ഒപ്പാരി

മുടിപിന്നി സൈഡ് ബ്രയിഡ് ചെയ്ത്
ഞൊറികളൊതുക്കി
കണ്ണാടിയിൽ നോക്കി നിൽക്കവേ
പിന്നിൽ മഴ പെയ്തു
ജനലിനപ്പുറത്തെ കുളം
തെളിഞ്ഞു വന്നു

കണ്ണാടി വീണുടഞ്ഞ തറയിൽ നിന്ന്
മതിലിടിഞ്ഞ കുളത്തിലേക്ക്
മുങ്ങിത്താഴ്ന്ന് പിടഞ്ഞു,
രണ്ടപര മീനുകൾ.

ഛിന്നഭിന്നമായ് ചിതറിയൊരുവൾ
എഴുന്നു നിന്നു
തിരയിളക്കം
നിലയ്ക്കും വരേയ്ക്കും
ഓളപ്പരപ്പിൽ നീന്തി
ഒടുക്കം മുങ്ങി നിവർന്ന്
അവസാനപടിക്കെട്ടിന്റെ
വിളുമ്പത്തെ ക്ലാവിൽ
ഒരുതുള്ളി വെള്ളം പോലെ
പിടിച്ചു നിന്നു

കുളം കണ്ണാടി പോലെ
പ്രപഞ്ചത്തിലേറ്റവും സുന്ദരവും
അത്ര താഴ്ചയോ
പറയത്തക്ക
നീളമോ വീതിയോ ഇല്ലാത്ത
കണ്ണുകൾ തുടച്ച്
വെളുക്കനെ ചിരിച്ചു

അവൾ കണ്ണാടിക്കു മുന്നിൽ
തലയുയർത്തിപ്പിടിച്ച്
ജനലിനപ്പുറത്തെ കുളത്തിലേക്ക്
കണ്ണിലെ രണ്ടു കല്ലുകൾ താഴ്ത്തി വച്ചു
പൊട്ടിയ വീശുവലയിൽ കുരുങ്ങിപ്പോയ
രണ്ടഴുകയെപ്പോലെ
പുളച്ചുപുളച്ച് വറചട്ടിയിലെ
മെഴുക്കിലേക്ക് വഴുതിവീണു

തെന്നിത്തെന്നി
ദിശ തെറ്റിയ നോട്ടത്തിന്
ഇറങ്ങിപ്പോകാനോ
എവിടെയെങ്കിലും
പിടിച്ച് നിൽക്കാനോ
ഒഴുകിപ്പോകാനോ
ഇടയില്ലാതെ കുഴഞ്ഞുമറിഞ്ഞു

കുളത്തിലെ
കെട്ടവെള്ളത്തിൽ കളിക്കുന്ന
തവളകളുടെ മൂത്രശങ്കപോലെ
കണ്ണാടി നോക്കുന്തോറുമവൾക്ക്
രണ്ട്‌ കുളങ്ങൾ അമറിക്കൊണ്ട്
മഴയത്ത്
ഇരുണ്ട് വരുംപോലെ തോന്നി

അവൾ കണ്ണാടിയിലൂടെ
ജനാലയ്ക്കപ്പുറത്തെ
കുളത്തിലേക്ക് നോക്കുമ്പോൾ
ജാലകവിരിയുടെ
ഞൊറികൾക്കിടയിൽ കുടുങ്ങിപ്പോയ മഞ്ഞക്കോളാമ്പികൾ
കുളക്കരയിലും വിരിഞ്ഞത് കണ്ടു
എങ്ങോട്ട് പോകുമെന്നറിയാതെ
ഉഴറും നരച്ച തലമുടിപിഴുതവൾ
കാറ്റിൽ പറത്തി വിട്ടു

ഒരു സൈക്കിൾ സവാരിക്കാരൻ
സൂര്യനെ മുറിച്ചു പോകുന്നതും
രക്തം തെറിക്കുന്നതും
മൺപാതയിൽ
പാൽപ്പാത്രം മറിഞ്ഞു വീഴുന്നതും
നഗരത്തിലെയും ഗ്രാമത്തിലെയും
എല്ലാ കടകളിലെയും ഷട്ടർ
ഒരുപോലെ താഴുന്നതും
നോക്കി നിന്നു

കുളക്കരയിലെ
തെച്ചിപ്പൂക്കളാരോ നുള്ളിയെടുത്ത്
അതുവഴി പോയ
ലാസ്റ്റ് ലിമിറ്റഡ് സ്റ്റോപ്പ്‌
ബസിനുനേരെ കൈ നീട്ടുന്നു,
തെച്ചിപ്പൂക്കളുടെ
ബൊക്കൈ പിടിച്ച ഇമേജ് പോലെ

ഒരു യാത്രക്കാരന്റെ കാത്തിരിപ്പും
കുളത്തിലേക്കയാളുടെ
ചെരിഞ്ഞു വീണുള്ള
അസ്വാഭാവികമരിപ്പുമവൾ
സൂര്യാസ്തമയം വരെ
കണ്ണാടിയിലൂടെ കണ്ടുകൊണ്ടിരുന്നു

അവൾക്കുള്ള
ഒപ്പാരിയും പാടിക്കൊണ്ട് വന്നു,
അടുത്ത മഴ
വെള്ളമിരച്ചുകയറിയപ്പോൾ
കണ്ണ് തിരുമ്മി,
കുളം കലങ്ങി മറിഞ്ഞു
മതിലും തകർത്ത്
കുത്തിയൊലിച്ചൊഴുകി

ആരുമിനി കാണരുതെന്ന മട്ടിൽ
ജനാലവഴിയവളെ
വിളിച്ചിറക്കിക്കൊണ്ട് വന്ന
ഒരു കുളവും കണ്ണാടിയും
വറചട്ടിയും കിടിലൻ മഴയും
ഉറുമി ചുഴറ്റിയൊരു വമ്പൻകാറ്റും
അവൾക്കുമേലെ ചാഞ്ഞു വന്നു

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു