ഗാന്ധാരി കുന്തിയോട് പറഞ്ഞത്

കുന്തീ നീ പെറ്റത് അഞ്ചെങ്കിലും
ആയുഷ്മാൻമാർ.
നൂറ്റൊന്നെണ്ണമെനിക്കായി പിറന്നെങ്കിലു
മല്പായുസ്സുകൾ .

നിൻ്റെ വയറ്റിൽ തൊഴിച്ചും
തുഴഞ്ഞുമാണവർ കിടാങ്ങളായി
പെരുത്തിറങ്ങിയത്.

പേറ്റു നോവിനാൽ
നീ നൊന്തു പുളഞ്ഞ നേരത്തവർ
ആകാശം കണ്ടു കരഞ്ഞു.

ഞാൻ നൊന്തില്ല പെറ്റതുമില്ല.
കുടങ്ങളുടെ ഇരുണ്ട പൊത്തിലെറിഞ്ഞ
മാംസത്തുണ്ടുകൾ പെരുകിയാണെൻ്റെ –
യുണ്ണികളുയിരായി പെരുത്തത്.

കുന്തീ നീ പെറ്റനേരം ദേവകൾ
ആകാശത്ത് നിരന്നുനിന്ന്
പൂവുകളെ മഴപോലെ പൊഴിച്ചിട്ടെന്ന് ,
കുടം പൊളിച്ചെൻ്റെ യുണ്ണി –
കളിറങ്ങിയ നേരം കൂമനും നരിയും
കൂകിയും ഓരിയിട്ടും
ദുശ്ശകുനം പ്രവചിച്ചെന്ന്,
കൃഷ്ണ ദ്വൈപായനൻ.

കൈയ്യും കാലും വളരുന്നത്
നോറ്റ് നോറ്റ് നീയിരിക്കേ
മൊഴിയുറയ്ക്കുന്നതിന് ചെവിയോർത്ത്
കൺകെട്ടിൻ്റെ തളർന്ന ഇരുട്ടിൽ
ഞാനൊറ്റയ്ക്കിരുന്നു.

കൈയ്യിനും കാലിനും മെയ്യിനും
ചന്തവും മുഴുപ്പുമെത്തി നിൻ്റെ
കാഴ്ചയിൽ അഞ്ചും
വളർന്നഞ്ചായിത്തീരവേ
നൂറ്റൊന്നു  മൊഴികളെൻ്റെ കേൾവിയിൽ
കൊഞ്ചിക്കൊഞ്ചി
ഘനമാർന്നു പെരുത്തു.

ഒച്ചയാലെന്നിൽ വളർന്നവനെ
ഒന്നേ കണ്ടതുള്ളൂ .

അവനെ കാണ്മതിൻ മുന്നേ
കാഴ്ചയുടെ വെട്ടത്തിൽ
തെളിഞ്ഞു കണ്ടതവൻ്റെ
പിന്നിൽ പതുങ്ങും മൃത്യുവിന്നിരുട്ടായിരുന്നല്ലോ.

പൊതിഞ്ഞു പിടിച്ചതെന്തിനെന്നുണ്ണീ
നിൻ്റെ അരക്കെട്ടുമാത്രമീയമ്മക്കാഴ്ചയിൽ
കരുത്താർജ്ജിക്ക വേണമായിരുന്നതുമല്ലോ
അമ്മ മുന്നിൽ നിനക്കെന്തിനീ ലജ്ജ ?

അമ്മയെന്നെക്കാൺമതിതാദ്യം
അമ്മയ്ക്കു ഞാൻ കേവലമൊരു
മൊഴി മാത്രമല്ലോ
ലജ്ജയില്ലാതഴിക്കാ
മെന്നൊച്ചതന്നുടുപുടവ, അതിന്നാവുമെങ്കിൽ.

