രണ്ട് അറ്റങ്ങൾക്കിടയിൽ ഒരാൾ ചമയ്ക്കുന്ന സമവാക്യങ്ങൾ

പ്രഭാതം – രാത്രി = വെട്ടം

മദ്ധ്യാനം = സന്ധ്യ

എന്ന ഗണന തത്ത്വങ്ങൾ

ഇടയിലേയ്ക്ക്

തെറ്റിക്കയറി വരുന്ന

മെലിഞ്ഞു നീണ്ട പകൽ.

ഒരേ ദൂരങ്ങളിൽ

രണ്ട് അറ്റങ്ങൾ

സമവാക്യങ്ങൾക്കിടയിൽ

ഒറ്റയ്ക്കൊരാൾ.

അയാളിൽ,

എഴുതുംതോറും ചുരുങ്ങി ചുരുങ്ങി

പാതിക്കും പപ്പാതി ആവുന്ന കവിത.

അയാളുടെ മുറിയിലെ റാക്കിൽ,

അടുത്തടുത്തായി

അടുക്കി വെച്ച

തിരസ്ക്കാരങ്ങളുടെ നീണ്ട നിരകൾ

ആദ്യ കവിതാ സമാഹാരം

രണ്ടാമത്തെ കവിതാ സമാഹാരം

എന്നീ സ്വപ്നങ്ങൾ.

ഒരേ ദൂരങ്ങളിൽ

രണ്ട് അറ്റങ്ങൾ

ഒത്ത നടുക്ക് കാട്

അപ്പുറം ഇപ്പുറം

ഒറ്റയ്ക്കൊരാൾ

ബ്രേക്കില്ലാത്ത റാലി സൈക്കളിൽ

തെക്ക് – വടക്ക്

കിഴക്ക് – പടിഞ്ഞാറ്

എന്ന ദിശാസൂചിക

നിർമ്മിക്കുന്നു.

കാട് അനങ്ങാതെ നിൽക്കുന്നു.

ഒരേ ദൂരങ്ങളിൽ

രണ്ട് അറ്റങ്ങൾ

ഒറ്റയ്ക്കാരാൾ

അയാൾ;

രണ്ട് അറ്റങ്ങൾക്കിടയിലെ

സഞ്ചാരിയാവുന്നു.

അയാൾ = ഞാൻ

ഞാൻ = നിങ്ങൾ

എന്ന ഗണന അനുമാനങ്ങളിലൂടെ

ജീവിതം കെട്ടിവലിച്ച് പറന്നു പോകുന്ന

തുമ്പിയാവുന്നു.

കുറിപ്പ്: പ്രിയ  അനുവാചകാ! മേൽ തത്ത്വങ്ങളിൽ ഒന്നിലും വേഗത കണക്കാക്കിയിട്ടില്ല. കാരണം രണ്ട് അറ്റങ്ങൾളുടെ ഗുരുത്വാകർഷണ ബലമാണ് ഇവിടെ വേഗതയും, കേന്ദ്രബിന്ദുവിന്റെ അസ്തിത്വവും നിർണ്ണയിക്കുന്നത്.

കൊച്ചി ഇൻഫോപ്പാർക്കിൽ കോഗ്നൈസന്റ് ടെക്ക്നോളജി സൊലൂഷൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കോട്ടയം കുടമാളൂർ സ്വദേശി.