്ച, മുഖങ്ങളില്ലാത്ത ചില തീരുമാനങ്ങൾ അവയുടെ തീർപ്പുകൾ, കഴിഞ്ഞ കുറെ കാലങ്ങളായി അവിചാരിതമെന്ന് കരുതി വരുന്ന നിയമങ്ങളും വിലക്കുകളും സംഭവങ്ങളും സംവാദങ്ങളുമൊക്കെ ഒരു ജനതയെ പല തട്ടിലായി വിഭജിച്ച് നിർത്താനുള്ള ഉപകരണങ്ങൾ ആയിരിക്കാമെന്ന് നോവലിസ്റ്റ് പലപ്പോഴും നമ്മെ ഓർമിപ്പിക്കുന്നു. ആശയങ്ങളുടെ ഉലയിൽ പഴുപ്പിച്ച ആയുധങ്ങൾ തന്നെയാണ് അതിനായി ഉപയോഗിക്കുക എന്ന് കഥയിൽ ശക്തമായി അടയാളപ്പെടുത്തുന്നു.

രണ്ടായി വിഭജിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നടുവിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. വിഭജനം ഓരോ വ്യക്തിയിലും അവരുടെ ചുറ്റുപാടുകളിലും കൊണ്ടുവരുന്ന മാറ്റങ്ങളെ, ആ വിഭജനം കൊണ്ട് നഷ്ടങ്ങൾ മാത്രം സംഭവിച്ചവരുടെ ഭാഗത്ത് നിന്ന് പറയുന്ന രീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അതാവട്ടെ അത്രമേൽ തീക്ഷ്ണവും അസ്വസ്ഥത പകരുന്നതുമാണ്. അത് തന്നെയാണ് എഴുത്തുകാരൻ എന്ന നിലയിൽ ആലാപിന്റെ വിജയവും. ഒരിക്കൽ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും മാധുര്യമുള്ള ഓർമ്മകളെ ചെറിയ അവശേഷിപ്പുകളിൽ കൂടി വരച്ചിടുകയും പ്രതീക്ഷയുടെ ബിംബങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ എടുത്തുപറയേണ്ടത് ഈ നോവൽ മുഴുവൻ സഞ്ചരിക്കുന്നത്‌ യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് എന്നതാണ് . മാറ്റങ്ങൾ തുടങ്ങേണ്ടത് എവിടെനിന്നാവണം എന്ന് കഥാകാരൻ പറയാതെ പറഞ്ഞുവെക്കുന്നു. ഈ നോവലിന്റെ കഥയോ കഥാസന്ദർഭങ്ങളോ ഇവിടെ പറയുക എന്നത് ഇനി ഈ നോവലിന്റെ വായനയിലേക്ക് വരുവാനുള്ളവരോട് ചെയ്യുന്ന വഞ്ചനയാവും. അതുകൊണ്ട് അതിലേയ്ക്ക് കടക്കുന്നില്ല. തുടക്കം മുതൽ ഓരോ പുറത്തിലും ആകാംക്ഷ വിടാതെ നിലനിർത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു. എന്നാൽ അവസാന അദ്ധ്യായങ്ങളോട് അടുക്കുമ്പോൾ കഥാപാത്രങ്ങളിൽ കൂടി സമൂഹത്തോട് പറയാനുള്ള പലകാര്യങ്ങളും യാതൊരു കല്ലുകടിയുമില്ലാതെ കഥയ്ക്ക് അനുയോജയമായ രീതിയിൽ പറയാൻ എഴുത്തുകാരൻ മടിക്കുന്നുമില്ല.