അമ്മക്കാഴ്ചയിൽ
നൂൽബന്ധമൊഴിഞ്ഞെനിക്കാവില്ലമ്മേ

ആവില്ലെനിക്കതിന് പൊറുക്കുകയമ്മേ !
മകനേ പാതിവ്രത്യത്തിൻ
കൺകെട്ടുകളെന്നെ തളർത്തുന്നുവല്ലോ

രാജ്യം മൂത്തവർക്കെന്നതല്ലേ നീതി
പിന്നെന്തിനൊരു പങ്കുവയ്പമ്മേ
എന്നവനെന്നോട് ന്യായം ചോദിക്കേ
രാജ്യം മൂത്തവർക്കെന്നത് ന്യായമുണ്ണീ.
പെണ്ണിൻ്റെ നീതിയതല്ലെന്ന് ഞാൻ
പെണ്ണിനെയാദ്യം പകുത്തെടുത്ത്
കൊടുത്തത് കുന്തീ നീയല്ലേയെന്നവൻ .

മൃതിയൊളിച്ചപെരുന്തുട തകർന്നവൻ
രാജ്യതന്ത്രത്തിൻ്റെ
പകിടപ്പകലയിൽ വീഴുമെന്നതെൻ്റെ
ബോധ്യമായിരുന്നുവെന്നാകിലും
അമ്മക്കൊതികളനുഗ്രമാവുന്നു.

മകനേ  ചിരഞ്ജീവിയാവുക!
മകനേ വീരനാവുക !വിജയിയാവുക !
മകനേ നീ ചിരഞ്ജീവിയാവുക.

പുത്ര ദുഖത്തിൻ്റെയിരുളിലേക്കു
കൺകെട്ടിയൊളിച്ചിട്ടും
പെരുന്തുടയിലൊളിച്ച മരണത്തിൻ്റെ
പരിഹാസച്ചിരി ചെവിയിൽ മുഴങ്ങിയെന്നോ

യുദ്ധപർവത്തിലുരു തകർന്നു വീണതു
കാണാനായി വീണ്ടുമെൻ
അന്ധതയുടെ കെട്ടഴിയുന്നു
കുന്തീ, ഞാൻ കണ്ടതിവനെ മാത്രം! .
അക്കാഴ്ചയിതാ ചോര പുരണ്ടീ ധരണിയിൽ .
കണ്ണെടുത്തു പോയത് കഴുകനാവാം.

എന്നെ കണ്ട കാഴ്ചകളവനൊഴിഞ്ഞല്ലോ
ഒന്നൊഴികെ തൊണ്ണൂറ്റൊമ്പതിൻ്റെയു-
മൊച്ചയും മണവും മാത്രമല്ലോ
എനിക്കു നിശ്ചയം
ഒച്ചയൊഴിഞ്ഞ ഉടലുകളിലെ
പുത്രഗന്ധങ്ങളെ ഞാനെണ്ണി ശ്വസിക്കട്ടെ.

ഹോ! പോരിൽ ചൊരിഞ്ഞ  
ചോരയ്ക്കല്ലാമൊരേ മണം
കുന്തീ കാട്ടിത്തരിക ദുശ്ശാസനനെയും
ദുശ്ശനെയും വികർണ്ണനെയുമങ്ങനെ
തൊണ്ണൂറ്റിയൊമ്പത് വീരൻമാരെയും
നായും നരിയും കഴുകനും തിന്ന്
പശിയടക്കി ബാക്കിയാവുന്നതിനും മുൻപ്

കുന്തീ ചൂണ്ടുക നിൻ വിരലുകളെൻ
പുത്രരെ കാട്ടുവാൻ
ഉടൽത്തികവോടെയല്ലായെങ്കിലുമാദ്യമായി
കാണട്ടെയെൻ വീരപുത്രരെ.

തിരുവനന്തപുരം ജില്ലയിൽ ആര്യനാട് സ്വദേശിനി. സർക്കാർ ജീവനക്കാരിയാണ്