അതിജീവനത്തിന്‍റെ ചരിത്രാഖ്യായിക

ഷാബു കിളിത്തട്ടില്‍

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, പറവൂരില്‍ ജനനം. ദുബായിൽ അറേബ്യന്‍ റേഡിയോ നെറ്റ് വർക്കിന്‍റെ ഹിറ്റ് 96.7 എഫ് .എമ്മില്‍ ന്യൂസ് ഡയറക്ടറായി ജോലി ചെയ്യുന്നു.
കാലം കാവാലം, യഥാര്‍ത്ഥ പാവക്കളിക്കാര്‍, സര്‍ഗ സൃഷ്ടിയിലെ രാസവിദ്യകള്‍, സ്പെഷ്യല്‍ ന്യൂസ്, നിലാച്ചോറ്എന്നീ കൃതികളിള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയ്ഞ്ചല്‍സ് എന്ന സിനിമയ്ക്ക് സംഭാഷണമെഴുതി. ചെറുകഥക്കുള്ള പാറപ്പുറത്ത് പുരസ്കാരം, പത്രപ്രവര്‍ത്തനത്തിന് സി പി ശ്രീധരന്‍, എന്‍ .എം വിയ്യോത്ത്, സഹൃദയ പടിയത്ത് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

 
മരുഭൂമി എന്നും പ്രതീക്ഷകളുടേതാണ്. മനുഷ്യന്‍റെ പ്രതീക്ഷകളെ ഈ സൈകതഭൂമി ഒരിക്കലും നിരാകരിച്ചിട്ടില്ല. ശക്തമായ പ്രതികൂലാവസ്ഥയിലും അതിജീവിക്കാനുള്ള മനക്കരുത്ത് ഈ ഭൂമിക മനുഷ്യന് നല്‍കുന്നു.
 
മലയാളികള്‍ക്ക് സ്വര്‍ണ്ണം വിളയുന്ന ഭൂമിയാണ് ഗള്‍ഫ് എങ്കില്‍ മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയതും ഈ മരുഭൂമിയിലെ എഴുത്തുകാര്‍ തന്നെയാണ്. ഭാഷാ സാഹിത്യത്തിന് അതുല്യമായ സംഭാവനകളാണ് പ്രവാസ ലോകത്തെ എഴുത്തുകാര്‍ നല്‍കി വരുന്നത്. ബൗദ്ധികമായ ജാഢകളൊന്നുമില്ലാതെ എഴുത്തിന്‍റെ ലോകത്ത് അഭിരമിക്കുന്നവരാണിവര്‍. അവരില്‍ നിന്നും നിര്‍ഗളിക്കുന്നത് വെച്ചുകെട്ടുകളില്ലാത്ത ശുദ്ധമായ ജീവിതാനുഭവങ്ങളാണ്. അത് കൊണ്ടാണ് സാധാരണ മനുഷ്യര്‍ക്ക് അവ സ്വീകാര്യമാകുന്നതും. ഷാബു കിളിത്തട്ടിലിന്‍റെ നിലാച്ചോറ് എന്ന നോവല്‍ അത്തരം ജീവിതാനുഭവങ്ങളുടെ കൂടിച്ചേരലുകളാണ്.
 
 
യഥാര്‍ത്ഥ ജീവിതത്തിന് മേല്‍ സര്‍ഗാത്മകത കൊണ്ട് സ്നാനം ചെയ്യപ്പെട്ട ആഖ്യായികയാണ് നിലാച്ചോറ്. എഴുത്തിന്റെ രാസ ലായനികൊണ്ട് തേച്ച് മിനിക്കിയപ്പോള്‍ ഉമാ പ്രേമന്‍ എന്ന മനുഷ്യസ്നേഹിയുടെ ജീവിതം മലയാളികള്‍ക്ക് മുന്നില്‍ അനാവൃതമായി. നഗ്നമായ ആ ജീവിതം കണ്ട് വായനക്കാരന് അന്ധാളിച്ച് നില്‍ക്കാനേ കഴിയൂ. ജീവിതം തന്നെ അതിശയോക്തിപരമായപ്പോള്‍ ആഖ്യാതാവ് നിസ്സഹായനാകുന്ന അവസ്ഥയാണ് ഈ നോവലില്‍. സ്ത്രീ ജൻമങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ ഏറെ ഭീതിജനകമാണെന്ന സത്യം വായനക്കാരന്‍റെ ബോധമണ്ഡലങ്ങളിലേക്ക് എയ്തുവീഴ്ത്താൻ എഴുത്തുകാരന് കഴിഞ്ഞു.
 
ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപകയും മനുഷ്യത്വ പ്രവര്‍ത്തനങ്ങളുടെ മാലാഖയുമായ ഉമാ പ്രേമന്‍റെ ജീവിതത്തെ ആസ്പദമാക്കി ഷാബു കിളിത്തട്ടില്‍ രചിച്ച നോവലാണ് നിലാച്ചോറ്. സാഹിത്യകാരന്‍റെ ഭാവനാലോകത്തിനുമപ്പുറം ചിറക് വിരിച്ച് പറക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടി ബാല്യം മുതല്‍ യൗവ്വനം വരെ അനുഭവിച്ച തീര്‍ത്ത അതിതീക്ഷ്ണവും അതി സങ്കീര്‍ണ്ണവുമായ ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ് ഈ നോവല്‍. അമ്മ എന്ന സുരക്ഷിതത്വം അമ്മ എന്ന ഭീഷണിയിലേക്ക് പരിണമിക്കുന്നതെങ്ങനെയന്ന് കൃത്യമായ വാക്യഘടനയിലൂടെ എഴുത്തുകാരന്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
 
 
സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയെന്ന അലിഖിത നിയമത്തെ സാധൂകരിക്കുന്ന സംഭവങ്ങളെ വായനക്കാരന് പരിചയപ്പെടുത്തുന്ന എഴുത്തുകാരന്‍ പക്ഷേ, ഭാരതീയാരിന്‍റെ വരികളിലൂടെ പെണ്ണിന് അതിജയിക്കാനുള്ള പ്രചോദനവും നല്‍കുന്നു. അതിജീവനം അനിവാര്യതയാക്കി മാറ്റുന്നു ഇതിലെ പല അധ്യായങ്ങളും. ഒരേ സമയം അച്ഛന്‍ നന്മടേയും അമ്മ തിന്മയുടേയും പ്രതീകങ്ങളായി ജീവിച്ചു തീര്‍ക്കുമ്പോള്‍, തിന്മയുടെ പാതയില്‍ നിന്നും നന്മയുടെ പാതയിലേക്ക് പലായനം ചെയ്യുകയായിരുന്നു ഉമാ ദേവി എന്ന ഉമാപ്രേമന്‍. ഇരുട്ടിനെ ഭയക്കാതിരുന്ന പെണ്‍കുട്ടിയെ ഇരുട്ട് ഭയപ്പെടുത്തിയത് ഉടലിന് പൂര്‍ണ്ണരൂപം വന്നപ്പോഴാണ്. ഉടല്‍ ഒരേ സമയം ശക്തിയും ഭീഷണിയുമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന അതി വിചിത്രമായ ഒരു കാഴ്ചയാണ് ഈ നോവലില്‍ കാണാന്‍ കാണാന്‍ കഴിയുന്നത്.
 
 
ഉമയുടെ ജീവിതകഥകളുടെ ഏടുകള്‍ നിവര്‍ത്തി അജ്ഞാതമായ നിയോഗങ്ങളെ വെളിപ്പെടുത്തുന്നു ഈ നോവല്‍. എല്ലാ ദേശങ്ങളും അകറ്റി നിര്‍ത്താറുള്ള കണ്ണമക്കമാരെപ്പോലുള്ളവരുടെ ജീവിതത്തില്‍ നിന്ന് അതിജീവനത്തിനുള്ള പാഠം വേര്‍തിരിച്ചെടുത്ത ഉമാദേവി, ജീവിതം കൊണ്ട് ഇതിഹാസം രചിക്കുകയായിരുന്നു. തനിക്ക് അത്യാവശ്യമുള്ളതൊഴികെ ബാക്കിയെല്ലാം ധര്‍മ്മം ചെയ്യുകയെന്ന ഉമയുടെ സന്മനസ്സ് തന്നെയാണ്, അധികമായുള്ള ഒരു വൃക്ക സലില്‍ എന്ന തികച്ചും അപരിചിതനായ യുവാവിന് ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചതും .
 
