ചക്കക്കുരു മാങ്ങാമണം (രചന : അനീഷ് പാറമ്പുഴ)

അനീഷ് ജീയുടെ കവിതകൾ പ്രഥമ ദൃഷ്ട്യാ ലളിതമെന്ന് തോന്നിക്കുമെങ്കിലും തിളക്കുന്ന നട്ടുച്ച പോലെ പൊള്ളിക്കുന്നവയാണവ. പലമട്ടിൽ ഉള്ള കവിതകൾ കൊണ്ട് സമ്പന്നമാണ് ചക്കക്കുരു മാങ്ങ മണം. വായിക്കാപെടാതെ ഇരിക്കുന്ന മറ്റനേകം പുസ്തകങ്ങൾ പോലെ ഷെൽഫിൽ ഒതുങ്ങാതെ പോയതും അതുകൊണ്ടുതന്നെ.

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഓരോ കവിതകളും പ്രതിഫലിക്കുന്നു. മണ്ണില്ലാത്താവൻ്റെ മരണവും അതിൻ്റെ നോവും, തലമുറകൾ കൈമാറുന്ന പൊള്ളലാണ്. മണ്ണ് എന്ന കവിതയും അതിലെ ചാച്ചനും മാമിയും അരികു വൽകരിക്കപെട്ടവൻ്റെ വേദന പുറത്തേക്ക് തള്ളുന്നുണ്ട്. അതുപോലെ “ആദ്യകാല രാത്രിയും” പ്രതിഷേധത്തിൻ്റെ, തലമുറകൾ പങ്കുവെച്ച നഷ്ടങ്ങളുടെ കണക്കെടുപ്പാണ്. ജന്മി-കുടിയാൻ വ്യവസ്ഥയ്ക്കെതിരായ കവിയുടെ രോഷം ഈ കവിതയിൽ വ്യക്തമാണ്.

“കുമ്പസാരം “എന്ന കവിതയും ജാതി,മതം എന്നിവ രണ്ടു തന്നയാണ് എന്ന സൂചന നൽകുന്നു. ഇതു വായിക്കുമ്പോൾ ശ്രീ എസ്. ജോസഫിൻറ ഒരു ലേഖനം ഓർമ്മ വരുന്നു.”എന്റെ കവിതകളിൽ അരിസ്റ്റോട്ടിലിയൻ അനുകരണ സിദ്ധാന്തമല്ല സംഭവത്തെ കഷ്ണങ്ങളാക്കി പുതിയ രീതിക്ക് ക്രമീകരിക്കുന്ന രീതിയാണ്. ഞാനാകട്ടെ ദളിത് കവിയുമല്ല ക്രിസ്ത്യൻ കവിയുമല്ല. ഒരു അപൂർവയിനം കവിയാണ് എന്നു പറയാം. ഞാൻ മനസ്സിലാക്കിയ ഒരു കാര്യമിതാണ്, മതം എന്നത് ഒരു ജാതിയായിട്ടാണ് പ്രവർത്തിക്കുന്നത് (വലിയൊരു ജാതിയാണ് മതവും).”

കുമ്പസാരം എന്ന കവിത സമകാലീക ജാതി വ്യവസ്ഥയോടുള്ള ചോദ്യശരങ്ങളാണ്. “ഇതിനൊക്കെ പ്രതികാരം ചെയ്യാതട ങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ” എന്നുറക്കെ പറയാതെ പറയുന്നുണ്ട്.(ചങ്ങമ്പുഴ, വാഴക്കുല) ഇനിയും ചർച്ച ചെയ്യപ്പെടേണ്ട ഒരു കവിതയാണിത്. ഓരോ സാധരക്കാരനും ഇത് എൻ്റെ ഓർമ്മകൾ, എൻ്റെ കവിതകൾ എന്ന് തോന്നുംവിധം എഴുതിയിരിക്കുന്നു.

