വല്ലിയിലെ ദേശവും രാഷ്ട്രീയവും

ഷീല ടോമി

മെല്‍ക്വിയാഡിസിന്‍റെ പ്രളയ പുസ്തകം എന്ന കഥാ സമാഹാരം പ്രസിദ്ധീകരിച്ചു. പുഴഡോട്ട്കോം ചെറുകഥാ പുരസ്കാറാം, അബുദാബി അരങ്ങ്, ദോഹ സമന്വയം, ദോഹ സംസ്കൃതി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദോഹയില്‍ പബ്ലിക് ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനില്‍ ജോലി ചെയ്യുന്നു

ഷീല ടോമിയുടെവല്ലി‘ എന്ന നോവൽ ഇതിനോടകം തന്നെ നാട്ടിലും ഗൾഫു നാടുകളിലും ചർച്ച ചെയ്യപ്പെട്ടുവരികയാണ്. വല്ലി വയനാട്ടിലെ കുടിയേറ്റ കർഷകരുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട നോവലാണ്‌. കുടിയേറ്റത്തിനിടയിൽ സംഭവിക്കുന്ന പ്രണയങ്ങളും പ്രണയനിരാസവും വിപ്ലവവും മറ്റു സങ്കീർണ്ണതകളുമൊക്കെ ഈ നോവലിലുമുണ്ട്.

വയനാട് അഥവാ ‘ബയൽ നാടി’നെ പ്രമേയമാക്കി മലയാളത്തിൽ ധാരാളം സാഹിത്യ സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്. ആ ഗണത്തിൽ വർഷങ്ങൾക്ക് മുമ്പ് വായിച്ചിട്ടുള്ളത് എസ്.കെ. പൊറ്റക്കാടിന്‍റെ വിഷകന്യകയാണ്. അതിൽ കുടിയേറ്റ ജീവിതത്തിന്‍റെ നോവും വേവും നമുക്ക് കാണാം. അതുപോലെ തന്നെ മറ്റൊന്ന് വയനാട്ടിലെ ആദിവാസി ജീവിതത്തെയും സംസ്കാരത്തെയും പറ്റി എഴുതിയ വത്സലയുടെ നെല്ല് എന്ന നോവലാണ്. വയനാട്ടിലെ ജന്മി കൂടിയാൻ ബന്ധവും, കാടും നാടും തമ്മിലുള്ള പാരസ്പര്യവും, അവ ഒന്നായിത്തീരുന്ന അനുഭവ ലോകവും വത്സലയുടെ നെല്ലിൽ വിളഞ്ഞുതന്നെ കിടക്കുന്നു. അവിടെനിന്നും ഒരു പടി കൂടി കടന്ന് ആദിവാസി ചൂഷണങ്ങൾക്കെതിരെ തൂലിക ചലിപ്പിച്ച ഒരു നോവലാണ് പി.ജെ.ബേബിയുടെ ‘മാവേലി മൻട്രം’. ഈ നോവലിലേക്കെത്തുമ്പോൾ കാടിനെയും പ്രകൃതിയെയും ചൂഷണം ചെയ്യുന്ന പുതിയ ഒരു കൂട്ടം വയനാട്ടിൽ ആധിപത്യം ചെലുത്തിയിരുന്നു. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ വയനാട്ടിലെ ആദിവാസികളുടെ ഗോത്ര ജീവിതത്തെപ്പറ്റിയും, അവരുടെ ഇടയിലെ വിവിധ ഗോത്രങ്ങളുടെ പ്രത്യേകതകളെപ്പറ്റിയും അവയ്ക്കുള്ള സാമൂഹ്യബന്ധത്തെപ്പറ്റിയുമെല്ലാം വിശദമായും ആധികാരികമായും എഴുതിയ ഒരു ഗ്രന്ഥമുണ്ട്. അതാണ് കെ. പാനൂരിന്‍റെ ‘കേരളത്തിലെ ആഫ്രിക്ക’. അത് പക്ഷെ, ഒരു നോവലായിരുന്നില്ല. വയനാട്ടിലെ ആദിവാസികളെസംബന്ധിച്ച സമഗ്രമായ ഒരു പഠന ഗ്രന്ഥമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷെ, ആഫ്രിക്കയ്ക്ക് സമാനമായ, ദാരുണമായ ആദിവാസി ജീവിതത്തെ ഇത്ര കൃത്യമായി പുറം ലോകത്തെത്തിച്ച വേറൊരു ഗ്രന്ഥമുണ്ടാകാനിടയില്ല. പിന്നീട് ആ കൃതിക്ക് ലഭിച്ച ‘യുനെസ്‌കോ പുരസ്കാരം’ തന്നെ അത് ശരിവെക്കുന്നതാണ്. ഏതായാലും ഈ എഴുത്തുകളെയൊക്കെ പിൻപറ്റിയാണ് വയനാടിനെ കേന്ദ്രീകരിച്ച ഏറ്റവും പുതിയ എഴുത്തായി, നോവലായി ഷീലയുടെ വല്ലി കടന്നു വരുന്നത്. അതേ നിലയിലല്ലെങ്കിലും മറ്റൊരു തരത്തിൽ ആ കൂട്ടത്തോട് ചേർത്തു വെയ്ക്കാൻ കഴിയുന്ന അല്ലെങ്കിൽ ഒപ്പമിരിക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഒന്നാണ് ഷീലയുടെ ‘വല്ലി’ എന്ന നോവലും.

