ഓർമ്മയുടെ തണൽ മരങ്ങളുള്ള മനസിലെ വഴി

ഒ.പി സുരേഷ്

ഏകാകികളുടെ ആൾക്കൂട്ടം, പല കാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവിൻ (കവിതകൾ) എന്നിവ പ്രസിദ്ധീകൃതമായ കൃതികൾ. ആനുകാലികങ്ങളിൽ എഴുതുന്നു. മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശി.


അതിദ്രുത ചലനങ്ങളാൽ മുഖരിതമായ മഹാനഗരങ്ങളിലൂടെയും മഹാ മൗനങ്ങൾ നെയ്യുന്ന താഴ്വരകളിലൂടെയും ചങ്ങാത്തം പൂത്തിറങ്ങുന്ന നാട്ടിടവഴികളിലൂടെയും കടന്നുപോകുന്ന ഓർമ്മകൾ. മറ്റാരോ തീരുമാനിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ  കൊണ്ട് കയ്ച്ചു പോയ വേഷങ്ങൾ കെട്ടിയാടുന്നവരുടെ ദാരുണാവസ്ഥകളും നമ്മൾ നമ്മിലേക്ക് മാത്രമണയപ്പെടുന്ന പക്ഷികളാവുന്നതിന്റെ  വേവലാതികൾ ഒക്കെ പങ്കിടുന്ന ഏകാകികളുടെ ആൾക്കൂട്ടം എന്ന ഒ.പി സുരേഷിന്റെ പുസ്തകത്തെ കുറിച്ച് കവയത്രി മിനി മഴ എഴുതുന്നു: ഓർമ്മയുടെ തണൽ മരങ്ങളുള്ള മനസിലെ വഴി

കാലത്തെയും ദേശത്തെയും വകഞ്ഞു മാറ്റി മനോഹരമായ ചില സഞ്ചാരങ്ങളുടെ ഓർമ്മപ്പുറ്റുകളിൽ വെറുമൊരു നടത്തമല്ല ഒ.പി സുരേഷിന്റെ ഏകാകികളുടെ ആൾക്കൂട്ടം എന്ന പുസ്തകം. അകങ്ങളെ ചെന്നു തൊടുന്നൊരു ആഴപ്പെട്ട, ചെറുതല്ലാത്ത ഒരു പിന്തുടരൽ ഈ പുസ്തകം വായനക്കാരന് സമ്മാനിക്കും. യാത്രകളുടെ ദ്വിമാന ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം  മനുഷ്യ മനസ്സുകളുടെ അപാരമായ സങ്കീർണ്ണതകളിലൂടെ ഒപ്പം നടത്തുന്നു എഴുത്തുകാരൻ. ചിലയിടത്ത് കഥ പറച്ചിലുകാരന്റെ കൈയ്യടക്കത്തിന്റെ മികവ് കാണാതിരിക്കാനാവില്ല. അതിദ്രുത ചലനങ്ങളാൽ മുഖരിതമായ മഹാനഗരങ്ങളിലൂടെയും മഹാ മൗനങ്ങൾ നെയ്യുന്ന താഴ്വരകളിലൂടെയും ചങ്ങാത്തം പൂത്തിറങ്ങുന്ന നാട്ടിടവഴികളിലൂടെയും അനായാസമായി നാം വായനവഴിയിലൂടെ നടന്നുപോകും.

ശില്പ ഘടനയുടെ മഹാ സൗധങ്ങൾ പണിയാനുള്ള വെമ്പലോ  പൊങ്ങച്ചമോ കാണിക്കുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ സത്യസന്ധത. തന്റെ നിലപാടുതറകളിൽ ഊന്നിനിന്നു കൊണ്ട് സുന്ദരമായ ഒരു ലാളിത്യം ഓരോയിടത്തും സൂക്ഷിക്കുന്നു.ദൃശ്യതയുടെ അപാരമായ അളന്നെടുക്കലിൽ വിസ്മയഭരിതമായ ഒരാനന്ദത്തിൽ  അറിയാതെ ഉടൽ തെന്നി വീഴുന്നുണ്ട് ചിത്രകൂടത്തിന്റെയും കുടജാദ്രിയുടെയും അപൂർവ്വ ഭംഗിയിൽ. നാഗരികതയുടെ ആരവങ്ങൾക്കിടയിലും സ്വച്ഛമായ ഒരു നിശ്ശബ്ദതയെ പിൻപറ്റി നടക്കുന്നുമുണ്ട്.