അനീഷ് പാറമ്പുഴ

കാല്പനികതയുടെ അതിഭാവുകത്വം ഒന്നുമില്ലാതെ ഉത്തരാധുനികതയുടെ വഴികളിലൂടെ സഞ്ചരിച്ച് ആശയം പങ്കുവെക്കുന്നവയാണ് “അടുപ്പിലെ തീ, ഉയിർത്തെഴുന്നേൽപ്പ് “തുടങ്ങിയ കവിതകൾ. “ഒന്നും മിണ്ടാതെ കാറ്റ് പേടിച്ച് കുപ്പിയ്ക്ക് ഉള്ളിലേയ്ക്ക് ഒളിച്ചു കാടിന്റെ നിയമങ്ങൾ അത് പാലിക്കാൻ വിസമ്മതിക്കുന്നവരെ പുറം തള്ളുമ്പോൾ ചിറകുകൾ വാങ്ങി വയ്ക്കുക കൂടി ചെയ്യുമത്രേ

“പറക്കാൻ കഴിയാത്ത
ആത്മാവ് നഷ്ടപ്പെട്ട
കാറ്റിനെ അവർ തിരികെ കൊണ്ടു പോന്നു”

അസ്ഥിത്വവാദത്തിലേക്ക് വിരൽ ചൂണ്ടുന്ന “കാറ്റ് “പോലുള്ള കവിതകളും മറ്റൊരു പ്രത്യേകതയാണ്. പലപ്പോഴും അസ്ഥിത്വവാദത്തിലേക്ക് ഉറ്റുനോക്കുമ്പോൾ നമ്മൾ നമ്മെ തന്നെ സ്വീകരിക്കുന്ന പ്രക്രിയ ആണ്. സമൂഹം എല്ലാവരെയും എല്ലാത്തിനേയും സ്വീകരിക്കണമെന്ന് നിർബന്ധമില്ല. പലപ്പോഴും പലരേയും അത് തിരസ്കരിക്കുന്നതായാണ് കാണുന്നത്. നമ്മൾ വ്യത്യസ്തരെങ്കിൽ സമൂഹം നമ്മെ തിരസ്കരിക്കും. എങ്കിലും നാം നമ്മെത്തന്നെ സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകണം. ഈ അറിവിനോട് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂട്ടിച്ചേർക്കുന്ന മനോഹരമായ ഒന്നാണ് “കാറ്റ്”. ഈ കവിതകൾ മനസ്സിലാക്കാൻ പ്രത്യേകിച്ച് പുത്തൻ അറിവുകൾ വേണ്ട എന്നത് ചക്കകുരു മാങ്ങമണം കൂടുതൽ പ്രിയങ്കരമാക്കുന്നു.

ഓരോ കവിതയിലും എഴുതി തെളിഞ്ഞ ഒരു കവിയുടെ ആസൂത്രണം ദൃശ്യമാകുന്നു. അതു തന്നെയാണ് ഈ പുസ്തകം ഇത്രയും ചർച്ചകൾക്ക് വിധേയമാകുന്നതും. ഓരോ കവിതയിലും ജീവിതമുണ്ട്. ഒരേ സമയം കറുപ്പിൻ്റെയും വെളുപ്പിൻ്റെയും, വേർതിരിവിൻ്റേയും. ഒറ്റപ്പെടുത്തി ഒറ്റയാക്കുന്ന സമൂഹത്തിനു നേരയുള്ള കണ്ണാടി കൂടിയാണ് ഈ കവിതകൾ.

പത്തു കൽപ്പനകൾ പോലെ മനസ്സിരുത്തി വായിക്കേണ്ട ഒന്നാണ് അവസാന ഭാഗത്തുള്ള പത്തു കവിതകൾ.

