ഉപദേശം

കൊട്ടയിൽ വിൽക്കാനിരിക്കുന്ന
മധുര പലഹാരം പോലെ
സുന്ദരമായി നിരത്തി വച്ചിരിക്കുന്നു

എല്ലാവരുടെ കയ്യിലുമുണ്ട്
കാർബൻ കോപ്പിയിൽ പതിച്ച
പറഞ്ഞ് തഴമ്പിച്ച പതിര്

കേൾക്കാൻ ലോകത്താരും
ഇഷ്ടപ്പെടാത്ത, നാറിയ വാചകങ്ങൾ
അവനവന്റെ നേർക്ക് ഉപയോഗിക്കാത്ത
മറ്റുള്ളവന്റെ നെറുകയിൽ
പ്രയോഗിക്കാവുന്ന ചിലവില്ലാത്ത
അണു…ആയുധം

ഉയർച്ചയിലും, താഴ്ചയിലും
ഒരുവനെ തേടിയെത്തുന്ന
തുരുമ്പിച്ച കുറേ വാക്കുകൾ

ഹോ! ഉപദേശം തുടങ്ങി
വെട്ടാവളിയന് ഉപദേശം –
കൊടുക്കുന്നത് മരപ്പട്ടി
എന്ന് ജനം പറയുന്നു

അടുപ്പിലെടുക്കാൻ പോകുന്ന നേരത്തും
നന്നാവാൻ ചെറിയ ഒരു ഉപദേശം സൗജന്യം

നാറാണത്ത് ഭ്രാന്തനെയും ഉപദേശിക്കും
ഈ നാറികൾ ഇഹലോക നാറികൾ

ഉപദേശത്തിന്റെ പഴക്കം മനുസ്മൃതിയോളം-
എന്നാരോ ഉപദേശിക്കുന്നു

മറ്റുള്ളവന്റെ വളർച്ചയെ ഇഷ്ടപ്പെടാത്ത
തളർച്ചയെ കേൾക്കാൻ താല്പര്യമുള്ളവരുടെ
മുരടിച്ച മനസ്സിന്റെ ശാസ്ത്രം, ഉപദേശശാസ്ത്രം

സംഭവിക്കുന്ന വഴിയേ മാത്രം സഞ്ചരിക്കുന്ന
മനുഷ്യന് സംഭവിപ്പിക്കുന്ന വഴി അപരിചിതം

ഉപദേശമല്ല വേണ്ടത്
ഉൾക്കൊള്ളലെന്ന് ജ്ഞാനികൾ

ദാ…….. വീണ്ടും ഉപദേശം!

ചവറ KMML ജീവനക്കാരനാണ്, ചെറുകഥയും കവിതയും എഴുതാറുണ്ട്. പുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഷോട്ട് ഷോർട്ട് ഫിലിം കഥ തിരക്കഥ എഴുതിയിട്ടുണ്ട്, ആൽബം ഗാനങ്ങൾ എഴുതിയിട്ടുണ്ട്.