ഡിസംബർ

നീയെന്നെ വിരഹാർദ്രയാക്കുന്നു
വിടപറഞ്ഞകലുവാൻ മടിയ്ക്കുന്ന
നിൻ്റെ നിശ്വാസങ്ങളുറഞ്ഞൊരാ കാറ്റ്  
എന്റെ ജാലകങ്ങളിൽ മുട്ടിവിളിക്കുന്നു.

ഇരുളിലെവിടെയോനിന്ന്
ഉന്മാദികളുടെ സംഗീതമുയരുന്നു
തുറന്ന ജാലകങ്ങൾ മറികടന്ന്
നീയെന്നരികിലെത്തി കിതയ്ക്കുന്നു
വരണ്ടൊരെൻ്റെ ചുണ്ടുകളിൽ
ആർദ്രമായി ഉമ്മ വയ്ക്കുന്നു
അടഞ്ഞുപോകുന്ന
എൻ്റെ മിഴിയിതളുകളിൽ,
മൃദുവായിളകുന്ന അളകങ്ങളിൽ,
പതിയെ തലോടി,
മടിച്ചുമടിച്ച്
നീ അകന്നു പോകുമ്പോഴും,
നിൻ്റെ തണുപ്പെന്നെ ചൂഴ്ന്നു നിൽക്കുന്നു.

ഡിസംബർ, നിന്നെയോർക്കുമ്പോൾ
എൻ്റെ പെരുവിരലിൽ നിന്നൊരു കുളിരുണരും
എവിടെയോ ഒരു കുറുംകുഴൽ പാട്ടുണരും

ജാലകങ്ങൾ അടയ്ക്കാൻ മറന്നഞാൻ
നിന്നെ പിൻതുടരുന്നു
മഞ്ഞു പൂത്ത താഴ്‌വരയിൽ  
പെയ്യുന്ന നിലാവ് കാണുന്നതിന്
ചീവീടുകളുടെ മന്ത്രധ്വനികളും,
നിലാപ്പക്ഷികളുടെ സംഗീതവും
കേൾക്കുന്നതിന്.

എല്ലാം മറന്ന്,  പച്ചപ്പുൽ തണുപ്പിലിരുന്ന്
വെളുക്കുവോളം കിനാവുകാണണമെന്ന്
മോഹിക്കുന്നൊരെന്നെ
കാലംതെറ്റി പൂക്കുന്ന
കർണ്ണികാരങ്ങൾ ഇരുളിൽ
കളിയാക്കി ചിരിക്കുന്നു.

എങ്കിലും, എൻ്റെ ഡിസംബർ
നിനക്കായി ഞാനെൻ്റെ ഹൃദയത്തിൽ
മറ്റാർക്കും തൊടാനാവാത്ത
ഒരു വിത്ത് കരുതി വയ്ക്കുന്നുണ്ട്.

കൊടും വേനലും
വർഷവും വസന്തവും ഗ്രീഷ്മവും….
ഋതുക്കൾ പെയ്തൊഴിയുമ്പോൾ,
ഞാനത് പുറത്തെടുക്കും.
അതിനുള്ളിലൊരു കുളിരല
പതുങ്ങിയിരിക്കുന്നുണ്ടാകും
മുളക്കാൻ തുടങ്ങുന്ന വിത്ത്
ഞാൻ കാറ്റിനെയേൽപ്പിക്കും.

അതിൻ്റെ വേരുകൾ  
ഈ ഭൂതലം മുഴുവൻ പടരട്ടെ…
ചുട്ടുപഴുത്ത ഉഷ്ണരാശികളിലേക്ക്
ഒരു അലിവിൻ്റെ കണമായത്
പെയ്തുനിറയട്ടെ.

ഡിസംബർ നിനക്ക് നന്ദി.

തൃശ്ശൂർ ജില്ലയിൽ വെങ്ങിണിശ്ശേരിയിൽ താമസിക്കുന്നു. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി.  കവിതയെ പ്രണയിച്ചവൾ, പ്രണയത്തിലകപ്പെട്ടതിന്റെ ഏഴാം നാൾ, കുൽധരയിൽ ഒരു പകൽ, തുടങ്ങിയ കവിതാ സമാഹാരങ്ങളും , രാമകവി v/s തെക്കേടത്തമ്മ (2 ഇന്ത്യൻ പൗരന്മാരുടെ കലികാല ചിന്തകൾ) എന്ന പേരിൽ ഒരു കഥാസമാഹാരവും പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കവിതകളും കഥകളും ലേഖനങ്ങളും എഴുതുന്നു.