വല്ലിയിലേക്ക് വരുമ്പോൾ നോവൽ ആരംഭിക്കുന്നത് സ്വാഭാവികമായും പുഴകളും മരങ്ങളും മൃഗങ്ങളും മനുഷ്യനും ഒക്കെ നിറഞ്ഞ കാടിനെ കേന്ദ്രീകരിച്ചുകൊണ്ടുതന്നെയാണ്. വയനാടിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ വിവരിക്കാതെ വയനാട് കേന്ദ്രീകരിച്ച ഒരു എഴുത്ത് സാധ്യമല്ല. അതുകൊണ്ട് തന്നെ നോവലിന്‍റെ ആദ്യഭാഗങ്ങളിൽ ഒരു വിശകലനപ്രവണത നമുക്ക് തോന്നാം. പോകെപ്പോകെ അത് ഈ നോവലിലേക്കെത്താനുള്ള എഴുത്തിലെ ഒരു ചവിട്ടുപടിയാണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. കുടിയേറ്റ ജീവിതങ്ങൾ എപ്പോഴും പ്രകൃതിയോട് പടവെട്ടിയാണ് വളർന്നുവരുന്നത്. ജീവസന്ധാരണമാണ് അതിന്റെ ലക്ഷ്യമെങ്കിലും, അത് പ്രകൃതിയെയും, കാടിനേയും, ആദിമ നിവാസികളെയുമെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും. ഈ നോവലിലും അത്തരം മുറിവുകൾ ഉണ്ടാകുന്നുണ്ട്. അതിന്‍റെ വേദന മനുഷ്യന്റേതു മാത്രമല്ല, ഇതര ജീവജാലങ്ങളുടെയും പ്രകൃതിയുടെയും കൂടിയാണ്.

വല്ലിയുടെ രചന തീർത്തും മൗലികമാണ്. അതീവ സുന്ദരമായ ഭാഷയുണ്ട് ഷീലയ്ക്ക്. ‘മെൽകിയാഡ്‌സിന്‍റെ പ്രളയപുസ്തകം’ എന്ന കഥാ സമാഹാരത്തിൽ നിന്നും വല്ലി എന്ന നോവലിലെത്തുമ്പോഴേക്കും അവരുടെ രചനാശൈലി കൂടുതൽ പക്വമാവുകയും, കൂടുതൽ മുറുക്കം വരികയും ചെയ്തിരിക്കുന്നു. ഇത്രയധികം കഥാപാത്രങ്ങളും ഉപകഥകളും അവയുടെ കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണ്ണതകളുമൊക്കെ അതിമനോഹരമായി അവതരിപ്പിക്കാൻ നോവലിസ്റ്റിനു സാധിച്ചിരിക്കുന്നു. എഴുത്തിലുടനീളമുള്ള ബിബ്ലിക്കൽ സ്വാധീനം ഒരു പുഴയുടെ ആഴങ്ങളിൽ അഗാധമായി ഒഴുകുന്ന ഒരുറവ പോലെ, നോവലിന്‍റെ ശക്തിയും സൗന്ദര്യവുമായിത്തീരുന്നുണ്ട്. പശ്ചാത്തലത്തെ കഥാപരിസരത്തിനൊത്ത് സന്നിവേശിപ്പിക്കുന്നതിൽ നോവലിസ്റ്റ് കാണിച്ച മിടുക്ക് എടുത്തു പറയേണ്ടതാണ്. മറ്റു വിവരണങ്ങൾ പോലെ തന്നെ മണങ്ങൾക്കും ഈ നോവലിൽ പ്രാധാന്യമുണ്ട്. നോവലിസ്റ്റിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘വാസന’യാണത്. നോവലിൽ പലയിടത്തും ഈ വാസനയിങ്ങനെ ഒരു കഥാപാത്രം പോലെ സജീവമായി നിലനിർത്താനും, അത് സവിശേഷമായ ഒരനുഭൂതിയായി അനുവാചകനെ അനുഭവിപ്പിക്കാനും ഷീലയ്ക്ക് സാധിച്ചിരിക്കുന്നു.