Aalap S Prathap

ഈ നോവലിന്റെ കഥയോ കഥാസന്ദർഭങ്ങളോ അല്ല അത് നമ്മൾ വായനക്കാരിലേക്ക് പകർന്ന് തരുന്ന രചനാവൈഭവമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയാമെങ്കിലും അതിനുമപ്പുറം സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങളുടെ നേർകണ്ണാടി പോലെയാണ് ഈ നോവൽ വായന അനുഭവപ്പെടുക. എന്നാൽ അതിനെ ആ നോവലിന്റെ പ്ലോട്ട് എന്ന നിലയിൽ മാത്രം കണ്ടാൽ മതിയാകും. അതിൽ എഴുത്തുകാരന്റെ രാഷ്ട്രീയമോ മറ്റ് കാഴ്ചപ്പാടുകളോ അല്ല മറിച്ച് ആ വിഷയത്തെ അതിന്റെ പൂർണ്ണ വളർച്ചയിൽ വന്നേക്കാവുന്ന അപകടങ്ങളെ തന്റെ മനസ്സിലിട്ടു പതംവരുത്തി അക്ഷരങ്ങളിലൂടെ വായനക്കാരന്റെ മനസ്സിൽ ഉരുക്കി ഒഴിക്കുകയാണ് എഴുത്തുകാരൻ. ഒന്നും യാദൃഛികമല്ല, നിരന്തരമായ പരീക്ഷണങ്ങളിൽ കൂടിയാണ് ഓരോ മാറ്റവും സമൂഹ ജീവിയെന്ന നിലയിൽ മനുഷ്യന്റെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്ന് മുൻ അനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. അതിന്റെ ഇരകൾ എപ്പോഴും നിരപരാധികൾ ആണെന്ന യാഥാർഥ്യം നമ്മിൽ അരക്ഷിതാവസ്ഥ ജനിപ്പികുന്നു. അത്തരം കഥാസന്ദർഭങ്ങൾ വളരെ കരുതലോടെ കഥയിൽ ഉപയോഗിച്ചിരിക്കുന്നു.

അതിവൈകാരികതയുടെ കുത്തൊഴുക്കിൽപെടാതെ വിഷയത്തെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിലെ വിജയം എടുത്തുപറയേണ്ടതാണ്. ആ കൈയ്യടക്കമാണ് ഈ എഴുത്തുകാരൻ ഇന്നിന്റേയും നാളെയുടേയും എഴുത്തുകാരനാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് . ചുരുക്കം എഴുത്തുകാർക്ക് മാത്രമെ ഇങ്ങനെയൊരു വിഷയത്തെ യാഥാർഥ്യബോധത്തോടെ വായനക്കാരിലേക്കു പകരാൻ കഴിയൂ . നോവലിന്റെ അവസാന ഭാഗങ്ങളിൽ കഥയെ ഏറ്റവും അനുയോജ്യമായ വിധത്തിൽ പറഞ്ഞു നിർത്തുന്നതിൽ കാണിച്ച വിവേകത്തിന് എഴുത്തുകാരനോട് വായനക്കാർ എന്നും കടപ്പെട്ടിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ബുക്ക് എക്സിബിഷൻ ആയ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലാണ് ‘ദ കൗൺസിൽ ഡയറി’ പ്രകാശനം ചെയ്തത് . ബെന്യാമിൻ എന്ന പ്രതിഭയെ ‘ആട് ജീവിത’ത്തിൽ കൂടി മലയാള സാഹിത്യത്തിന് സമ്മാനിച്ച ഗ്രീൻ ബുക്‌സാണ് ‘ദ കൗൺസിൽ ഡയറി’യുടെ പ്രസാധകർ. എഡിറ്റിങ്ങിലും ബുക്ക് പ്രൊഡക്ഷനിലുമുള്ള മികവ് എടുത്തുപറയേണ്ടതാണ് . കാലം കൂടുതൽ വിസ്മയങ്ങൾ ആലാപ് എസ്സ് പ്രതാപിൽ കൂടി മലയാള സാഹിത്യത്തിന് സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.

സോഫ്റ്റ്‌വെയർ കൺസൾട്ടൻറ്. ആക്സന്റാസ് സോഫ്റ്റ്‌വെയർ ടെക്നൊളജിസ് മാനേജിങ്ങ് ഡയറക്ടർ. ദുബായിൽ താമസം