ഓർമ്മകൾ മായവേ

നമ്മളൊന്നായ് നടന്നൊരാ പാതകൾ,
നമ്മൾ വറ്റിച്ച കണ്ണുനീർച്ചാലുകൾ,
നമ്മൾ ചിരികൊണ്ടു തീർത്ത മഴവില്ലുകൾ,
നമ്മളെ നമ്മളാക്കുന്നൊരോർമ്മകൾ,
നീ മറന്നങ്ങു പോകുന്നുവോ സഖീ?
ഓർമ്മ നിന്നെ പിരിഞ്ഞു പോകുന്നുവോ ?

തിരികെയെത്താൻ കൊതിച്ചൊരാ വഴികളെ
തിരിയുവാൻ നിനക്കാകാതെ പോകവേ,
ചോര പൊടിയാതെ മുറിവേറ്റിടുന്നു ഞാൻ
ഓർക്കുവാൻ കഴിയുന്നതും ശാപമോ ?

മനസ്സിലായ് നീ കുറിച്ചിട്ട തീയതികൾ
മറവിയിൽ മാഞ്ഞുപോകുന്നതറിയവേ,
ചിതലരിച്ചു പോകുന്ന നിൻ ഓർമ്മകൾ
ചിതറിടുന്നതിൻ പൊരുളറിഞ്ഞീടവേ,
ചിരപരിചിതനാകുമാ ഡോക്ടർ നിൻ
രോഗ, ” അൽഷിമേഴ്സ് ” എന്നുര ചെയ്യവേ,
നിന്റെ മിഴികളിൽ ആദ്യമായ് കണ്ടു ഞാൻ
ആർത്തിരമ്പുന്ന കണ്ണുനീർ സാഗരം.

ആളൊഴിഞ്ഞാ,ശുപത്രിയിടനാഴി തൻ
സാന്ദ്രമൗനങ്ങൾ നമ്മെ ഞെരുക്കവേ,
എന്റെ മിഴികളിൽ മിഴി പതിപ്പിച്ചു നീ
മൊഴികളുതിരാൻ മടിക്കുന്ന ചുണ്ടിനാൽ ,
അന്നു ചോദിച്ച ചോദ്യമെൻ കാതിലായ്
ഇന്നുമുണ്ടൊരു പൊള്ളുന്ന നീറ്റലായ് .
“നമ്മൾ തീർത്തൊരാ നമ്മുടെ ഇന്നലെ,
നമ്മിലില്ലെങ്കിൽ നാം പിന്നെ എന്തിനായ് ? “

നമ്മളാടിയ വേഷങ്ങളെത്രെയോ ?
ആടുവതെത്രെ വേഷങ്ങൾ പിന്നെയും .
അമ്മയെപ്പോൽ കരങ്ങളിൽ സ്നേഹമാർ –
ന്നുമ്മയേകി പൊതിഞ്ഞ നിൻ സാന്ത്വനം,
അങ്ങു ദൂരേയ്ക്കു മായുമീ വേളയിൽ ,
എന്തു ചെയ്യേണ്ടതറിയാതെ നില്പു ഞാൻ .
എങ്കിലും വൃഥാ അണിയുന്നു പ്രാണനിൽ
ശങ്കയോടെ നിൻ താതന്റെ ഭൂമിക.

ഉണ്ണികൾക്കുമാ മാമ്പൂവിനും സദാ
കണ്ണുചിമ്മാതെ നാം കാവലായതും,
കണ്ട സ്വപ്നങ്ങൾ വാടാതിരിക്കുവാൻ
കൊണ്ട വേനൽ പകുത്തു താങ്ങായതും ,
ഹൃത്തടങ്ങളിൽ നോവേറ്റു വാങ്ങവേ
കൺതടങ്ങളന്യോന്യം തുടച്ചതും,
നമ്മൾ നട്ടുനനച്ചു വളർത്തിയ
വിത്തുകൾ വൻമരങ്ങളായ് പാർത്തതും ,
പിന്നതിൽ നിന്നു പുത്തൻ തലമുറ
പിറവി കൊണ്ടതിൽ പുളകങ്ങളാർന്നതും ,
നമ്മിൽ കാലങ്ങൾ പൂത്തു കൊഴിഞ്ഞതും
നമ്മളിരുമെയ്യിലൊരു ഹൃദയമാർന്നതും ,
ഇന്നലെ കഴിഞ്ഞെന്ന പോൽ ഓർമ്മയിൽ
മിന്നിമായുന്നു നിന്നെ നോക്കീടവേ.

എവിടെയും കെട്ടിനിൽക്കുന്നതില്ല നാം
ഒഴുകിനീങ്ങുമീ ജീവപ്രവാഹിനി.
വരിക നീയെൻ അരികത്തിരിക്കുക
വരി മറന്നൊരാ പാട്ടൊന്നു മൂളുക .
തുഴയെറിഞ്ഞൊന്നു പോകേണ്ടതുണ്ടിനി
പുതിയതീരങ്ങൾ നമ്മെ ക്ഷണിക്കയായ് .
അവിടെ മറവിയ്ക്കു നിൻ കൂട്ടിരിക്കുവാൻ
ഓർമ്മകൾ പേറി ഞാനില്ലയോ സഖി
ഓർക്കുവാൻ ശ്രമിക്കേണ്ടതില്ലൊന്നുമേ ,
നീർക്കുമിൾ പോലെ നമ്മുടെ ജീവിതം .
ആയതിൽ നമ്മൾ സ്വപ്നം വിതച്ചതും ,
സ്വർഗ്ഗമൊന്നു വിളയിക്കാൻ ശ്രമിച്ചതും.
ധന്യമാക്കിടാം ഇന്നതിൻ മാത്രകൾ
കണ്ണുനീർ കടഞ്ഞ,മൃതേറ്റു വാങ്ങുവാൻ ..

എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ജനനം. ഡിഗ്രി പഠനത്തിന് ശേഷം ഒരു സ്വകാര്യകമ്പനിയിൽ ജോലി നോക്കുന്നു .