ഓർച്ചകളിൽ അവശേഷിക്കുന്നത്

പാതകളിടവഴികളാൽ മരത്തണലി-
രുവശവും നിറവാർന്നനേകം കാഴ്ചകൾ
ഏറെ ദൂരം നാമൊന്നിച്ചൊന്നായി പിന്നിട്ടുവല്ലോ !
ആഴങ്ങളിലിരുന്നുറച്ചുപോയവർ നാം
വേരുകൾ പടർന്നിരുന്നു,
ശാഖകൾ വിശാലമായിരുന്നു
കാലത്തിന്നടരുകളിലെ അടയാളപ്പെടുത്തലുകൾ
ഓർമ്മകളിൽ നിത്യസന്ദർശകരായി, പരിചിതരായി
ഒരൊഴിഞ്ഞ കോണിലൊടുവിൽ പ്രതിഷ്ഠയായി മാറുന്നുവോ ?
നിരന്തരം തീരത്തെ പുൽകുന്ന തിരകളെ-
പോലവയുമൊരിടത്തെ സ്വന്തമാക്കുന്നുവോ !

ഒരു വസന്തത്തിനുശേഷമുള്ള അപ്രതീക്ഷിതമായ
മൗനത്തിന്റെ കയങ്ങളിലകപ്പെട്ട് ഇടറുന്ന സ്വരത്തിൽ
തനിയെ പലയാവർത്തി ചോദിച്ച ചോദ്യങ്ങൾ…
ഇനിയവ വെറുമോർമ്മകൾ മാത്രമെങ്കിലും നാമറിയുന്നു
അതെത്രയും ഓർച്ചകൾക്കാധാരമാകുന്നതെന്തുകൊണ്ടെന്ന്
ഒന്നായുണരുക അസാധ്യമെങ്കിലും, ഒന്നായി നിൽക്കുക
സാധ്യം തന്നെയെന്നറിയുക

എന്തിനാണെന്നെ വീണ്ടും വിളിച്ചതെന്ന്
ചോദിക്കുന്നതിലർത്ഥമില്ലന്നറിയുന്നു
ബോധ്യങ്ങളുൾക്കൊള്ളലുകളിലൂടെയേറെ നാം
മുന്നോട്ടു നീങ്ങി…
തന്റെ തണലിലെ സംസാരങ്ങൾക്കി-
ടവേളയുണ്ടാകുമ്പോൾ
ഓരോ മരവും ഓർമ്മകളെ അയവിറക്കുന്നതുപോലെ
ഒന്നായിരുന്നീ വിളികളെന്റെ മനസ്സിനെ തൊട്ടുണർത്തിയത്
വരും ജന്മത്തിലൊന്നാകാമെന്ന വാക്കുകളെന്നിൽ
മൗനസാഗരം തീർക്കുന്നു

നിറവാർന്നൊരു സൗഹൃദകാലം മുന്നിൽ വിശാലമായുണ്ട്
അതിലൂടെ നാം നടക്കണം
നീണ്ട പാതകൾ, നാം നടക്കണം
വെക്കാനത്തിന്റെ ഓർച്ചകളിലും ഇടർച്ചകളില്ലാതെ
നീയാ ഗാനം വീണ്ടും പാടുക…

വയനാട് സ്വദേശി. മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി, അഗ്നിപ്പറവകൾ സ്റ്റേറ്റ് യൂത്ത് കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നിന്ന് എം. എ. മലയാള (സംസ്കാരപൈതൃകം) ത്തിൽ ബിരുദാനന്തര ബിരുദം. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.