“ഒളിച്ചേ കണ്ടേ കളിക്കുമ്പോൾ
എവിടിരുന്നാലും
കണ്ടു പിടിക്കുന്നൊരു
കൂട്ടുകാരൻ ഉണ്ടായിരുന്നു
അവൻ പോയപ്പോൾ തൊട്ടാണ്
പേടിച്ച് തുടങ്ങിയത്
പിന്നിൽ വന്ന് നിന്നെ കണ്ടേ
എന്ന് അപ്രതീക്ഷിതമായി
അവൻ പറയുമല്ലോ എന്നോർത്ത്”. (മരണം)

“ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്
ഒരിക്കലും വിവർത്തനം ചെയ്യപ്പെടാൻ കഴിയാത്ത
ഭ്രൂണഭാഷ.” (പ്രണയം)

“കാലമെത്ര കഴിഞ്ഞാലും
നീ പകർന്ന നിഷ്കളങ്കത മാത്രമായിരിക്കും
ഓരോ പെണ്ണിലും
ഞാൻ പാലിക്കുന്നത് എന്ന ഉറപ്പ്”
(പ്രണയത്തെ എത്ര മനോഹരമായി അനീഷ് ജി ഈ കവിതയിൽ കോറിയിട്ടിരിക്കുന്നു. )

വ്യക്തിപരമായിഎന്നെ ഏറ്റവും ആകർഷിച്ചത്, സങ്കടപെടുത്തിയത് “അമ്മ(യില്ലാ) കുട്ടികളെ കരയിക്കരുത്” എന്ന കവിതയാണ്. അതിലേ വരികൾ, ആശയങ്ങൾ എല്ലാം വായനക്കാരൻ്റെ കണ്ണുകളെ ഈറ നണിയിക്കും .കൂടുതൽ ഒന്നും പറയുന്നില്ല. അത് രുചിച്ചു തന്നെ അറിയണം.

അഞ്ചു കവിതകളിൽ ഒന്നായ,
‘ചിലപ്പോൾ തുള്ളി കടലിനേക്കാൾ കടലാകുന്നു.
മരം കാടിനേക്കാൾ കാടാകുന്നു.
ഒരാൾ കൂട്ടത്തേക്കാൾ കൂട്ടമാകുന്നു .’

മനോഹരമായ ഈ കൊച്ചുവരികളിൽ വലിയ ലോക സത്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നു. പിന്നീട് അവസാന ഭാഗത്തുള്ള “കോമൺമാനിലേക്ക് എത്തുമ്പോൾ എന്നെ ഏറെ ആകർഷിച്ചത്,

“കവലയിൽ ഇറങ്ങി
അയ്യങ്കാളി പ്രതിമയുടെ മുന്നിലൂടെ
ഓരം ചേർന്ന് ഒരു നടപ്പാണ്
അപ്പൊൾ മാത്രം നെഞ്ച് ഒന്ന് വിരിയും തല ഉയരും “

ഒരു കാലഘട്ടത്തിൻ്റെ അരികിലൂടെ മാത്രം ഒഴുകാൻ വിധിക്കപ്പെട്ട് ഒഴുക്കു കുറഞ്ഞ നീരുറവ ആയിമാറേണ്ടിയിരുന്ന ഒരു ജനതയുടെ ഉറവ വറ്റാത്ത മനസ്സിനെ കുത്തിപൊക്കുകയാണ്. അതിനു ജീവൻ നൽകുകയാണ്. കാലത്തിൻ്റെ കാലക്കേടിന് നേരെയുള്ള ചൂണ്ടുവിരലാണീ കവിതകൾ. അതെ, ‘ചക്കക്കുരു മാങ്ങാ മണം’ സാധാരണക്കാരൻ്റെ കവിതയിൽ നിന്നു വളർന്നു അസാധാരണമാം വിധം സുഗന്ധ പരത്തി മലയാള സാഹിത്യ ലോകത്ത് സ്ഥാനം പിടിക്കും എന്നത് നിസംശയം പറയാം. പ്രീയ സുഹൃത്തിൻ്റെ തൂലികയിൽ ഇനിയും സുഗന്ധം പരത്തുന്ന കവിതകൾ പിറവിയെടുക്കട്ടെ

കോട്ടയം പാമ്പാടി സ്വദേശിനിയാണ്. ഏറ്റുമാനൂരപ്പൻ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ്‌ പ്രൊഫസർ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുത്തുതാറുണ്ട്.