ആശുപത്രി വരാന്തയില്‍ ഡോക്ടറെ കാത്തിരിക്കുന്ന സലില്‍ എന്ന യുവാവിനോടുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ , അയാള്‍ രണ്ട് വൃക്കകളും നഷ്ടപ്പെട്ടവനാണെന്ന അറിവ് ഉമയ്ക്കുണ്ടാവുകയും , മറ്റൊന്നുമാലോചിക്കാതെ അതേ നിമിഷത്തില്‍ തന്നെ തനിക്ക് അധികമായുള്ള ഒരു വൃക്ക നല്‍കാമെന്നുമുള്ള ഉമയുടെ വാഗ്ദാനം കേട്ട്, മനോനില തെറ്റിയവളാണെന്ന സലിലിന് ആദ്യം തോന്നിയ ധാരണ തന്നെയാണ് ഏതൊരു സാധാരണ മനുഷ്യനുമുണ്ടാവുക. കാരണം മരണാനന്തരം പോലും അവയവദാനത്തിന് തയ്യാറല്ലാത്തവരുടെ ലോകത്ത്, ജീവിച്ചിരിക്കെ സ്വന്തം വൃക്ക ദാനം ചെയ്യുകയെന്നത് അവിശ്വസനീയമായേ തോന്നൂ.
 
എഴുത്തിലെ ഫെമിനിസം
 
ഫെമിനിസത്തിന്‍റെ തെറ്റായ വ്യാഖ്യാനങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുകയെന്നത് ഒരു ഫാഷനായി കൊണ്ടു നടക്കുന്ന ഒരു തലമുറയാണ് ഇന്നിന്‍റേത്. കേവലം ലൈംഗികമായി മതിവരുമ്പോള്‍ വൈവാഹികബന്ധം വേര്‍പെടുത്താനും, തനിക്ക് ഇഷ്ടമുള്ളവരോടൊപ്പം രാത്രികള്‍ പങ്കിടാനുമുള്ളസ്വാതന്ത്ര്യമാണ് ഫെമിനിസം എന്ന് തെറ്റിദ്ധരിക്കപ്പെടുകയും അത്തരം ധാരണകളെ ഉറപ്പിക്കുന്ന തരത്തിലുമുള്ള ചില രചനകള്‍ മലയാളത്തില്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുമുണ്ട്.
 