പച്ചയായ മനുഷ്യരുടെ മഹാസങ്കടങ്ങളിൽ ശാസ്ത്ര – യുക്തിബോധത്തിന് നിരക്കാത്തൊരു വിശ്വാസത്തിന്റെ ഉരക്കല്ലുണ്ടെന്ന്  വിളിച്ചു പറയുന്നതോടൊപ്പം നൻമയുടെ ചൂട്ടു വെളിച്ചങ്ങൾ കെട്ടു പോയിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറുടെ രൂപത്തിൽ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു ഈ പുസ്തകം. 

തന്നെ പിടിച്ചു വലിച്ച കോഴിക്കോടൻ നഗരത്തിന്റെ ആകർഷണീതയിൽ ജീവിതത്തിന്റെ നിഘണ്ടുവിൽ അർത്ഥം തിരഞ്ഞു കൊണ്ടിരിക്കുമ്പോഴും, ജൻമനാടിനെ തികഞ്ഞ സാധാരണ മനുഷ്യനായി കോറിയിടാൻ  ഒ.പി. സുരേഷ് മറക്കുന്നില്ല. ആത്മബന്ധങ്ങളുടെ അകക്കുരുക്കുകളിൽ കുരുങ്ങി  മനസ്സ് വാടുമ്പോഴും ഇരുട്ടു മരത്തിലിരുന്ന്  അടർന്നുവീണു പോകുമെന്ന് ഭയന്ന് പെങ്ങളിലയെ നെഞ്ചിൽ ഒട്ടിച്ചുവെയ്ക്കുമ്പോൾ  എഴുത്തുകാരന്റെ സജലമിഴികളിൽ സ്നേഹം പൊടിയുന്നു. ഉള്ളകത്തിന്റെ ഉൾപ്രാന്തങ്ങളിലെവിടെയോ ഇരുട്ടിന്റെ അമ്ള നിറങ്ങൾ നിറച്ച് വെച്ച് സുജാത ഇറങ്ങിപ്പോയത് വെളിച്ചത്തിലേക്കാവണം; അങ്ങനെയാവട്ടെ. ആത്മാവിന്റെ ഞരമ്പുകളിൽ  തോലടർന്നു പോകുന്ന  മുറിവായി സുജാത പറ്റിപ്പിടിച്ചിരിയ്ക്കുന്നു. 

സ്മൃതി ചഷകങ്ങളിൽ ചിരകാല സൗഹൃദങ്ങളുടെ ഹരിതാഭ നിറഞ്ഞു നിൽക്കുന്ന ഫാറൂഖിയൻ കലാലയം വരച്ചിടുമ്പോൾ അകം നിറഞ്ഞ് വീർക്കുന്ന ഓർമ്മകൾ പങ്കിടുക മാത്രമല്ല എഴുത്തുകാരൻ ചെയ്യുന്നത്. ഒരു കലാലയം എങ്ങനെയാണ്  ജീവിതത്തെ ഗതി മാറ്റി വിട്ട് തന്റെ ക്ഷുഭിത യൗവ്വന ബൗദ്ധിക മാസ്മരികതകളെ, ഇച്ഛാശക്തികളെ, രാഷ്ട്രീയ നിലപാടുകളെ ഊർജ്ജിതമാക്കിയതെന്ന് ഹൃദ്യമായി പറയുന്നു. അവനവനെ തിരിച്ചറിയാനുള്ള  സ്വാധീനമുണ്ടാക്കിയ ഗുരുക്കൻമാരെ നന്ദിയോടെ സ്മരിക്കാനും മറക്കുന്നില്ല.

മായം കലരാത്ത നാട്ടുനൻമകളെ ഹൃദയത്തിലാവാഹിച്ച് ബാല്യകാലത്തിലേക്ക് അയത്നലളിതമായി ഊളിയിടുമ്പോൾ ലഹരി മനുഷ്യ മനസ്സുകളിൽ പരസ്പര – ഇഴയടുപ്പത്തിന്റെ ചാലകശക്തിയാവുന്നതും ഉള്ളിലേക്കിറങ്ങി ചെല്ലുന്ന സ്നേഹത്തിന്റെ ഉപോല്പന്നമായി അനുഭവവേദ്യമാകുന്നതും പട്ടിണിയാൽ ഉഴുതുമറിക്കപ്പെടുന്ന നാട്ടു ജനതയുടെ  ആശ്വാസവചനമാകുന്നതും എഴുത്തുകാരൻ  പറയുന്നുണ്ട്.

അസ്വാതന്ത്ര്യത്തിന്റെ മഹാകാശത്തിൽ സ്വാതന്ത്ര്യത്തിന്റെ കുഞ്ഞുകുടകൾ ഒന്ന് നിവർത്തി പിടിക്കാനാവാത്ത മനുഷ്യരുടെ നിസ്സഹായാവസ്ഥകൾ ‘പരതന്ത്രം ‘ എന്ന ലേഖനത്തിൽ എഴുത്തുകാരൻ ആശങ്കയോടെ നോക്കി കാണുന്നു. നിലവിലെ സ്ഥാപനവൽക്കരണങ്ങൾ മനുഷ്യനെ സ്വാതന്ത്ര്യത്തിലേക്ക് ചലിക്കാനനുവദിക്കില്ലെന്ന തിരിച്ചറിവോടെ സ്വാതന്ത്ര്യം എന്നത് ഒരു സംസ്കാരത്തിന് അസാധ്യമെന്ന് ഒരു ജ്ഞാനിയുടെ അവബോധത്തോടെ വിളിച്ചു പറയാൻ മടി കാണിക്കുന്നില്ല. മറ്റാരോ തീരുമാനിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ  കൊണ്ട് കയ്ച്ചു പോയ വേഷങ്ങൾ കെട്ടിയാടുന്നവരുടെ ദാരുണാവസ്ഥകളും നമ്മൾ നമ്മിലേക്ക് മാത്രമണയപ്പെടുന്ന പക്ഷികളാവുന്നതിന്റെ  വേവലാതികളും ഈ പുസ്തകം പങ്കിടുന്നു. ചലന സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന കനപ്പെട്ട ഇരുമ്പു വാതിലുകൾ തള്ളിത്തുറന്ന്  സ്വത്വബോധത്തെ തിരിച്ചെടുത്ത് സ്വയം വിമോചിതരാകാനുള്ള ആഹ്വാനം ഗൗരവമായി ചേർക്കപ്പെടുന്നുണ്ട്.

ഏകാകികളുടെ ആൾക്കൂട്ടമെന്ന തലക്കെട്ടിന്റെ അർത്ഥവ്യാപ്തി നമ്മിൽ പുതുവായനയുടെ പുതുഗന്ധം ഇരച്ചുകയറുന്നൊരു പ്രതീതിയുളവാക്കുന്നു. പറയാതെ വയ്യ ‘ആൾക്കൂട്ടം’ എത്രയോ രാത്രികളിൽ എന്നെ ഉറക്കാതിരുന്നിട്ടുണ്ട്. സ്വന്തം പറമ്പിലും പാടത്തും കുളക്കരയിലും മാത്രം നടന്നിരുന്ന മലയാളി തിരക്കേറിയ ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ ഓടിക്കിതച്ചെത്തിയതിന്റെ വേവലുകൾ, മനുഷ്യൻ എന്ന സമസ്യയുടെ നാനാർത്ഥങ്ങൾ, തീക്കത്തലുകൾ, ഭരണകൂട അധികാരം സാധാരണക്കാരിൽ  ഉണ്ടാക്കിയെടുത്ത സ്ഫോടനാത്മകമായ മഹാ മർദ്ദങ്ങൾ, ആന്തരിക ശൂന്യതകൾ, ആൺ- പെൺ ചേർച്ചകൾ  അടയാളപ്പെടുത്തിയ ആർദ്രതകൾ. ഈ നടവഴികളിലൂടെയെല്ലാം വീണ്ടും നടത്തുന്നു ഈ പുസ്തകം.

ദന്തഗോപുരങ്ങളിലിരിക്കാതെ മണ്ണിലേക്കിറങ്ങി പൊഴിച്ചിട്ട സത്യസന്ധതയെ അവഗണിക്കാനാവില്ല. അവകാശവാദങ്ങളേറെയില്ലെങ്കിലും പങ്കിടലുകളുടെയും സ്നേഹത്തിന്റെ  പരസ്പര വ്യാപനത്തിന്റെയും നിസ്സാരമല്ലാത്ത ഒരു ലോകം തീർക്കുന്ന ‘ഏകാകികളുടെ  പുസ്തകം ‘ വായാനയുടെ വലിയ വഴികളാണ് തുറന്നിടുന്നത്.

ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും എഴുത്തുന്നു. കോഴിക്കോട് സ്വദേശിയായ അധ്യാപിക.