മനുഷ്യൻ പ്രകൃതിയുടെമേൽ നടത്തുന്ന അനിയന്ത്രിതമായ കടന്നു കയറ്റങ്ങളുടെ ഫലമായി നമ്മുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കുമൊക്കെ പല തരത്തിലുള്ള ആഘാതങ്ങൾ സംഭവിക്കുന്നുണ്ട്. അത് കാലാവസ്ഥാ വ്യതിയാനമായും, കൂടുതൽ ദുരന്തപൂർണ്ണമായ പ്രളയമായും, കാട്ടുതീയായും നമുക്കുമേൽതന്നെ വന്നുപതിക്കുന്ന സൂചനകൾ നോവലിൽ പലയിടത്തും നമുക്ക് വായിച്ചെടുക്കാൻ കഴിയും. എന്നാൽ ഒറ്റയ്ക്കും സംഘമായും നിലനില്പ്പിനുവേണ്ടി മനുഷ്യർ നടത്തുന്ന കയ്യേറ്റങ്ങളെക്കാൾ പ്രകൃതിക്ക് മേൽ നടന്നുകൊണ്ടിരിക്കുന്ന വൻതോതിലുള്ള കോർപ്പറേറ്റ് കയ്യേറ്റങ്ങളെയും അവയ്ക്ക് നിയമ പരിരക്ഷ ഉറപ്പു നൽകുന്ന അധികാര ബന്ധങ്ങളെയും തമ്പ്രാന്‍ കുന്ന്‍ കയ്യേറുന്ന റിസോട്ട് മാഫിയയിലൂടെ സ്പര്‍ശിച്ചുപോകുന്നെങ്കിലും അതിനെ കൂടുതല്‍ വിമര്‍ശനവിധേയമാക്കാനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. കുടിയേറ്റത്തോടൊപ്പം സംഭവിക്കുന്ന മതാധികാര ബന്ധങ്ങളെ നോവൽ ചർച്ചക്കെടുക്കുന്നില്ല എന്നും കാണാൻ കഴിയും.

നോവലിലെ ‘കാടോരം’ സ്‌കൂൾ കെ.ജെ.ബേബിയുടെ തന്നെ ‘കനവി’ന്‍റെ ഒരു പതിപ്പായി തോന്നുക സ്വാഭാവികമാണ്. ഔപചാരിക വിദ്യാഭാസത്തിന്‍റെ അശാസ്ത്രീയതകളോടും കച്ചവടമനോഭാവത്തോടുമൊക്കെയുള്ള ഒരു ചെറുത്തു നിൽപായി ഈ സംരഭം തോന്നാമെങ്കിലും ആദിവാസിസ്വത്വത്തെ നാട്ടറിവുകളുടെയും പ്രകൃതിയറിവുകളുടെയും പരികല്പനയിൽ മാത്രം തളച്ചിടുകയും പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. അതുമൂലം പുതിയ ലോകത്തോട് മത്സരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട സമൂഹമായി മാറുകയുമാണ് യഥാർത്ഥത്തിൽ ഉണ്ടാവുക എന്ന വിമർശനം ബേബിയുടെ ‘കനവി’നെന്ന പോലെ ഷീലയുടെ ‘കാടോര’ത്തിനും ബാധകമാണ്. എന്നിരുന്നാലും കാടോരം സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കുട്ടികളെ അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറ്റുന്നുവെന്ന സൂചനകള്‍ നോവല്‍ നല്‍കുന്നുണ്ട്. അതുപോലെ തന്നെയാണ് ഇക്കോടൂറിസത്തെപറ്റിയുള്ള നോവൽ ഭാവനകളും. വാസ്തവത്തിൽ മൂന്നാംലോക രാജ്യങ്ങൾക്ക് ഇനി രക്ഷ ഇക്കോടൂറിസമാണെന്ന നിയോലിബറൽ അജണ്ട അറിഞ്ഞോ അറിയാതെയോ നോവലും പങ്കുവെയ്ക്കുന്നുണ്ടോ എന്ന്‍ സംശയിക്കാം.

ഈ നോവൽ ആദിവാസി കർതൃത്വത്തെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല എന്ന വിമർശനമുള്ളപ്പോഴും ഭൂമിയുടെ രാഷ്ട്രീയത്തെ മുന്നോട്ടു വെയ്ക്കുന്നു എന്ന പ്രത്യേകതയുണ്ട്. സഖാവ് വർഗ്ഗീസിന്‍റെ പോരാട്ട ഭൂമികയെ അടയാളപ്പെടുത്താതെ വയനാട് കേന്ദ്രീകരിച്ച ഒരു നോവലിന് മുന്നോട്ടു പോകാനാവില്ല. സഖാവ് മുന്നോട്ട് വെച്ച പ്രത്യയശാസ്ത്ര നിലപാടിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാതെ കാലത്തിന്‍റെ മൂകസാക്ഷ്യം എന്ന നിലയിൽ അവതരിപ്പിക്കാനാണ് നോവൽ ശ്രമിച്ചിട്ടുള്ളത്. ഈ നോവലിൽ പല നിലകളിൽ ശക്തരായ ധാരാളം കഥാപാത്രങ്ങൾ ഉണ്ട്. ഉദാഹരണത്തിന് ഇസബെല്ലയും, ഫെലിക്സച്ഛനും, തൊമ്മിച്ചനും, പീറ്ററും, പത്മനാഭൻ സഖാവുമൊക്കെ. ഭരണകൂടം സൃഷ്ടിച്ചെടുത്ത നക്സൽ വിരുദ്ധ പൊതുബോധത്തെ പത്മനാഭൻ സഖാവ് ഒരു ഘട്ടത്തിൽ തിരുത്തുന്നുണ്ട്. എന്നാൽ മറ്റൊരിടത്തു പീറ്ററിലൂടെ സായുധ സമരത്തെ തള്ളിപ്പറയുന്നുമുണ്ട്. ഇതെല്ലാം പൊതുബോധം രൂപപ്പെടുത്തിയ വ്യത്യസ്ത മനുഷ്യരുടെ പ്രതിനിധാനങ്ങളായി വേണമെങ്കിൽ വായിച്ചെടുക്കാം. എന്നാൽ അവയ്ക്ക് ആധിപത്യം ലഭിക്കുന്നതിൽ വ്യവസ്ഥാപിത ഇടതുബോധം ഉത്പാദിപ്പിച്ചെടുത്ത നരേഷന് വലിയ പങ്കുണ്ട്. അതുകൊണ്ടാണ് നോവൽ മുന്നോട്ടു വെയ്ക്കുന്ന പുരോഗമന വിപ്ലവകാരികൾക്ക് വ്യവസ്ഥയുടെ സംരക്ഷണബോധത്തിനപ്പുറം ഉയരാൻ കഴിയാത്തത്. എന്നാൽ പുതിയ കാലത്തെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള പ്രതിരോധം അപ്പേട്ടന്‍റെ കടയിലെ ചർച്ചയിലൂടെയും മറ്റും വേറൊരിടത്ത് സംഭവിക്കുന്നുണ്ട്. പൗരോഹിത്യത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായി ഇസബെല്ലയും, ഫെലിക്സച്ചനും മാറുന്നു. മുസ്ലിം റെപ്രസന്റേഷൻ അധികമില്ലാത്ത ഈ നോവലിൽ നബീസുവിനെ ‘അറബിയെ’ക്കൊണ്ട് കല്യാണം കഴിപ്പിക്കുമ്പോള്‍ മുസ്ലിം നരേഷനിലെ സ്ഥിരം വാർപ്പുമാതൃക ‘വല്ലി’യിലും കാണുന്നു. എന്നാൽ സലോമി എന്ന ഹിന്ദു സ്ത്രീയെ വിവാഹം ചെയ്ത മറ്റൊരു മുസ്ലിം കഥാപാത്രമുണ്ട്. മതാന്ധരാഷ്ട്രീയത്തിന്‍റെ ഇരയായി ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. അതുപോലെതന്നെ പീറ്ററിന്‍റെ മരണത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്ന ലൂസി കപട സദാചാരവാദികൾക്കുള്ള ഒരടിയായി മാറുന്നുമുണ്ട്.

ഈ നോവലിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഇടയ്ക്കിടെയുള്ള കത്തുകളിലൂടെ ലോകത്തിന്‍റെ മറ്റൊരു കോണിൽ നടക്കുന്ന ചലനങ്ങളെ കഥാപശ്ചാത്തലവുമായി ബന്ധിപ്പിക്കുന്ന ഒരു ടെക്നിക്ക് എഴുത്തുകാരി സ്വീകരിച്ചിരിക്കുന്നു എന്നുള്ളതാണ്. അത് പലപ്പോഴും രണ്ടു കാലങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പാലമായി പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. വിവാഹബന്ധത്തിലേയും, മോചനത്തിലെയും ലൈംഗികബന്ധത്തിലേയുമൊക്കെ ഏറ്റവും പുതിയ ജനാധിപത്യബോധത്തെ ഈ നോവൽ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രത്യേകതയും എടുത്തു പറയേണ്ടതാണ്. ആധുനിക ജീവിത മൂല്യങ്ങളോട് ഈ നോവൽ പുറം തിരിഞ്ഞു നിൽക്കുന്നില്ല എന്ന് തന്നെ നിസ്സംശയം പറയാം.

ആനുകാലികങ്ങളിൽ എഴുതുന്നു . ഖത്തറിൽ താമസം