ഒരോർമ്മയുടെ മുറിപ്പാട്

നഗരമേ, നഗരമേ
നീ എനിക്കെല്ലാം പകുത്തു –
തന്നെത്രയോ ദൂരങ്ങൾ…..
ആഴ പരപ്പുകൾ…
മായാപഥങ്ങളിലനന്തമാം കാഴ്ചകൾ…
അജ്ഞാത നഭസ്സിലെ ധൂമകേതുക്കൾ…
ധവള നക്ഷത്രങ്ങൾ…
ഇരുളിന്റെ കോട്ടകൾ…
പകരം പകർന്നെന്റെ,
മജ്ജയും മാംസവും
ചിരബന്ധനസ്ഥമാം ഹൃദയാന്തരങ്ങളും.

പ്രണയമേ നീയുമീ
കെടുതിയിൽ ഭുജഗമായ്
ആത്മാവ് തീണ്ടി –
പിടഞ്ഞെന്റെ പ്രാണനിൽ
മൃതി പടർത്തിടവേ…
ഏതോ ഒരജ്ഞാതയാത്രികൻ മന്ത്രിച്ച
മന്ത്രങ്ങൾ ഇനിയും മരിക്കാത്തയെന്നിലെ
പ്രാണനോടൊപ്പം ഒടുങ്ങട്ടെ..

ജീമൂതവ്യാളികൾ അഗ്നിവർഷിച്ചിടും
പ്രേതാലയങ്ങളിലെ നീളും വരാന്തയിൽ
നാവ് പൊള്ളി കരയും
ഏകാന്ത ബാല്യങ്ങൾ
വിറകൊണ്ട് നീറി പുകഞ്ഞിടുന്നു.

വിഭ്രാന്തമാനസേ നിമിഷങ്ങളെണ്ണി
ചുഴറ്റും അരക്കെട്ടിൽ തീക്ഷ്ണമാം ഉടലുകൾ
കത്തിച്ചിതെത്രെയോ പാപ കൊടുംചൂടിൽ
ഏരിയട്ടെ ഞാനും ഉമിത്തീയിലെന്നപോൽ.

അപഥസഞ്ചാരണേ നീരക്തവദനനായ്
അന്ധനായ്തീരും തിരസ്കൃതഭൂമിയിൽ
ജീവിതാസക്തികൾ കെടുമരണമേൽക്കേ
മുടന്തുന്നു കാലുകൾ,
മടുക്കുന്നു ഗമനവും.
എങ്കിലും,
എത്തിയാ വാക്കിന്റെയോർമ്മയിൽ
കിതച്ചും വിയർത്തുമീ
ഗാഗുൽത്താൻ മലകളിൽ .

ഏതോ തമോഗർത്തമണ്ഡലത്തിൽ
നോറ്റ ഉപജാപമന്ത്രാക്ഷരങ്ങളിൽ അടിപതറി
എന്നെ ഹനിക്കാനൊരുമ്പെടും കൈകളിൽ
നീയെന്തിനാടണം വ്യഥയുണർത്തി ?

ഞാനേറ്റു പറയുമെൻ ഭൂതകാലങ്ങളും
ഇടറുന്ന മനസ്സുമായ് നീ കേൾക്കവേണ്ടിനി.
പകരമായി
വിഷമുൾകിരീടത്തിൽ നിന്നോരു
മുള്ളെടുത്തെന്റെയീ
ശിരസ്സിൽ തറയ്ക്കണം.
കാഴ്ചയുടെ ശേഷിപ്പായ്
കാത്തു വെച്ചീടുവാൻ
ഇനിയെനിക്കിതുമതി
ശിഷ്ടകാലത്തിനായ്.

ഇനി നമ്മൾ കാൺകയില്ലൊരുനാളും
ഇവിടെയീ കഷ്ടകാണ്ഡത്തിന്റെ
മാറാപ്പ് തോളിലേറ്റതിഗൂഢ
വിസ്‌മൃതം രാവിൻപഥങ്ങളിൽ
ചുവടുകൾ വയ്ക്കട്ടെ ഉപബോധമേ.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശി. പതിനഞ്ച് വർഷമായി യുഎയിൽ . ആദ്യ കവിതാസമാഹാരം 'വാകപ്പൂക്കൾ' 2022ൽ ഷാർജ അന്തരാഷ്ട്ര പുസ്തകമേളയിൽവെച്ച് പ്രശസ്ത കവി ശ്രീ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്തു. രണ്ടാമത്തെ കാവ്യസമാഹാരത്തിന്റെ പണിപ്പുരയിൽ.