ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ

അതൊരൂഷരദേശം!
നിറയെ വർണ്ണങ്ങൾ നിറച്ച-
ക്യാൻവാസിലേതു പോലെ,
ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ.

ദൂരത്തു തെളിയുന്ന,
മാന്ത്രികൻ മണൽക്കുന്നുകൾ.
കുങ്കുമനിറമുള്ള,
ലഹരിയ തലപ്പാവുകാർ.
വെള്ളിത്തോൾ വളകളും ഖാഗ്രാ ചോളിയുമണിഞ്ഞ,
ഇരുനിറക്കാരികൾ.
മരുഭൂവിന്റെ ഗന്ധം
മനുഷ്യഗന്ധമാക്കിയവർ.

ഹൃദയത്തിൽ,
റെബ്ഡിയും
കലാകണ്ട്ഠും തോൽക്കുന്ന
മധുരം നിറച്ചവർ
കറപുരണ്ട പല്ലുകാട്ടി
കപടമില്ലാതെ ചിരിച്ചവർ
മാനിനെ മുലയൂട്ടും
നരമാതൃ ജന്മങ്ങൾ.

പറയണമേറെ,
പരിതാപമാം കഥകളൊരായിരം
ജംബേശ്വരന്റെ പുത്രിമാരുടെ കഥകൾ
ഖേജ്രി മരക്കാടുകളിൽ
അവർ ചിന്തിയ രക്തത്തിന്റെ കഥകൾ.

ബിഷ്ണോയ്ക്കൾ,
അവരുടെ പ്രിയ മാൻപറ്റങ്ങളും
ചിങ്കാരകളുമയവിറക്കുന്ന പറയാക്കഥകൾ.

കുഴിബോംബ് വിതച്ചമണ്ണിൽ
പ്രിയജീവിതം കൊയ്തെടുത്തവരുടെ അറിയാക്കഥകൾ
തീയിൽമുളച്ച് വെയിലത്ത്‌ വാടാത്ത
കിക്കാർ മരത്തിന്റെ അനശ്വര കഥകൾ.

കല്ലിലും വേരാഴ്ത്തും
ഭ്രാന്തത്തി പെൺകൊടിയവൾ
മരുവിലും പച്ചക്കുടപിടിക്കും
മുള്ളുള്ള മെക്സിക്കൻ സുന്ദരി

പറയണമിനിയുമേറെ
പരിതാപമാം കഥകളൊരായിരം
നിറയെ വർണ്ണങ്ങൾ നിറച്ച-
ക്യാൻവാസിലേതു പോലെ
ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ.

ചെങ്ങന്നൂർ സ്വദേശി. ഒരു സ്വകാര്യ സ്ഥാപനത്തിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്