മണ്ണരിക്കുന്ന പെൺകുട്ടി

മണ്ണരിക്കുന്ന
പെണ്ണിനോട് ചോദിച്ചു
എന്താണിത്?

അവൾ പറഞ്ഞു
ജീവിതം.

തെരുവിൽ നിന്നും
കൊണ്ട് വന്ന്
പുഴയിലലിഞ്ഞ് ഇല്ലാതാവുന്ന
വെറും മണ്ണോ?

ജിപ്സിയായി നടന്ന
ആളൊഴിഞ്ഞ പാതയോരവും
പൊന്നുരുക്കും കനൽച്ചൂളയും
ഇന്നില്ല..

ഒഴുകിയകന്ന
ജലം പോലെ
അവളും ഞാനും…

കയ്യിലൂടൂർന്നു വീണ
മണൽത്തരികൾ പോലെ
കാലമെടുത്തു കളഞ്ഞു
സകലതും…

മനസ്സിന്റെ നെഞ്ചത്ത്
അവളുടെ വാക്കുകൾ
ഒരിക്കൽ കൂടി
ജലതരംഗമായുയർന്നു…

പലർക്കായ് പങ്കുവെച്ച്
തീർന്നു പോയ
നിന്റെ ആയുസ്സിനെ
ഇതുപോലരിച്ചരിച്ച്
ഞാൻ സൂക്ഷിക്കുന്നുണ്ട്,
ഒടുവിലായ് കിട്ടിയ
ഒരു നുള്ളു പൊൻതരി.

കണ്ണൂർ ജില്ലയിലെ കൂത്ത്പറമ്പ് സ്വദേശി. ഹൃദയരേഖയുടെ ശരിപ്പകർപ്പുകൾ എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.