ആൾക്കൂട്ടം

അതിനു ശേഷം

ആൾക്കൂട്ടം പിരിഞ്ഞു പോയി

അതിന്റെ ജാതികളിലേക്ക്

മതങ്ങളിലേക്ക്

കടങ്ങളിലേക്ക്

അടച്ചുറപ്പുകളിലേക്ക് 

സുഖങ്ങളിലേക്ക്

ദു:ഖങ്ങളിലേക്ക്

വലിയവൻ

വലുതെന്ന പോലെ

ചെറിയവൻ

ചെറുതെന്ന പോലെ

ആൾക്കൂട്ടം

അതിന്റെ

ഭയാനകമായ നിശബ്ദതയിലേക്ക്

പിരിഞ്ഞുപോയ്.

ആരും ഒന്നിനും

ഉത്തരവാദികളായില്ല

സാക്ഷികളുമായില്ല.

ഇപ്പോൾ നാം കാണുന്നത്

തല തകർന്ന്

വരിയുടഞ്ഞു ചതഞ്ഞ്

ചോരയിൽ കിടക്കുന്ന 

ഒരു ഇരുണ്ട ശരീരം

നമ്മുടെ സംസ്കാരം അതിനെ

എത്ര വേഗത്തിലാണ്

സംസ്കരിക്കുക !

ബാക്കി, ഞാൻ വായിച്ചറിയാൻ നിനക്ക് എന്നിവ പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ. കായിക്കര ആശാൻ സ്മാരക യുവകവി പുരസ്കാരം, ബിസിവി കവിതാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. അധ്യാപകൻ , ഭാഷാവകാശപ്രവർത്തകൻ. തിരുവനന്തപുരം മണക്കാല സ്വദേശി.