  എന്നാല്‍ സ്ത്രീക്ക് കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ അതിജയിക്കാനുള്ള ഉള്‍ക്കരുത്ത് പകരുകയും പുരുഷനേപ്പോലെ ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവസരമൊരുക്കലുമാണ് യഥാര്‍ത്ഥ ഫെമിനിസം. മറിച്ച് പരസ്യ ചുംബനവും ലൈംഗിക അരാജക്ത്വവുമല്ല ഫെമിനിസം. നിലാച്ചോറ് എന്ന നോവല്‍ മലയാള ഭാഷയിലുള്ള എക്കാലത്തേയും മികച്ച ഫെമിനിസ്റ്റ് രചനയാണെന്നത് നിസ്തര്‍ക്കമാണ്. ദുര്‍ഘടമായ ജീവിത പാതയില്‍ വാരിവിതറിയ മുള്ളുകളെ മൃദുലമായ കരങ്ങള്‍ കൊണ്ട് അതി അതിസൂക്ഷ്മമായി എടുത്ത് മാറ്റി , നിറഞ്ഞ പുഞ്ചിരിയോടെ ജീവിതത്തിന്‍റെ തേര് നയിച്ച ഉമ ഒരു ഫെമിനിസ്റ്റല്ലെങ്കില്‍ മറ്റാര് ? ഉമയുടെ ഫെമിനിസത്തില്‍ പുരുഷ വിദ്വേഷമില്ല, മദ്യപിച്ച് റോഡില്‍ കിടക്കാനുള്ള സമത്വവാദവുമില്ല. നൂലിഴപോലെയുള്ള ജീവിത്തില്‍ എവിടയൈങ്കിലുമൊന്ന് പിഴച്ചിരുന്നെങ്കില്‍ , ഒരു പക്ഷേ ഇന്ന് ഉമ മുംബൈ ചുവന്ന തെരുവില്‍ ,ആര്‍ത്തവം പോലും നിഷേധിക്കപ്പെട്ട് വില്‍ക്കപ്പെടുന്ന മനുഷ്യച്ചരക്കായി മാറിയിട്ടുണ്ടാകുമായിരുന്നു. സ്ത്രീ എന്ന സ്വത്വ ബോധത്തില്‍ നിന്നുള്ള ഉള്‍ക്കരുത്ത് തന്നെയാണ് വേട്ടക്കാരുടെ ദംഷ്ട്രകളില്‍ നിന്നും ഉമയെ രക്ഷിച്ചത്. ഒടുവില്‍, കലയുടെ പേരില്‍ മദ്യവും കാമവും ക്രൗര്യവും കൈമുതലായുള്ള പ്രേമനെന്ന മധ്യവയസ്കന്‍റെ ഭാര്യയായി മാറാന്‍ വിധിക്കപ്പെട്ടപ്പോഴും, ഭൂതദയ എന്ന കാരുണ്യ ബോധം കൈവിട്ടില്ല. അച്ഛനില്‍ നിന്ന് പകര്‍ന്ന് വന്ന ആ കാരുണ്യ ബോധമാണ് ശാന്തി എന്ന സ്ഥാപനത്തിന്‍റെ സംസ്ഥാപനത്തിന് ഹേതുവായതും. അശാന്തമായ ജീവിതത്തില്‍ നിന്നും ശാന്തമായ ജീവിത്തിലേക്കുള്ള പ്രയാണത്തിന്‍റെ നാന്ദിയായിരുന്നു അത്. ജീവകാരുണ്യം മനുഷ്യ മനസ്സിന് ശാന്തി പകരുന്നു എന്ന സന്ദേശവും.
നാം ഒരു ലക്ഷ്യത്തിലേക്ക് ആത്മാര്‍ത്ഥമായി മുന്നേറാന്‍ ശ്രമിച്ചാല്‍ നമ്മെ പിന്തുണയ്ക്കാന്‍ പ്രപഞ്ചം മുഴുവന്‍ കൂടെച്ചേരുമെന്ന് വിഖ്യാതനായ എഴുത്തുകാരന്‍ പൗലോ കൊയിലോ തന്‍റെ കൃതിയില്‍ പരാമര്‍ശിക്കുകയുണ്ടായി. ഒരു മഹാ ശൂന്യതയില്‍ നിന്ന് കരുണ ആരംഭിച്ച ഉമാപ്രേമനോടൊപ്പം പ്രപഞ്ചം മുഴുവന്‍ കൂടിച്ചേരുന്നത് നമുക്ക് കാണാം. പേമാരിയിലെ ഉരുള്‍ പൊട്ടല്‍ പോലെ ഭീതിജനകമായ ഉമയുടെ ജീവിതത്തെ അതേ തീക്ഷണതയോടും വൈകാരികമായും അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ അസാധാരണ വൈഭവമാണ് ഈ നോവലില്‍ പ്രകടിപ്പിച്ചത്. ഉമയുടെ ജീവിത ലാളിത്യത്തെ ഭാഷാലാളിത്യം കൊണ്ട് നോവലിസ്റ്റ് സമരസപ്പെടുത്തിയിരിക്കുന്നു. അനാഥത്വത്തിന്‍റെ തീവ്രവേദന, അനുഭവിക്കാത്തവര്‍ക്കും അനുഭവേദ്യമാക്കാന്‍ ഷാബു കിളിത്തട്ടിലിന് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. വായന പുരോഗമിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഉമാദേവി വായനക്കാരന്‍റെ സഹോദരപദവിലേക്ക് പടര്‍ന്ന് കയറുന്നത് വായനക്കാര്‍ തിരിച്ചറിയുന്നു. ഒടുവില്‍ തമ്പിക്കുട്ടനെന്ന ദുഖം മാത്രം ബാക്കിയാക്കി ജീവിതം ശാന്തമാകുമ്പോള്‍, ജീവിതധര്‍മ്മമെന്തെന്ന ചോദ്യം എഴുത്തുകാരന്‍ വായനക്കാരില്‍ ഉണര്‍ത്തുന്നു.
 
 
കടൽ മരങ്ങൾ, ആയ, സിൻഡ്രല്ല, ഖിസൈസിലെ ശ്മശാനം, വിയുക്ത (കഥകൾ), പാം തിരഞ്ഞെടുത്ത കഥകൾ (എഡിറ്റർ), എന്നിവയാണ് കൃതികൾ. ലോക മലയാള കഥ പുരസ്കാരം, അബുദാബി ശക്തി കഥ പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ് അവാർഡ്, എൻ മൊയ്തു മാസ്റ്റർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. കോഴിക്കോട് ജില്ലയിലെ വാണിമേൽ സ്വദേശി.