കർഷകൻ

ഉണക്കാനിട്ടപോൽ
നെൽപാടത്ത്
രാത്രിയിലൊരു വെയിൽ
തുന്നിക്കൂട്ടുന്നു കാലിനെ.

തഴുകിയോടുന്നൊരാ കാറ്റ്
ഭൂമിയുടെ ഇലച്ചുമ്പനങ്ങളാൽ
പൊതിയുന്നു.
വയൽ വരമ്പത്തിരുന്ന്
ഒരു നട്ടുച്ച
കണ്ണീർ വാർക്കുന്നു.

വിരലുകളെണ്ണിത്തിട്ടമാക്കിയ
പൊട്ടിയ വറ്റുകൾ
അയാളുടെ കഞ്ഞിയിൽ
നിസ്സഹായത ചുവച്ചു.

മുറിവു വീണ മണ്ണ്
അയാളിലേക്ക് ഊളിയിട്ടിറങ്ങി
വിയർപ്പു മുത്തുകൾ ശേഖരിക്കുന്നു.

വിത്തുകൾ നീന്തിത്തുടിക്കുമാകാശം,
കതിരുകൾ ചിറകടിക്കും കടൽ,
പ്രപഞ്ചമുറങ്ങുമാ
ഒട്ടിയ കുടിലിൽ!

വെയിലു കരിഞ്ഞതിൽപ്പിന്നെ
അയാളും
വേരുറഞ്ഞ കൊമ്പിൽ
വിയർത്തു
തണുത്തു….! 

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി. വക്കാട് തുഞ്ചത്തെഴുത്തച്ഛൻ സർവകലാശാലയിൽ വിദ്യാർത്ഥിയാണ്