കാൽ പാടുകളിൽ തെളിഞ്ഞത്

മറവിയുടെ മെഴുക്കുപുരട്ടി
ഉണക്കാനിട്ട ഓർമ്മകൾ
കത്തുന്ന വെയിൽ കാഞ്ഞിട്ടും
ഉടലനക്കുന്നുണ്ട്.

കൊടും വേനലിൽ
ശവദാഹം നടത്തിയ
ഇലകൾ കൂട്ടത്തോടെ
പുതിയ നാമ്പുകളെ
മുളപ്പിക്കുന്നുണ്ട്.

തണൽ മരങ്ങൾ
കടപുഴകിയിട്ടും
ആഴത്തിലോടിയ വേരുകൾ
മണ്ണിനെ ചേർത്തുപിടിക്കുന്നു.

അവകാശസമരങ്ങളിൽ
ഉയിര് കൊടുത്തവരുടെ
കനൽജീവിതം
ചരിത്രപുസ്തകങ്ങളിൽ
അടർത്തി മാറ്റിയാലും
കാലത്തിന്റെ ചുമരെഴുത്തിൽ
തിളങ്ങുകയാണ്.

നിശബ്ദരാക്കപ്പെട്ടവരുടെ
അരികുജീവിതങ്ങളിൽ
ചേർന്ന് നിന്നവരുടെ
സമര പോരാട്ടങ്ങൾ
ജ്വലിക്കുന്ന സ്മരണകളാകുന്നു.

വന്യ മൃഗങ്ങളുടെ
കാൽപാടുകൾ കണ്ട്
കാട്ടുപ്പൂച്ചയെന്നു കരുതിയവർ
കലാപങ്ങൾക്കിടയിൽ
പുലികൾക്ക് ഇരകളാവാറുണ്ട്.

മുമ്പേ പറക്കുന്ന പക്ഷികൾ
വേട്ടക്കാരൻ പതിയിരിക്കുന്നത്
ചിലച്ചറിയിക്കുന്നു.

ഏകാധിപതികളുടെ
സാമ്രാജ്യങ്ങളിൽ
കവിയുടെ കാൽപാടുകൾ
അതിജീവനത്തിന്റെ
പ്രകൃതിനിയമം
പാലിക്കാനുള്ള
അടയാളങ്ങളാകുന്നു.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.