വേരുകൾ(നോവൽ)

ഓരോ മനുഷ്യനും ഒടുവിൽ തിരയുന്നത്  അവന്റെ വേരുകൾ ആണ് . ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോൾ തിരിഞ്ഞു നോക്കുകയും, തിരഞ്ഞു പോവുകയും ചെയ്യുന്ന വേരുകൾ. ആധുനിക ലോകത്തു ജീവിക്കുന്ന ഇന്നിന്റെ തലമുറയ്ക്ക് തന്റെ പിതാവിന്റെയും മാതാവിന്റെയും വീണ്ടും പിന്നോട്ട് പോയാൽ അവരുടെ മാതാപിതാക്കളുടെയും പേരുകൾ അറിയുമായിരിക്കും . അതിനും പിറകിലേക്ക് സഞ്ചരിക്കാൻ വഴികളോ മനസ്സോ സമയമോ ഇല്ലാത്തവർ ആണ് ഇന്നത്തെ ജനം . അതിന്റെ ആവശ്യകത എന്തെന്ന മറുചോദ്യമാകും അവർ ഉന്നയിക്കുകയും ചെയ്യുക. എഴുത്തിലെ ജനകീയനായ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണൻ തന്റെ കൃതികൾ എല്ലാം തന്നെ ജീവിതത്തെ അടുത്തു നിന്നും നോക്കി കാണുന്ന രീതിയിൽ എഴുതിയിട്ടുള്ളതാണ് . സ്വയം ഒരു കഥാപാത്രമായി നിൽക്കുന്ന രീതിയിൽ എഴുതുകയും അതിൽ യാഥാർഥ്യത്തിന്റെ നെരിപ്പോട് പ്രകടമായി നിലനിർത്തുകയും ചെയ്യുക ഒരു ശൈലിയാണ് അനുഭവപ്പെട്ടിട്ടുണ്ട് . വേരുകൾ എന്ന നോവൽ വളരെ മനോഹരമായ വായന നൽകി. ഇതിലെ നാലാം അദ്ധ്യായം പണ്ട് സ്‌കൂളിൽ പഠിച്ചിരുന്നതാണെങ്കിലും അതീ നോവലിന്റെ ഭാഗമാണ് എന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ് . രാമുവിന്റെ പേപിടിച്ച മരണവും ശുപ്പു മണിയുടെ ഭ്രാന്തും അന്ന് വായിച്ചിട്ടുണ്ടെങ്കിലും അതൊരിക്കൽക്കൂടി വായിക്കുന്നത് ഈ നോവൽ വായനയിൽ ആണ് . 

വേരുകൾ നഷ്ടമാകുന്ന മനുഷ്യരുടെ എക്കാലത്തെയും പ്രതിനിധിയായി രഘു എന്ന കേന്ദ്ര കഥാപാത്രത്തെ കാണാം . കാലവും സാഹചര്യവും അനുസരിച്ച് മുഖവും ബന്ധങ്ങളും  വിഷയങ്ങളും മാറുന്നു എങ്കിലും അവയിലെല്ലാം ഒരു ഏകീകൃത മൂലകാരണം ഉണ്ടാകുക  സ്വാഭാവികം . വിദ്യാഭ്യാസവും ഉയർന്ന തൊഴിലും ലഭിക്കുന്നതോടെ ഗ്രാമങ്ങൾ ഉപേക്ഷിക്കുകയും നഗരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവരാണ് നാമൊക്കെയും . നഗരങ്ങൾ സൃഷ്ടിച്ച കോൺക്രീറ്റ് വനങ്ങളിൽ ഇരുന്നുകൊണ്ട് കാടെവിടെ മക്കളെ  എന്നൊക്കെ വിലപിക്കാൻ നമുക്ക് സുഖമാണ് . മഴയുടെ, മരത്തിന്റെ, നദിയുടെ, നെൽ വയലിന്റെ, അയലോക്കങ്ങളുടെ ഒക്കെ സ്മരണകളിൽ കരയുകയോ കഥകൾ എഴുതുകയോ ചെയ്യുന്നവർ. ഇന്ന് പുതിയ ഒരു തരംഗം കൂടി കാണാം . ഒരിക്കൽ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോയ മനുഷ്യർ ഇന്ന് തിരികെ ഗ്രാമങ്ങൾ തിരയുകയും ചേക്കകൾ തരപ്പെടുത്താൻ പരക്കം പായുകയും ചെയ്തു തുടങ്ങിയിട്ടുണ്ട് . പക്ഷെ അവർക്ക് ഗ്രാമങ്ങൾ നിർമ്മിക്കേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത് . കാരണം ഗ്രാമങ്ങൾ ഇന്ന് ചെറു പട്ടണങ്ങൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു . 

രഘു തലസ്ഥാന നഗരിയിൽ ഭേദപ്പെട്ട അധികാര തലത്തിൽ ജോലി ചെയ്യുന്ന ഒരു മനുഷ്യൻ ആണ് . ക്ലബ്ബും ചീട്ടുകളിയും ആണ് സൊസൈറ്റിയുടെ അംഗീകാരം കിട്ടുന്ന വസ്തുക്കൾ എന്ന് കരുതിപ്പോരുന്ന ഭാര്യയും ജോലിയുടെ തിരക്കിൽ പെട്ട്പോയ ഭർത്താവും കുട്ടികളെ ജോലിക്കാർക്ക് ഏൽപ്പിച്ചു കൊടുത്ത് അവരെയോർത്തു നെടുവീർപ്പിടുന്ന ജീവിതം . ആ ജീവിതത്തിൽ ഭാര്യയുടെ ആവശ്യപ്രകാരം സാമാന്യം മെച്ചപ്പെട്ടതിലും മെച്ചപ്പെട്ടതായി ഒരു വീട് നിർമ്മിക്കുവാൻ പണം തരപ്പെടുത്താനായി ഗ്രാമത്തിലെ  ഭർത്താവിന്റെ (രഘുവിന്റെ ) വീടും പുരയിടവും വിൽക്കാൻ നിർബന്ധിതനാകുന്നു . അതിനായി അയാൾ തന്റെ ജന്മഗൃഹത്തിലേക്ക് യാത്ര ചെയ്യുന്നു . അവിടെ അയാൾ ഗതകാല സ്മരണകളിൽ മുങ്ങി ശ്വാസം മുട്ടുന്നു. ഓരോ മുക്കിലും മൂലയിലും ഓർമ്മകളുടെ  സൂചിമുനകൾ ആണ് അയാളെ കാത്തിരിക്കുന്നത് . ഒരു നഗരത്തിനും നൽകാൻ കഴിയാത്ത  ആ ഓർമ്മമധുരങ്ങളിൽ മുങ്ങിപ്പൊങ്ങി പോകുമ്പോൾ വായനക്കാരന് ആരാണ് രഘുവെന്നും അയാളുടെ ബാല്യ കൗമാരം എന്തായിരുന്നു എന്നും അറിവ് കൂടി നൽകുകയാണ് എഴുത്തുകാരൻ. ഒടുവിൽ നഗരവത്കരണം ഒട്ടും വന്നിട്ടില്ലാത്ത ആ  ഗ്രാമത്തിന്റെ സ്വച്ഛ സുന്ദരമായ അന്തരീക്ഷം ഒരിക്കലും തനിക്ക് നഷ്ടമാകരുത് എന്നൊരു തിരിച്ചറിവിലേക്ക് അയാൾ എത്തുന്നു . പക്ഷെ അവിടെയും അയാൾ  ശ്രമിക്കുന്നത് ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് തന്റെ നഗര സ്വപ്നങ്ങൾ പറിച്ചു നടുവാനാണ് എന്ന കാര്യം.   വിസ്മരിക്കാൻ കഴിയില്ല . നഗരത്തിൽ കെട്ടാൻ അയാൾ കരുതിയ കെട്ടിടം തന്റെ ഗ്രാമത്തിൽ കെട്ടാനും, തന്റെ സ്വാധീനവും കഴിവും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങൾ ആ ഗ്രാമത്തിനു നൽകാനും വികസനം കൊണ്ട് വരാനും കൂടിയാണ് രഘു തീരുമാനിക്കുന്നത് . ഇത് പറിച്ചു നടൽ മാത്രമല്ല ഗ്രാമീണതയുടെ മേൽ നഗരത്തെ  കെട്ടിവെയ്ക്കൽ കൂടിയാകുകയാണ്. തന്റെ നിലവാരത്തിന് അനുസരിച്ചു ഗ്രാമത്തെ  മാറ്റാൻ ചിന്തിക്കുന്നിടത്തു എഴുത്തുകാരൻ പ്രതീക്ഷിച്ച  ഗ്രാമീണതയിലേക്കുള്ള തിരിച്ചു വരവ് എന്ന ആശയം മരിച്ചു പോയി എന്ന് കരുതുന്നു . ആ ഒരു പോരായ്മ നോവൽ വായനയില് അനുഭവപ്പെട്ടു എന്നതിനപ്പുറം ആ പഴയ കാലഘട്ടത്തിന്റെ ചിന്തകളും  സംസ്കാരവും മറ്റും മനസ്സിലാക്കാൻ ഉതകുന്ന ഒരു നോവൽ ആയി ഇതിനെ വിലയിരുത്താൻ കഴിയുന്നു . 

പഴയ നോവലുകളിൽ നിന്നും ലഭിക്കുന്ന പ്രധാന വസ്തുത എഴുത്തുകാരനിൽ അടങ്ങിയിരിക്കുന്ന പുരോഗമന ചിന്തകൾ, സാംസ്കാരിക പുരോഗതി, കാഴ്ച്ചപ്പാടുകൾ എന്നിവ കൂടിയാണ് . കാരണം അവ പിന്നീട് .ചരിത്രമാകുകയാണ്  അടുത്ത തലമുറ അവ വായിക്കുക ആ കാലഘട്ടത്തെ പഠിക്കാൻ ഉള്ള ശ്രമം കൂടിയാണ് . ഇന്നിന്റെ എഴുത്തുകാർ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് ഈ കാലഘട്ടം സംസ്കാരം തുടങ്ങിയവ  അടയാളപ്പെടുത്തുക കൂടിയാണ് ഓരോ രചനകളുടെയും ധർമ്മം എന്നത് . നല്ലൊരു വായന നൽകിയ നോവൽ. വൈകി വായിച്ച നോവലുകളുടെ കൂട്ടത്തിൽ ഇതും എന്നടയാളപ്പെടുത്തുന്നു .

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.