അറിയാത്ത ഉത്തരങ്ങൾ..

എല്ലാം ഒരു ചോദ്യചിഹ്നത്തിൽ നിർത്തി
എത്ര പെട്ടെന്നാണു പലരും
യാത്ര പോകുന്നത്‌..!
തിരിച്ചു വരാനാകാത്ത അത്രയകലേക്ക്‌
അവർ പോകുമ്പോൾ
ഇവിടെ ഉപേക്ഷിച്ചു പോയ പലതും
അവർ ബാക്കി വെച്ച
അവരുടെ സ്വപ്നങ്ങളിലേക്കുള്ള
പട നയിക്കേണ്ടുന്ന
പടയാളികളാണെന്ന
ബോധം അവർക്കുണ്ടായിരിക്കാം..

അതാകാം ഒരുളുപ്പുമില്ലാതെ,
ഒന്നുമറിയാതെ, അവർ
ഉറങ്ങാൻ കിടന്ന പോലെ തന്നെ
കണ്ണടച്ച്‌ കിടക്കുന്നത്‌..

“നാളെ കാണും” എന്ന ഒരൊറ്റ ഉറപ്പിലാണു
ഇന്നവർ നാളെ
പ്രേതങ്ങളാകുമെന്നറിയാതെ
ഉറങ്ങാൻ കിടന്നത്‌..

ഉറക്കം അത്‌ മാത്രം നടന്നു,
ഉണരാൻ അവരും മടിച്ചൂ..
ഈ യാത്ര തുടങ്ങിയാൽ
ഒരിക്കലും തിരികെ എത്തില്ല
എന്നുറപ്പുള്ളതിനാൽ അവർ തർക്കിച്ചില്ല,
 ആരോടുംജീവനു വേണ്ടി യാചിച്ചില്ല..

മനസ്സിന്റെ പിടി തെറ്റി,
ഹ്യദയം പണിമുടക്കിയപ്പോൾ
എത്ര പെട്ടെന്നാണ് അനാഥത്വം
ആ വീടിന്റെ ആകാശത്തെ പൊതിഞ്ഞത്‌..!
ഉൾത്തളങ്ങളെ മൗനീഭവിപ്പിച്ചത്‌..!

യാത്രകൾ ഒടുങ്ങുന്നില്ല..
നാളെ എന്ത്‌?
ഇനി ഒരു ചോദ്യചിഹ്നത്തിൽ
നിർത്തി ഉറങ്ങാം നമുക്കും..!

നൂറനാട്‌ പടനിലം സ്വദേശി.അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്നു. ഇണനാഗങ്ങൾ( പായൽ ബുക്സ്‌) , യാർഡ്‌ സെയിൽ (പ്രഭാത്‌ ബുക്സ്‌), കാമുകനെ ആവശ്യമുണ്ട്‌ (പ്രഭാത്‌ ബുക്സ്‌) എന്നീ കവിതാസമാഹാരങ്ങളുംപ്രണയവീഞ്ഞ്‌ (പായൽ ബുക്സ്‌) എന്ന പേരിൽ പ്രണയക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.-