എൻ്റെ വായന : മാനാഞ്ചിറ (കഥകൾ)

കഥകൾ മനസ്സിനെ കുളിരണിയിക്കുന്ന മാസ്മരത അനുഭവിച്ചറിയാൻ കഴിയുന്നത് ശരിക്കുള്ള കഥകൾ വായിക്കാൻ ലഭിക്കുമ്പോൾ മാത്രമാണ്. തികച്ചും യാദൃശ്ചികമായാണ് മാനാഞ്ചിറ എന്ന കഥ സമാഹാരം ഒരു ബുക്ക് സ്റ്റാളിൽ കാണാനിടയായത്. രേഖ കെ എന്ന എഴുത്തുകാരിയെ അറിയില്ല. കൗതുകത്തോടെയാണ് പുസ്തകം വാങ്ങിയത്. വായിച്ചു കഴിഞ്ഞപ്പോഴാകട്ടെ അത്യധികമായ സന്തോഷം അനുഭവിച്ചു. എഴുത്തിനെ പരാമർശിക്കുമ്പോൾ ലിംഗഭേദം പാടില്ല എന്ന അഭിപ്രായക്കാരനാണ് ഞാനെങ്കിലും ഈ കഥകൾ വായിച്ചപ്പോൾ എടുത്തു പറയേണ്ട ചിലതുണ്ടെന്ന് തോന്നി. കൊണ്ടാടപ്പെടുന്ന ഏതൊരു സമകാലീന കഥാകാരന്മാർക്കും മേലെ പ്രതിഷ്ഠിക്കാൻ തക്കവണ്ണം ക്രാഫ്റ്റും കഴിവുള്ള ഒരു കഥാകാരിയാണ് രേഖ. ആർജ്ജവമുള്ള സ്ത്രീകളുടെ നെഞ്ചുറപ്പും കാഴ്ചപ്പാടും ഈ എഴുത്തുകാരിയുടെ കഥാപാത്രങ്ങൾ കാഴ്ചവയ്ക്കുന്നു. ബലഹീനതയുടെ സ്ത്രീ പാത്രവത്കരണങ്ങൾ രേഖയുടെ നായികമാരിൽ കാണാനാവില്ല തന്നെ. തുറന്നു പറയുന്ന സ്വത്വബോധം ഓരോ കഥാപാത്രങ്ങളെയും വേറിട്ട അനുഭവങ്ങൾ ആക്കുന്നു. പച്ചയായ മാനസികാവിഷ്കാരങ്ങൾ വായനക്കാരെ അമ്പരപ്പിച്ചേക്കാം. എങ്കിലും അത് ഒരു പോർമുഖം തുറക്കലാണ്. വായനയെ വഴി നടത്തുന്ന മാസ്മരികതയാണത്. ഒൻപത് കഥകൾ അടങ്ങിയ ഈ പുസ്തകം ഒറ്റ വായനകൊണ്ട് നിങ്ങളെ തൃപ്തരാക്കും എന്നു കരുതുന്നില്ല. തുടർന്നു വായിക്കാനും തിരികെ നടക്കാനുമീ കഥകൾ ശ്രമിപ്പിക്കും. വെറും വായനയിൽപ്പോലും വായനയെ ഉത്സാഹഭരിതമാക്കുന്ന കാഴ്ചയും കാഴ്ചപ്പാടും കഥാകാരിയെ വ്യത്യസ്ഥയാക്കുന്നു.

‘രുചി’യെന്ന കഥയിൽ തുടങ്ങി വായനയുടെ രുചിയേറുന്ന കാഴ്ച ആരംഭിക്കുന്നു. ഒരു വഴിയോര ലൈംഗിക തൊഴിലാളിയുടെ ഒരു രാത്രി പറയുന്ന ഈ കഥയിലെ പരിസര വിവരണങ്ങൾ മാത്രം മതി കഥാകാരിയുടെ കഴിവ് മനസ്സിലാക്കാൻ. ഏകാന്തതയെക്കുറിച്ച് ഒരു കഥ കൂടി, മാനാഞ്ചിറ, ശുഭ്രം, അവാമി ലീഗ്, ഉറങ്ങാത്തവർ, കുളം, ഗോപകുമാരൻ അമ്പഴങ്ങാക്കരിയും ശുകസ പ്തതിയിലെ കഥകളും, ടാറ്റുവും വായിച്ചു കഴിയുമ്പോൾ സത്യത്തിൽ നല്ല കുറേക്കഥകൾ കുറച്ചു കാലങ്ങൾക്ക് ശേഷം വായിക്കാനായി എന്ന സംതൃപ്തി നല്കി.

കഥാകാരി ഒരു കഥയിൽ പറയുന്നുണ്ട് ” മെയ് മാസമാകുമ്പോൾ മണ്ണിനകത്ത് അതുവരെ ഒളിച്ചിരുന്ന ഒരു ചെടി പെട്ടെന്ന് പുറത്തു ചാടി കുട പോലെ ഒരു പൂവുമായി വിരിഞ്ഞു നില്ക്കുന്നത് കണ്ടിട്ടില്ലേ? അതുപോലാകണം കഥ ഉള്ളിൽ നിന്നും പൊട്ടിപ്പുറപ്പടേണ്ടത്. ” സത്യത്തിൽ ഒരു കുടപ്പൂവല്ല ഒരു വസന്തം തന്നെ കഥാകാരി തീർത്തിരിക്കുന്നു. പുസ്തകത്തിൻ്റെ അടിക്കുറിപ്പ് പറയുന്നത് പോലെ മലയാള ചെറുകഥയുടെ ഏറ്റവും പുതിയ ഭാഷയും സൗന്ദര്യവും അനുഭവിപ്പിക്കുന്ന ഈ കഥകളിൽ ജീവിതത്തിൻ്റെ സങ്കീർണ്ണതകൾ ഇഴപിരിയുന്ന സൂഷ്മതലങ്ങളുടെ ആകാശം തെളിയുന്നു. വായിക്കാനും വായിക്കപ്പെടാനും പ്രേരിപ്പിക്കുന്ന കഥകൾ. കുറേയേറെ പുരസ്കാരങ്ങളും ഒൻപത് കൃതികളും ഈ എഴുത്തുകാരിയുടെ സ്വന്തമെന്ന് പുസ്തകത്തിൽ നിന്നറിയുന്നു. മലയാള മനോരമയുടെ സീനിയർ സബ് എഡിറ്റർ ആയതിനാലാകാം എഴുത്തിലെ അക്ഷരസ്ഫുടതയും മനോഹാരിതയും വായനയെ ആകർഷിപ്പിച്ചത്.

മാനാഞ്ചിറ (കഥകൾ)
രേഖ കെ.
കറൻറ് ബുക്സ്
വില : AED 10.0
0

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.