ഒരാൾ മരിച്ചു പോകുമ്പോൾ

ഒരാൾ മരിച്ചു പോകുമ്പോൾ
ഒരിക്കലും ഉത്തരം കിട്ടാത്ത
ചില മന(കോട്ട)കണക്കുകൾക്കു
‘പൂർണ്ണവിരാമം’ ഉത്തരമായിത്തീരും.

സ്വയം ശാശ്വത പരിഹാരം തേടുന്ന
അപരന്റെ കഠിന ഭയാശങ്കകൾ
പുനർചിന്തക്കു ഇടം നൽകാതെ
അപൂർണ്ണ സമസ്യയായിത്തീരും.

ഒരാൾ മരിച്ചു പോകുമ്പോൾ
വെള്ളിടി വെട്ടി മാരി പെയ്യുമെന്നും,
വന്മരങ്ങൾ കടപുഴകി വീഴുമെന്നും,
പ്രിയപ്പെട്ടവരെ എന്നും കാണാൻ
തൊടിയിലെ നാട്ടുമാവിൻ കൊമ്പിൽ
ബലികാക്കകൾ കൂടുകൂട്ടുമെന്നും
ആരോ പറഞ്ഞു വിശ്വസിപ്പിച്ചതു
പാഴ്വാക്കാണെന്നു തിരിച്ചറിയും.

ഒരാൾ മരിച്ചു പോകുമ്പോൾ
മുറ്റത്തെ തൈത്തെങ്ങിൽ നിന്നു
ഓലതുഞ്ചം മുറിഞ്ഞു വീഴുമെന്നും,
തൃസന്ധ്യക്കൊരു കോഴി കൂകുമെന്നും,
അസ്തമയത്തിൽ ഒരു നക്ഷത്രം
കിഴക്കുദിക്കുമെന്നുമുള്ള
എന്നോ പറഞ്ഞു കേട്ടു പഴകിയ
വിശ്വാസങ്ങളെ തേച്ചുമിനുക്കും.

ഒരാൾ മരിച്ചു പോകുമ്പോൾ
മനസ്സിൽ പൊക്കി കെട്ടിയ-
ഒരദൃശ്യ വേലിയങ്ങനെ
ഒരു വീട്ടാകടം, കിട്ടാക്കടം,
എന്നോ തുടങ്ങിയൊരു തർക്കം
തുടർസാധ്യതകൾക്കിടമില്ലാതെ
തനിയെ അപ്രത്യക്ഷമാകുന്നതും
സ്വയം അനുഭവിച്ചറിയാം.

ഒരാൾ മരിച്ചു പോകുമ്പോൾ
അനാവശ്യമായി കയറി വരുന്ന
ഒരു പരിപൂർണ്ണ നിശ്ശൂന്യത
ചിന്തകളുടെ വഴിമുടക്കുന്നതും
പങ്കിട്ടിടുന്ന വേവലാതികൾ
മനസ്സു നീറ്റി കൊണ്ടെരിക്കുന്നതും
കെട്ടുകാഴ്ചകൾക്കുമപ്പുറമാണെന്നു
ആരോടു വിവരിച്ചു കൊടുക്കും?

ഒരാൾ മരിച്ചു പോകുമ്പോൾ
പലവഴിക്കു പലരാലും
ആവർത്തിച്ചു ശ്രമിച്ചിട്ടും
നികത്താൻ കഴിയാത്ത,
അമ്പേ പരാജയപെട്ടുപോയ,
ദിനേന വലുതാകുന്ന
ഒരു ശൂന്യതക്കപ്പുറം
എന്താണു ബാക്കിയാകുന്നത്?

ഒരാൾ മരിച്ചു പോകുമ്പോൾ
സ്വയമല്ലാതെ ആരാലും
നികത്താൻ സാധ്യമല്ലാത്ത
അദൃശ്യമായ ഒരു ശൂന്യത
വിലയം പ്രാപിക്കുന്നതു
തിരിച്ചറിയുമ്പോൾ മാത്രമാണു-
വളരെ വേണ്ടപ്പെട്ട ഒരാൾ
മരിച്ചു പോയി എന്നറിയുന്നത്.

കണ്ണൂർ ജില്ലയിൽ മൊറാഴ സ്വദേശി. അധ്യാപകൻ ആയി ജോലി നോക്കിയിട്ടുണ്ട്. ആദ്യ പ്രവാസം ഇന്ത്യയിൽ ബിഹാറിൽ റാഞ്ചിയിൽ ബുദ്ധിസ്ററ് മിഷിനറി വക സ്കൂളിൽ അനധ്യാപകനായി. ഇപ്പോൾ UAE യിൽ ഒരു കമ്പനിയിൽ അക്കൗണ്ട് മാനേജർ ആയി ജോലി ചെയുന്നു. നവമാധ്യമങ്ങളിൽ കവിത എഴുതാറുണ്ട്