കൊല്ലം 2030

കപ്പിയിൽ കയർ വലിയുന്ന ശബ്ദം
ഇഴഞ്ഞു നീങ്ങുന്ന ജീവിതത്തിന്റെ താളം
താഴ്ന്നും ഉയര്‍ന്നും, ജുഗൽബന്ധിപോലെ
ചുമരിലെ കരിപിടിച്ച കലണ്ടർ

സൂക്ഷിച്ചു നോക്കി, കൊല്ലം 2023തന്നെ
കറന്റ് ബില്ല് കൂടുന്നെന്ന പരാതിയില്‍
കപ്പിയും കയറും അരകല്ലും അമ്മിയും
ഒളിച്ചിരുന്നിടത്തുനിന്നും പുറത്തു വന്നു

അഞ്ചു കൊല്ലമായി അടച്ചു തീരാത്ത
സ്ത്രീധനത്തുകയാണത്രേ കാരണം
ഗോമതിയുടെ മരുമോൾ സീതയുടെ
പ്രസവം വീട്ടിൽ ആക്കിയത്രേ,

ആശുപത്രി ചിലവിന് കാശില്ലെന്ന്!
രണ്ടു ദിവസം അലറികരഞ്ഞു
മൃതപ്രായയായവള്‍ പ്രസവിച്ചു
സുഖപ്രസവം, ആൺകുട്ടി

സന്തോഷം ആഘോഷിക്കാൻ
ലഡ്ഡു വാങ്ങാൻ ഓഡി കാറിലാണ്
കേട്യോന്‍ ബേക്കറിയിൽ പോയത്
ചോരയൊലിച്ചു കിടക്കുന്നോള്‍ക്ക്
എന്ത് സന്തോഷം, എന്ത് ലഡ്ഡു

ചിറക്കടുത്തുള്ള ശൈലജേടുത്തിടെ മരുമോൾ
ചിറയിൽ വീണു വീർത്തു പൊന്തി
സ്ത്രീധനം കൊടുത്ത വീടിന്റെ പെയിന്റ്
ചെറുക്കന് തീരെ ഇഷ്ടം ആയില്ലത്രേ
കൊല്ലം രണ്ടായിരത്തി ഇരുപത്തിമൂന്ന് തന്നെ !

രണ്ടായിരത്തി മുപ്പത്, കേരളം,
കല്യാണം കഴിക്കാത്ത പെണ്ണുങ്ങളുടെ നാട്
സന്തോഷത്തിന്റെ ആര്‍പ്പുവിളികള്‍,
സമാധാനമുള്ള മുഖങ്ങള്‍, പെണ്ണുങ്ങളുടെതത്രേ!

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ സ്വദേശി. ഇപ്പോൾ കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുന്നു. എഴുത്തുകാരിയും ഗണിതധ്യാപികയുമാണ്. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും എഴുതാറുണ്ട്. "ദൈവത്തിന്റെ നൂറാമത്തെ പേര്" , "ബന്ദൂരീയ" എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കലാ സാഹിത്യ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവം.